NEWS

താരങ്ങള്‍ക്ക് ശതകോടികള്‍ നല്‍കാന്‍ മത്സരം

News

തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ കോടമ്പാക്കത്തെയും സോഷ്യല്‍ മീഡിയകളിലെയും സജീവ ചര്‍ച്ചാവിഷയം. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ആരാണ് മുമ്പന്‍ എന്നതാണ് ആരാധകര്‍ക്കിടയിലെ തര്‍ക്കം. അടുത്ത സിനിമയോടുകൂടി ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിജയ് സിനിമാ അഭിനയത്തിന് വിടചൊല്ലി രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 

തമിഴ്നാട്ടിലേതുപോലെതന്നെ കേരളത്തിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. വെങ്കട്പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവുകയാണ്. അതുകഴിഞ്ഞാല്‍ വിജയ് തന്‍റെ അവസാനത്തെ സിനിമയായ വിജയ് 69 ല്‍ പ്രവേശിക്കും. 

ആര്‍.ആര്‍.ആര്‍ എന്ന സിനിമ നിര്‍മ്മിച്ച തെലുങ്ക് നിര്‍മ്മാതാവായ ഡി വി വി തനയ്യായാണ് വിജയ് 69 നിര്‍മ്മിക്കുന്നത.് ഇതിന്‍റെ സംവിധായകന്‍ ആരെന്ന് ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ആരായിരിക്കും സംവിധായകന്‍ എന്ന ഊഹപോഹങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്നുണ്ട്. അതില്‍ എച്ച്. വിനോദിനായിരിക്കും നറുക്ക് വീഴുക എന്നാണ് പറയപ്പെടുന്നത.് ഈ സിനിമയ്ക്കായി വിജയ്ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
 
'ദ ഗോട്ട്' എന്ന സിനിമയ്ക്ക് നികുതിയടക്കം 150-250 കോടികള്‍ ലഭിച്ചതായി രണ്ടുതരം വാര്‍ത്തകള്‍ പ്രചരണത്തിലുണ്ട്. ഈ സന്ദര്‍ഭത്തില്‍ വിജയ്ക്ക് തന്‍റെ അവസാനത്തെ സിനിമയ്ക്ക് വേണ്ടി നികുതിയടക്കം 250 കോടി പ്രതിഫലം ലഭിക്കുമെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനക്കാരന്‍ ഷാറൂഖാനാണ്. അദ്ദേഹത്തെ പിന്തള്ളി ആ സ്ഥാനം കയ്യടക്കാന്‍ പോവുകയാണ് വിജയ്. ഇതുവരെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നവരായി ബോളിവുഡ് താരങ്ങളാണ് കൊടികുത്തിവാണിരുന്നത്. ഈ അവസ്ഥയില്‍ അവരെ പിന്നിലാക്കി ഒരു തമിഴ്നടന്‍ ആദ്യ സ്ഥാനം കരസ്ഥമാക്കാന്‍ പോകുന്നു എന്നത് ഒരു പ്രധാന മാറ്റമായിട്ടാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിതന്നെ കാണുന്നത്. 

വിജയ്ക്ക്തന്നെ ഇത്രയധികം പ്രതിഫലമെങ്കില്‍ പടത്തിന്‍റെ ബഡ്ജറ്റ് എന്തായിരിക്കും?.  മുടക്കു മുതല്‍ തിരിച്ചുപിടിക്കാനാവുമോ? എന്നീ സംശയങ്ങളും സിനിമ വൃത്തങ്ങളിലുണ്ട്. മുടക്കു മുതല്‍ തിരിച്ചെടുക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ തന്നെയാണ് നിര്‍മ്മാതാവ് ഇത്രയും വലിയ തുക പ്രതിഫലമായി നല്‍കാന്‍ മുന്നോട്ടുവന്നത് എന്നാണ് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ പറയുന്നത.് വിജയ് ആരാധകര്‍ക്കു മാത്രമല്ല ഏവര്‍ക്കും വിജയ്യുടെ അവസാനചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ്. അതുകൊണ്ട് തിയേറ്ററില്‍ തീര്‍ച്ചയായും ഉത്സവത്തിരക്കായിരിക്കും എന്ന് മാത്രമല്ല ചിത്രത്തിന്‍റെ സാറ്റ്ലൈറ്റ് അവകാശം, ഒ ടി.ടി അവകാശം എന്നിവയൊക്കെ വലിയ വിലയ്ക്ക് കച്ചവടമാവുമെന്നും അതുകൊണ്ട് വലിയ ലാഭം കിട്ടുമെന്നുമുള്ള വിശ്വാസത്തിലാണത്രേ നിര്‍മ്മാതാവ്. 

