കാലത്തിന്നതീതമായി സഞ്ചരിക്കുന്ന ചില കഥാപാത്രങ്ങളുണ്ട് മലയാളസിനിമയില്‍(വാണിജ്യ സിനിമ). സിനിമകള്‍ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞാലും അതിലെ ചില കഥാപാത്രങ്ങള്‍ കാലത്തിനതീതമായി നിലനില്‍ക്കും. മലയാളസിനിമയുടെ സുവര്‍ണ്ണകാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന 80 കളിലും 90 കളിലുമാണ് ഇത്തരം കഥാപാത്രങ്ങളില്‍ പലതും ജന്മമെടുത്തിട്ടുള്ളത്. ഒരുദാഹരണമായി റാംജിറാവുവിനെ പരിഗണിക്കാം. മലയാളസിനിമയില്‍ അന്നും ഇന്നും വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. പക്ഷേ, റാംജിറാവുവിന് പകരം റാംജിറാവു മാത്രമാണുള്ളത്.
ഒരു പൊടിക്ക് മണ്ടത്തരം കൈമുതലായുള്ള പ്രൊഫഷണല്‍ കിഡ്നാപ്പര്‍. അതുപോലെ മറ്റൊരുദാഹരണമാണ് ജോണ്‍ ഹോനായി. മലയാളസിനിമയില്‍ അന്നും ഇന്നും ഒരൊറ്റ ജോണ്‍ഹോനായി മാത്രമേയുള്ളൂ. പേരെടുത്ത് പറയുകയാണെങ്കില്‍ അങ്ങ് പവനായി മുതല്‍ അഞ്ഞൂറാനും പച്ചാളം ഭാസിയും അത്തരത്തിലുള്ള കഥാപാത്രങ്ങളാണ്.
മേല്‍പ്പറഞ്ഞ കഥാപാത്രങ്ങള്‍ മിനിസ്ക്രീനില്‍ എത്തുമ്പോള്‍ ഇപ്പോഴും ആരാധകര്‍ക്ക് കുറവൊന്നുമില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സംഗതി. അഞ്ഞൂറാനും പവനായിക്കുമൊക്കെ നാം പ്രേക്ഷകര്‍ നല്‍കിയിരിക്കുന്ന മതിപ്പാണ് ഈ സ്വീകാര്യതയ്ക്ക് കാരണം. എന്നാല്‍ കാലത്തിനതീതമായി സഞ്ചരിച്ചിട്ടും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ അല്ലെങ്കില്‍ അര്‍ഹിക്കുന്ന മൈലേജ് ലഭിക്കാതെ പോയ ചില കഥാപാത്രങ്ങളുണ്ട്. മലയാള സിനിമയുടെ നാള്‍വഴികളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ അത്തരത്തില്‍ പല കഥാപാത്രങ്ങളെയും നാം അണ്ടര്‍റേറ്റഡ് ആയിട്ടാണ് കണക്കാക്കിയിരിക്കുന്നത് എന്ന് ബോദ്ധ്യമാകും. എന്നാല്‍ സമൂഹമാധ്യമങ്ങളുടെ ഈ യുഗത്തില്‍ ഇവയില്‍ പലതും മീമുകളുടേയും ട്രോളുകളുടേയും രൂപത്തില്‍ പുനര്‍ജനിക്കുന്നു എന്നതാണ് ആശ്വാസകരമായ സംഗതി.
അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊപ്രാ പ്രഭാകരന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1988 ല്‍ പുറത്തിറങ്ങിയ പട്ടണപ്രവേശത്തില്‍ കരമന ജനാര്‍ദ്ദനന്‍നായര്‍ അവതരിപ്പിച്ച കൊപ്രാ പ്രഭാകരന്‍ ശരിക്കും ഒരു അണ്ടര്‍റേറ്റഡ് കോമിക് വില്ലനാണ് എന്ന് വിലയിരുത്തേണ്ടിവരും. കള്ളക്കടത്ത് നടത്തുന്ന ഗുരുവായൂരപ്പന്‍റെ ഭക്തനായ ഒരു പകല്‍ മാന്യന്‍. അതാണ് കൊപ്രാ പ്രഭാകരന്‍. മലയാളസിനിമയില്‍ അന്നേവരെ കണ്ടിട്ടില്ലാത്ത പ്രഭാകരന് ശരിക്കും സ്വീകാര്യത വരുന്നത് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രഭാകരാ.. എന്ന ട്രോള്‍ സ്റ്റിക്കര്‍(വിഗ് ധരിച്ച തിലകന്‍) പ്രചരിക്കുമ്പോഴാണ്. വന്നുവന്ന് കള്ളക്കടത്തുകാര്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ വയ്യാത്ത സ്റ്റേജ് ആയി എന്ന് പത്രവായനയ്ക്കിടെ ആത്മഗതം പറയുന്ന പ്രഭാകരനെ ഇന്നത്തെ തലമുറ തിരിച്ചറിയുന്നുണ്ടെങ്കില്‍(നിറചിരിയോടെ) അതിന് നാം കടപ്പെട്ടിരിക്കുന്നത് നവമാധ്യമങ്ങളോട് മാത്രമാണ്.
