മലയാള സിനിമയയുടെ മുൻകാല ചരിത്രമെടുത്താൽ ഏതെല്ലാം നാടുകളിൽ നിന്നുമാണ് അഭിനേതാക്കൾ മലയാള സിനിമയിലെത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുളള പ്രശസ്തരായ പല നടന്മാരും മലയാളത്തിലെത്തിയിട്ടുണ്ടെന്നുളളത് സാധാരണമാണെങ്കിൽ വിദേശരാജ്യങ്ങളിൽ നിന്നുപോലും എത്രയെത്ര നടന്മാർ മലയാളസിനിമയിൽ വന്ന് അഭിനയിച്ചിരിക്കുന്നു.
ചില സിനിമകൾക്കും, ചില സിനിമയുടെ കഥയ്ക്കും അത് വളരെ അത്യന്താപേക്ഷിതമായി വരുന്നതുകൊണ്ടുതന്നെയാണ് സംവിധായകർ അതിനു മുതിരുന്നത്. പുതിയ ഒരാൾ പുതിയ അപ്പിയേറൻസിൽ വരുമ്പോൾ സിനിമയുടെ കഥയ്ക്കു പുതിയൊരു ജീവൻ പകർന്നു നൽകും.
ഗോവിന്ദ് വിഷ്ണു ആദ്യമായി സംവിധാനം ചെയ്യുന്ന ദാവീദ് എന്ന സിനിമയിൽ ഒരു വില്ലൻ കഥാപാത്രമുണ്ട്. ഇന്ത്യൻ ഭാഷകളിലുളള പ്രമുഖരെയെല്ലാം പരിഗണിച്ചുവെങ്കിലും സംവിധായകന് തൃപ്തിയായില്ല. വിദേശരാജ്യങ്ങളിലുളള ഏതെങ്കിലും നടന്മാരെ പരീക്ഷിക്കാൻ ആലോചിച്ചത് അങ്ങിനെയാണ്.
പ്രശസ്ത സംവിധായകൻ പി. പത്മരാജൻ അദ്ദേഹത്തിന്റെ 'സീസൺ' എന്ന സിനിമയിൽ അവതരിപ്പിച്ച ഒരു വില്ലൻ നടനുണ്ട്. സംവിധായകൻ ഗോവിന്ദിന്റെ മനസ്സിൽ ആ നടനെപ്പോലെ ഒരു രൂപമാണ് തെളിഞ്ഞുവന്നത്. ഇക്കാര്യം സംവിധായകൻ നിർമ്മാതാക്കളായ സെഞ്ച്വറി കൊച്ചുമോനോടും ഷിബുബേബിജോണിനോടും അദ്ദേഹത്തിന്റെ മകൻ അച്ചുബേബിനോടും പറഞ്ഞപ്പോൾ അവരും ആ കഥാപാത്രമാകാൻ പുതിയൊരു വില്ലൻ നടനെ കണ്ടെത്തുന്നത് നന്നായിരിക്കുമെന്ന് മനസ്സിലാക്കി.
ഒടുവിൽ കാസ്റ്റിംഗ് ഏജൻസി വഴി ആ പുതിയ വില്ലൻ നടനെ കണ്ടെത്തി. ഈജിപ്തിലുള്ള മോ ഇസ്മയിലായിരുന്നു അത്. ഇദ്ദേഹം ഈജിപ്ഷ്യൻ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ്.
പ്രൊഡക്ഷൻ സൈഡിൽ നിന്നും കണ്ടെത്തിതന്ന നടനാണ് മോ ഇസ്മയിൽ. സ്റ്റിൽസും വീഡിയോസും കണ്ടപ്പോൾതന്നെ 'ദാവീദി'ലെ വില്ലനാകാൻ അനുയോജ്യനാകാൻ മോ ഇസ്മയിലിന് കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നുവെന്ന് സംവിധായകൻ ഗോവിന്ദ് വിഷ്ണു പറഞ്ഞു. വളരെ ടാലന്റഡായ മോ ദാവീദിൽ നന്നായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ദാവീദിനുശേഷം വരുന്ന മലയാള സിനിമകളിലും അഭിനയിക്കാനുള്ള സാദ്ധ്യതകൾ വളരെയുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14 ന് റിലീസാകുന്ന 'ദാവീദ്' സ്‌പോർട്‌സിനും ആക്ഷനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു സിനിമയാണ്. ലോ-മിഡിൽ ക്ലാസ്സിൽപെട്ട ആളുകളുടെ അതിജീവനത്തിന്റെ കഥയാണ് 'ദാവീദി'ലൂടെ പറയുവാൻ ശ്രമിച്ചിരിക്കുന്നത്. ഒരു ബൗൺസർ എങ്ങനെ ബോക്‌സർ ആകുന്നു എന്നതാണ് ദാവീദിന്റെ പ്രമേയം.
ആന്റണി പെപ്പയാണ് ഹീറോ. മലയാളത്തിലെ പ്രമുഖ അഭിനേതാക്കൾക്കൊപ്പം ഇംഗ്ലീഷ് ആക്‌ടേഴ്‌സും റിയൽ മാർഷൽ ആർട്ടിസ്റ്റുകളും അഭിനയിക്കുന്നുണ്ടെന്നത് ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.