വിജയ്യുടെ പ്രതിഫലത്തിലുണ്ടായ ഈ മഹത്തായ വളര്‍ച്ച രജനികാന്തിനെ പ്രകോപിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നു പറഞ്ഞ് രജനി ആരാധകരില്‍ മോഹവും പ്രതീക്ഷയും വളര്‍ത്തി പിന്തിരിയുകയായിരുന്നു. അതുകൊണ്ടുതന്നെ വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചയുടന്‍തന്നെ സോഷ്യല്‍ മീഡിയാകളിലൂടെ രജനി വളരെയധികം വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയനായി. ഇപ്പോള്‍ വിജയ്യുടെ ശമ്പളം എരി തീയില്‍ എണ്ണ എന്ന കണക്കെയായതുകൊണ്ട് തമിഴ് സിനിമയില്‍ താനാണ് രാജാവ് എന്ന് രജനി തെളിയിച്ചു കാണിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. അതുകൊണ്ടുതന്നെ 'തലൈവര്‍ 171 ' സിനിമയ്ക്ക് വിജയ് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം തനിക്ക് വേണമെന്ന് രജനി ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട.് 

വിജയ്യെപ്പോലെ തന്നെ 'തല അജിത്തിന്‍റെ അടുത്ത സിനിമയുടെ പ്രതിഫലത്തെക്കുറിച്ച് വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ലൈകയുടെ 'വിടാമുയര്‍ച്ചി' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന തലയുടെ അടുത്ത സിനിമ മാര്‍ക്ക് ആന്‍റണി ഫെയിം ആദിക്ക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്ന സിനിമയാണ്. 'പുഷ്പ'യുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് സിനിമ ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍. ഈ സിനിമയ്ക്ക് അജിത്തിന്‍റെ പ്രതിഫലം 160 കോടിയാണത്രേ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ നടന്മാരുടെ ടോപ്പ് ലിസ്റ്റില്‍ അജിത്തും സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്‍ഡസ്ട്രി പ്രെഡിക്ഷന്‍. 

ഇങ്ങനെ വിജയ്ക്കും അജിത്തിനുമൊക്കെ ശതകോടികള്‍ പ്രതിഫലമായി വാരിക്കൊടുക്കുന്ന നിര്‍മ്മാതാക്കള്‍ തെലുങ്ക് സിനിമാ രംഗത്തു നിന്നുമുള്ളവരാണെന്നത് ശ്രദ്ധേയം. കാരണം ഇന്നത്തെ തമിഴ് സിനിമയുടെ വാണിജ്യപരമായ അവസ്ഥ വെച്ചുനോക്കുമ്പോള്‍ ഇത്രയും ഭീമമായ പ്രതിഫലം നല്‍കി ബിഗ് ബഡ്ജറ്റില്‍ സിനിമ നിര്‍മ്മിക്കാന്‍ തമിഴിലെ ഒരു നിര്‍മ്മാണ സ്ഥാപനവും സന്നദ്ധരല്ല. ലൈക്ക, സണ്‍ പിക്ച്ചേര്‍സ്, എ ജി എസ് എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് ബിഗ് ബഡ്ജറ്റ് സിനിമകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ എത്ര കോടി ചോദിച്ചാലും നല്‍കാന്‍ തെലുങ്ക് നിര്‍മ്മാതാക്കള്‍ തയ്യാറാണെന്നതിനാല്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുകയാണ് വിജയ് യും അജിത്തുമൊക്കെ.

ദീപസ്തംഭം മഹാശ്ചര്യം 
നമുക്കും കിട്ടണം.....
            


LATEST VIDEOS

Exclusive