ട്രോളുകളുടെയും വാട്സ് ആപ് സ്റ്റിക്കറുകളുടേയും കടന്നുവരവോടെ പുനരുജ്ജീവിച്ച പല കഥാപാത്രങ്ങളും മലയാള സിനിമയിലുണ്ട്. അതില്‍ എടുത്തുപറയേണ്ട ചിലതാണ് ശങ്കരാടിയുടെ താത്വികമായ അവലോകനം, ജഗതിയുടെ കൈനീട്ടം വൈകിട്ടായാല്‍ കുഴപ്പമുണ്ടോ കുതിരവട്ടം പപ്പുവിന്‍റെ നോ പ്രോബ്ലം.. മുകേഷിന്‍റെ ബട്ട് വൈ... എന്നിവയൊക്കെ. വാസ്തവത്തില്‍ ഇത്തരം സ്റ്റിക്കറുകള്‍ നമ്മുടെ പുതുതലമുറയെ മലയാളസിനിമയുടെ ഗതകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്.
പ്രേക്ഷകശ്രദ്ധ ആവോളം ലഭിച്ചിട്ടും വേണ്ടത്ര റീച്ച് ലഭിക്കാതെ പോയ ചില കഥാപാത്രങ്ങള്‍ മീമുകളിലൂടെയും റോസ്റ്റ് വീഡിയോകളിലൂടെയുമൊക്കെ ഇപ്പോള്‍ തിരിച്ചുവരുന്നുണ്ട്. ഇതില്‍ എടുത്തുപറയേണ്ട ഒരുകഥാപാത്രമാണ് വെള്ളാനകളുടെ നാട്ടിലെ ടാറ് പണിക്കാരന്‍. നടന്‍ ജഗദീഷ് അവിസ്മരണീയമാക്കിയ ടാറ് പണിക്കാരനോളം പോന്ന ഒരു വായ്നോക്കി കഥാപാത്രം മലയാളസിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
നായിക കുളിക്കാന്‍ പോകുമ്പോള്‍ കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കാന്‍ ശ്രമിക്കുന്ന തന്‍റെ പണിക്കാരനെ സി.പി. നായര്‍ (മോഹന്‍ലാല്‍) എന്ന മുതലാളി തല്ലാന്‍ നേരത്ത് ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്- പെണ്ണുങ്ങള് കുളിക്കുന്നിടത്താണോ ഒളിഞ്ഞുനോക്കുന്നത്? അതിന് പണിക്കാരന്‍റെ മറുപടി ഇങ്ങനെ- കുളിക്കുന്നത് ആണാണോ പെണ്ണാണോ എന്നറിയാന്‍ നോക്കിയതാണ്.. ഒരു കാലഘട്ടത്തെ മുഴുവന്‍ കുടുകുടാ ചിരിപ്പിച്ച ഈ രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണെങ്കിലും അവയ്ക്ക് വേണ്ടത്ര റീച്ച് ലഭിക്കാന്‍ സമൂഹമാധ്യമങ്ങളുടെ ഈ യുഗംവരെ കാത്തിരിക്കേണ്ടി വന്നു എന്നുവേണമെങ്കിലും പറയാം.
സാങ്കേതികത്വങ്ങള്‍ മാറിയതോടെ മലയാള സിനിമയുടെ രൂപത്തിലും ഭാവത്തിലും അവതരണത്തിലുമെല്ലാം അടിമുടി മാറ്റം വന്നിരിക്കുകയാണ്. അതുപോലെ തന്നെ മികവുറ്റ സൃഷ്ടികളുടെ കാര്യത്തില്‍ നാം ലേശം പിന്നോട്ടുപോയി എന്നുപറഞ്ഞാലും തെറ്റില്ല. സാങ്കേതികത്വങ്ങളുടെ കടന്നുവരവിന്‍റെ മറുവശമായി വന്നുഭവിച്ച രചനാവൈഭവത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ സാങ്കേതികത്വങ്ങളുടെ മറ്റുതലങ്ങള്‍ തന്നെ ഉപകരിക്കുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.