NEWS

ഇന്നസെന്റിനെക്കുറിച്ച് നിർമ്മാണപങ്കാളിയും കൂടിയായ ഡേവിഡ് കാച്ചപ്പിള്ളി ഓർമ്മിക്കുന്നു

News

നിർമ്മാതാവ് ശോഭനാപരമേശ്വരൻ നായർ സംവിധായകൻ രാമുകാര്യാട്ട് എന്നിവർ ചേർന്നുള്ള പുതിയ പ്രോജക്ടിന്റെ പ്രൊഡക്ഷൻ ജോലികൾ ഞാൻ നോക്കുന്ന കാലം. ഞങ്ങളെല്ലാം അന്ന് മദ്രാസിലുണ്ട്.സംവിധായകൻ എ.ബി. രാജ് നൃത്തശാല എന്നൊരു സിനിമ പ്ലാൻ ചെയ്തുവരികയായിരുന്നു. ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ മോഹൻ ആയിരുന്നു. ഇരിങ്ങാലക്കുടക്കാരനായ മോഹൻ സുഹൃത്തായ ഇന്നസെന്റിനെ ആ സിനിമയിൽ അഭിനയിപ്പിക്കാൻ മദ്രാസിലേക്ക് വിളിപ്പിച്ചിരുന്നു. വടപളനിയിലുള്ള ഉമാലോഡ്ജിലാണ് അന്ന് പല സിനിമാക്കാരും താമസിക്കുന്നത്. ഞാൻ മോഹനെ കാണാൻ ഉമാ ലോഡ്ജിൽ ചെല്ലുമ്പോൾ മോഹന്റെ റൂമിൽ ഇന്നസെന്റുണ്ട്. അന്ന് ആദ്യമായി ഞങ്ങൾ പരിചയപ്പെടുന്നത് അവിടെ വച്ചാണ്.

 

ഞാൻ തൃശൂരും ഇന്നസെന്റ് ഇരിങ്ങാലക്കുടക്കാരനുമായതുകൊണ്ട് ഞങ്ങൾ ഒരേ ജില്ലക്കാരെന്ന നിലയിൽ അന്നുമുതലേ ഞങ്ങൾ ഒരു പ്രത്യേക അടുപ്പം വച്ചുപുലർത്തിയിരുന്നു. സാമ്പത്തികമായിട്ടൊക്കെ അന്ന് എല്ലാവരും തന്നെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. സത്യം പറഞ്ഞാൽ നല്ല ഭക്ഷണം കഴിക്കാൻപോലും ഇന്നസെന്റ് അന്ന് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഞാൻ അത് മനസ്സിലാക്കിയിട്ട് ഞങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് വരാൻ ഇടയ്‌ക്കെല്ലാം ഇന്നസെന്റിനോട് പറയും. ഇന്നസെന്റ് വരും. ഞങ്ങളെല്ലാവരും കൂടി പിന്നെ, ഭക്ഷണം കഴിച്ച് പിരിയും. ഇങ്ങനെയെല്ലാം ദിവസങ്ങൾ കഴിയുംതോറും ഞാനും ഇന്നസെന്റും കിട്ടി നല്ല സൗഹൃദത്തിലായി.'നൃത്തശാല'യിൽ ഒരു പത്രക്കാരന്റെ വേഷത്തിൽ ഇന്നസെന്റ് അഭിനയിക്കുകയും ചെയ്തു. ഞങ്ങളന്ന് 'നെല്ല്' എന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു. തിരുനെല്ലിയിൽ നെല്ലിന്റെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ സിനിമാക്കമ്പം കേറി ഇന്നസെന്റും ഞങ്ങൾക്കൊപ്പം വന്നു. നല്ലൊരു വേഷം കിട്ടും എന്ന പ്രതീക്ഷയിലാണ് ഇന്നസെന്റ് വന്നതെങ്കിലും രാമുകാര്യാട്ട് അന്ന് ഇന്നസെന്റിന് ചെറിയ ഒരു വേഷമാണ കൊടുത്തത്. ഒരു ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഒരു സീനിൽ മാത്രം അഭിനയിച്ചു. പിന്നീട് ഇന്നസെന്റ് മദ്രാസിൽ നിന്നുകൊണ്ട് സിനിമയിൽ നല്ല വേഷങ്ങളിൽ അഭിനയിക്കാം എന്ന് പ്രതീക്ഷിച്ചുവെങ്കിലും കാര്യമായ റോളുകളൊന്നും കിട്ടിയില്ല. നാട്ടുകാരനും സുഹൃത്തുമായ മോഹൻ നടൻ മധുവിന്റെ അസോസിയേറ്റ് ഡയറക്ടറായി പോയതോടെ ഇന്നസെന്റിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.

 

