NEWS

പുതുമകളുടെ ദാവീദ്

News

 

കോഴിക്കോട് പൂളാടിക്കുന്ന് എന്ന ദേശത്തിന് ഒരു പ്രത്യേകതയുണ്ട്. കേരളത്തിന്‍റെ ബോക്സിംഗ് ഗ്രാമമെന്നാണ് ഈ നാട് അറിയപ്പെടുന്നത്. അവിടുത്തെ സ്ത്രീകളും കുട്ടികളും വരെ ബോക്സിംഗില്‍ പരിശീലനം നേടിയവരാണ്.

പൂളാടിക്കുന്നില്‍ പുത്തലത്ത് രാഘവന്‍ എന്നൊരാളുണ്ടായിരുന്നു. ഇദ്ദേഹം ഇവിടുത്തെ അറിയപ്പെടുന്ന ഒരു ബോക്സിംഗ് കോച്ചായിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ബോക്സിംഗില്‍ താല്‍പ്പര്യമുള്ള കേരളത്തിലെ മലയാളികള്‍ക്കെല്ലാം ഇദ്ദേഹത്തെ അടുത്തറിയാമായിരുന്നു.

പുത്തലത്ത് രാഘവന്‍ എന്നയാള്‍ ഒരു കഥാപാത്രമായി വരുന്ന ഒരു സിനിമ പുറത്തിറങ്ങാന്‍ പോകുന്നു. 'ദാവീദ്'എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ ഗോവിന്ദ് വിഷ്ണുവാണ്.
പൂളാടിക്കുന്നിലെ പുത്തലത്ത് രാഘവന്‍ 'ദാവീദ്' സിനിമയില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രമായി വരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ നിന്നും റൈറ്റ്സ് വാങ്ങിയാണ് ഈ സിനിമ ചെയ്യുന്നതെന്ന് സംവിധായകന്‍ ഗോവിന്ദ് വിഷ്ണു പറഞ്ഞു. ഒരു സെമി ബയോപിക് സിനിമയെന്നും ദാവീദിനെ വിശേഷിപ്പിക്കാം. വിജയരാഘവനാണ് പുത്തലത്ത് രാഘവനായി അഭിനയിക്കുന്നത്.

ബോക്സര്‍ ആഷിഖ് അബുവായി ആന്‍റണി പെപ്പ

ബോക്സിംഗ് പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമയില്‍ ഹീറോയിസത്തിന് വളരെ പ്രാധാന്യമുണ്ട്. ആഷിഖ് അബു എന്നാണ് ഈ സിനിമയിലെ നായകന്‍റെ പേര്. ആന്‍റണി പെപ്പയാണ് ആഷിഖ് അബുവായി അഭിനയിക്കുന്നത്. ആന്‍റണി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വേഷമാണിത്.

നാലുവയസ്സുള്ള ഒരു കുട്ടിക്കും നാല്‍പ്പത് വയസ്സുകാരനും എണ്‍പത് വയസ്സുള്ള ഒരാള്‍ക്കും ഈ കഥയും സിനിമയും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതിന്‍റെ അവതരണം. അത്രയും സിംപിളായ ഈ കഥയും കഥാസന്ദര്‍ഭങ്ങളുമാണ് ഈ സിനിമ.

ആന്‍റണി ചെയ്യുന്ന ആഷിഖ് അബുവും ലിജോമോള്‍ ചെയ്യുന്ന ഷെറിനും ഈ രീതിയില്‍ അനുയോജ്യമായി വരുന്നു. ഇതിലെല്ലാമുപരി പ്രായമുള്ളവരുടെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ വിജയരാഘവന്‍ ചെയ്യുന്ന പുത്തലത്ത് രാഘവനും കറക്ടായിരിക്കും.

ആഷിക്ക് അബുവും ദാവീദും

ആഷിഖ് അബുവിന്‍റെയും ഷെറിന്‍റെയും ദാമ്പത്യജീവിതത്തില്‍ പ്രണയത്തിനും സ്നേഹത്തിനും തുല്യമായ സ്ഥാനമുണ്ട്. ഷെറിന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്. ലോ മിഡില്‍ ക്ലാസ് ഫാമിലിയുടെ അതിജീവനത്തിന്‍റെ കഥയാണ് 'ദാവീദ്.'

ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്കും അറിയാവുന്നവര്‍ക്കും ദാവീദിന്‍റെയും ഗോലിയാത്തിന്‍റെയും കഥ അറിയാം. ദാവീദെന്ന ആട്ടിടയന്‍ അതികായനായ ഗോലിയാത്തിനെ അടിച്ചുവീഴ്ത്തുന്നുണ്ട്. എന്നിട്ട് സിയോണ്‍ രാജാവിന്‍റെ കിരീടം സംരക്ഷിക്കുന്നുണ്ട്. ലോകത്തെ ഏതൊരു അതികായനെയും സാധാരണക്കാരനായ ഒരാള്‍ അടിച്ചുവീഴ്ത്തുമ്പോഴുള്ള സന്ദര്‍ഭങ്ങളെ ദാവീദിന്‍റെയും ഗോലിയാത്തിന്‍റെയും ബൈബിളിലെ കഥയുമായി ഉപമിക്കാറുണ്ട്.

2003 ല്‍ കെനിയ കറുത്ത കുതിരകളായി കളിച്ച് പാകിസ്ഥാനെ വീഴ്ത്തിയപ്പോള്‍ ഒരു പ്രമുഖപത്രം അന്നെഴുതിയത് ദാവീദിയന്‍ ഗ്ലോ എന്നാണ്. എന്നതുപോലെ ഇന്നും ദാവീദ് ്/െ ഗോലിയാത്ത് എന്നുപറയുന്നതില്‍ ഒരു മൂല്യമുണ്ട്. ആ കഥ എങ്ങനെയാണ് റീടെല്‍ ചെയ്യുന്നതെന്നാണ് നമ്മുടെ സിനിമ പറയുന്നത്. സിനിമ തീരുമ്പോഴറിയാം, ദാവീദ് എന്താണെന്നുള്ള യാഥാര്‍ത്ഥ്യം.

ഒരച്ഛന്‍ മകള്‍ ബന്ധത്തിന് പ്രാധാന്യമുള്ള സിനിമ

ഇതൊരു തീയേറ്റര്‍ സിനിമ തന്നെയാണ്. പ്രേക്ഷകര്‍ ഈ സിനിമ തീയേറ്ററില്‍ തന്നെ പോയി കാണണം. അങ്ങനെകണ്ടാല്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒട്ടേറെ ഘടകങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

ഒരച്ഛന്‍ അയാളുടെ മകള്‍ക്കുവേണ്ടി എത്ര ദൂരം പോകും എന്നുള്ള ഒരു ചോദ്യവും ഈ സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സിനിമ നല്‍കുന്ന മറ്റൊരു സ്റ്റേറ്റ്മെന്‍റ് എന്തെന്നാല്‍,  സമൂഹം എങ്ങനെയാണ് വളരെ സാധാരണക്കാരനായ ഒരാള്‍ക്കൊരു പ്രശ്നം വന്നാല്‍ ഒറ്റപ്പെടുത്തുന്നതെന്ന യാഥാര്‍ത്ഥ്യവും.

ആന്‍റണി പെപ്പയുടെ ആഷിഖ് അബുവിന്‍റെ ഹീറോയിസം ഈ ചിത്രം നല്‍കുന്ന മറ്റൊരു പുതുമയായിരിക്കും. ആഷിക് അബു എന്ന കഥാപാത്രം എങ്ങനെ ദാവീദ് ആകുന്നു, എങ്ങനെ ഗോലിയാത്ത് ആകുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്‍റെ പ്രധാന ഇതിവൃത്തം.

ഈജിപ്തില്‍നിന്നും പുതുമുഖ വില്ലനും

സൈജുക്കുറുപ്പ്, അജുവര്‍ഗ്ഗീസ്, മോ ഇസ്മയില്‍, കിച്ചുടെല്ലസ്, കരുണ തുടങ്ങി ഒരു താരനിര ഈ ചിത്രത്തിലുണ്ട്. ഇവരില്‍ മോ ഇസ്മയില്‍ മലയാളസിനിമയ്ക്ക് പുതിയതായിരിക്കും. ഈജിപ്ത് എന്ന രാജ്യത്ത് നിന്നുമാണ് മോ ഇസ്മയിലിന്‍റെ വരവ്. ഈജിപ്ഷ്യന്‍ സിനിമയിലെ ഒരു ആക്ടറായ മോ ഇസ്മയിലിനെ കാസ്റ്റിംഗ് ഏജന്‍സി വഴിയാണ് കണ്ടെടുത്തതെന്ന് സംവിധായകന്‍ ഗോവിന്ദ് വിഷ്ണു പറഞ്ഞു.

അണിയറയിലൂടെ...

തിരക്കഥ, സംഭാഷണം- ദീപുരാജീവന്‍, ഗോവിന്ദ് വിഷ്ണു. ക്യാമറ സാലു കെ. തോമസ്, എഡിറ്റിംഗ് രാകേഷ് ചെറുമഠം, സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി. വേലായുധന്‍, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, ആക്ഷന്‍ ഡയറക്ടര്‍ പി.സി. സ്റ്റണ്ട്സ്, സൗണ്ട് ഡിസൈനര്‍ രഘുനാഥ് രവി, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്ജ്.

ലൈന്‍ പ്രൊഡ്യൂസര്‍ ഹെബി സ്റ്റാലിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്ബ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുജിന്‍ സുജാതന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് വൈശാഖ് ശോഭനാകൃഷ്ണന്‍, സുധീഷ് കെ.ഡി, സനീത് ബീനാ രാധാകൃഷ്ണന്‍. അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് നിഥിന്‍ എന്‍, സാന്‍റിയാഗോ, ശ്രീരാജ് കുഞ്ഞുമോന്‍, അമല്‍നാഥ്. കാസ്റ്റിംഗ് ഡയറക്ടര്‍ വൈശാഖ് ശോഭനാകൃഷ്ണന്‍.

കോസ്റ്റ്യൂംസ് മെര്‍ലിന്‍ ലിസബത്ത്, പ്രദീപ് കടകശ്ശേരി, വി.എഫ്.എക്സ് കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ്, ഡി.ഐ. രമേഷ് സി.പി, പബ്ലിസിറ്റി ഡിസൈന്‍സ് ടെന്‍ പോയിന്‍റ്. മാര്‍ക്കറ്റിംഗ് അക്ഷയ്പ്രകാശ്, അഖില്‍ വിഷ്ണു. പ്രൊഡ്യൂസേഴ്സ് സെഞ്ച്വറി മാക്സ്ജോണ്‍ ആന്‍റ് മേരി പ്രൊഡക്ഷന്‍സ്, എല്‍.എല്‍.പി, പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ്.

ജി. കൃഷ്ണന്‍


LATEST VIDEOS

Interviews