മൈസൂരിനടുത്ത് ഒരു തീപ്പെട്ടിക്കമ്പനി നടത്തുകയും അതുപൊളിഞ്ഞുപോയ സാഹചര്യത്തിലാണ് മോഹൻ മദ്രാസിലേക്ക് വിളിപ്പിച്ചത്. ഇരിങ്ങാലക്കുടയിലേയ്ക്ക് തിരിച്ചുപൊയ്‌ക്കൊള്ളാനും കുറച്ചുകഴിഞ്ഞ് ഇനി സിനിമ നോക്കാമെന്ന് മോഹൻ പറഞ്ഞതനുസരിച്ച് ഇന്നസെന്റ് നാട്ടിലേക്ക് മടങ്ങിപ്പോയി.കുറച്ചുനാൾ കൂടി കഴിഞ്ഞപ്പോൾ മോഹൻ സ്വന്തമായി ഒരു സിനിമ ചെയ്യുന്നതിന്റെ ഒരുക്കങ്ങളായി. ഞങ്ങൾ പ്ലാൻ ചെയ്ത ആ സിനിമയായിരുന്നു 'രണ്ട് പെൺകുട്ടികൾ.' ആ സിനിമയിലും ഇന്നസെന്റ് ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചു. അത് പെൺകുട്ടികൾ ശ്രദ്ധിക്കപ്പെട്ട സിനിമയായി മാറിയതോടെ മോഹന് തുടരെത്തുടരെ സിനിമകൾ വന്നുതുടങ്ങി. സൂര്യദാഹം, വാടകവീട്, ശാലിനി എന്റെ കൂട്ടുകാരി... ഇങ്ങനെ കുറെ സിനിമകൾ മോഹൻ ഡയറക്ട് ചെയ്യുകയും അതിലെല്ലാം ഇന്നസെന്റിന് നല്ല വേഷങ്ങൾ ലഭിക്കുകയും ചെയ്തു. സിനിമയിൽ അൽപ്പം തിരക്കായി തുടങ്ങിയപ്പോൾ ഇന്നസെന്റ് വീണ്ടും മദ്രാസിലേക്ക് വന്നു. ആ സമയത്ത് ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഒരു ദിവസം ഞാനാണ് പറയുന്നത് നമുക്ക് ഒരുമിച്ച് ഒരു സിനിമ നിർമ്മിക്കാമെന്ന്. പക്ഷേ, ഇന്നസെന്റിന്റെ കൈവശം അതിനുള്ള പണമില്ല. നാട്ടിൽപോയി മൂന്നുനാല് പരിചയക്കാരെ കണ്ട് പണം സംഘടിപ്പിച്ചുകൊണ്ട് ഇന്നസെന്റ് വന്നപ്പോൾ ജോൺപോൾ പറഞ്ഞ ഒരു കഥയുടെ ത്രെഡ് കേട്ടു. അത് ഞങ്ങൾക്കിഷ്ടമായി. ആ സിനിമയായിരുന്നു വിട പറയും മുമ്പെ.
ബാനർ ശത്രു ഫിലിംസ് മോഹൻ ചെയ്ത ശാലിനി എന്റെ കൂട്ടുകാരിയുടെ ബാനറിന്റെ പേര് മിത്ര ഫിലിംസ് എന്നായിരുന്നു. ആ സിനിമ പൂർത്തിയായി കഴിഞ്ഞപ്പോൾ മോഹനും മിത്രാഫിലിസും തമ്മിൽ വഴക്കായി. ഞങ്ങൾ പുതിയ സിനിമ പ്ലാൻ ചെയ്തപ്പോൾ മിത്രം എന്നതിന് എതിരേ മോഹൻ ആലോചിച്ചപേരായിരുന്നു ശത്രു ഫിലിംസ്.

ഞങ്ങളുടെ ആദ്യചിത്രം ഹിറ്റായതോടെ വീണ്ടും സിനിമ നിർമ്മിക്കാനുള്ള തീരുമാനങ്ങളായി. ഇളക്കങ്ങൾ, ഓർമ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഇടവേള.. ഇങ്ങനെ സിനിമകൾ ഓരോന്നായി നിർമ്മിച്ചു. ഈ സിനിമകളിലെല്ലാം വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച ഇന്നസെന്റ് അഭിനയരംഗത്ത് ഏറെ തിരക്കുള്ള നടനായി മാറുകയും ചെയ്തു.ഞാൻ പിന്നീട് തനിയെയാണ് സിനിമ നിർമ്മിക്കാൻ തുടങ്ങി. ഇഷ്ടം, നമ്മൾ, ലോ പോയിന്റ്... എന്നിങ്ങനെ ഞാൻ നിർമ്മിച്ച പല സിനിമകളിലും ഇന്നസെന്റ് അഭിനയിച്ചു.ജോഷി സാറിനെ വ്ച് പൊരിഞ്ചുമറിയം ജോസ് എന്ന സിനിമ പ്ലാൻ ചെയ്തപ്പോഴും ഇന്നസെന്റിന് റോളുണ്ടായിരുന്നു. ഒരു ദിവസം ഇന്നസെന്റ് വന്ന് അഭിനയിക്കുകയും ചെയ്തു. എന്നാൽ, അടുത്തദിവസം ഇലക്ഷൻ ഡിക്ലയർ ചെയ്തതോടെ ഇന്നസെന്റ് മത്സരിക്കാൻ പോയി. ആ വേഷമാണ് പിന്നീട് വിജയരാഘവൻ ചെയ്തത്. സിനിമ സൂപ്പർ ഹിറ്റായപ്പോൾ എന്നോട് പറഞ്ഞിരുന്നു, 'നിന്റെ പൊറിഞ്ചുമറിയത്തിൽ അഭിനയിക്കാനും പറ്റിയില്ല, ഇലക്ഷന് തോറ്റുപോയി.'

എന്റെ ഏറ്റവും പുതിയ സിനിമയായ പാപ്പനിൽ അഭിനയിക്കാനും വിളിച്ചു. അപ്പോൾ പക്ഷേ, രോഗാവസ്ഥയില ഹോസ്പിറ്റലിലും ഒക്കെയായി മരുന്നും ചികിത്സയുമായി നിന്ന ഇന്നസെന്റിന് ആ സിനിമയിലും അഭിനയിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ സിനിമാക്കമ്പനിയുടെ ബാനറിന്റെ പേര് 'ശത്രു' എന്നായിരുന്നുവെങ്കിലും ഞങ്ങളെന്നും മിത്രങ്ങളായിരുന്നു. നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി ഇന്നസെന്റുമായിട്ടുള്ള ഓർമ്മകൾ 'നാന'യുമായി പങ്കുവച്ചു.

 

ജി. കൃഷ്ണൻ


LATEST VIDEOS

Top News