NEWS

അവാർഡ് ലോട്ടറിയാണ്

News

പല്ലൊട്ടി 90 കിഡ്ഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള (ആൺ) സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ ഡാവിൻചിയുടെ വിശേഷങ്ങൾ.

പല്ലൊട്ടി മൂവിയ്ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിലെ എന്റെ പ്രകടനത്തിന് അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. എത്രയോ സിനിമകളുമായുംകഥാപാത്രങ്ങളുമായോക്കെ മത്സരിച്ച് അതിൽ നിന്ന് എന്നെ തിരഞ്ഞെടുത്തു എന്ന് പറയുന്നത് തന്നെ സന്തോഷം നൽകുന്ന ഒന്നാണ്. അതിലുപരി ഒരുപാടുപേർ പ്രശംസകൾ അറിയിക്കുന്നു ഒപ്പം ഇത് ഇനിയുളള അഭിനയജീവിതത്തിൽ പ്രചോദനവുമാണ്. മികച്ച ബാലതാരത്തിനുളള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഡാവിൻചി തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

പല്ലൊട്ടിയിലെ കണ്ണൻ ചേട്ടൻ

എന്നെ എല്ലാവരും തിരിച്ചറിഞ്ഞ കഥാപാത്രമാണ് കണ്ണൻ ചേട്ടൻ. പല്ലൊട്ടി ഫീച്ചർ മൂവിയാവുന്നതിനേക്കാൾ മുൻപ് ഷോർട്ട് ഫിലിമായി എത്തി ഒരുപാട് ശ്രദ്ധ നേടിയിരുന്നു. അതിലെ കണ്ണൻചേട്ടനാണ് എന്റെ മികച്ച പെർഫോമൻസെന്ന് എല്ലാവരും പറയാറുണ്ട്. അതുപോലെ എന്റെയും ഇഷ്ടകഥാപാത്രം കണ്ണൻ ചേട്ടൻ തന്നെയാണ്. ഇപ്പോളിതാ കണ്ണൻചേട്ടനെ തേടി അവാർഡും എത്തി. ഇതിലും വലിയ സന്തോഷം മറ്റെന്തുണ്ട്. ഇതൊരു ഇരട്ടി മധുരമാണ്. ലിജോ ജോസ് പെല്ലിശ്ശേരി സാർ ആദ്യമായി അവതരിപ്പിച്ച ചിത്രം തൊണ്ണൂറുകളിലെ ഓരോരുത്തർക്കും നോസ്റ്റാൾജിയ പരത്തുന്ന ഒരു ചിത്രം കൂടിയാണ് പല്ലൊട്ടി. എനിക്കൊപ്പം അച്ഛന്റെ സുഹൃത്തിന്റെ മകനാണ് അഭിനയിച്ചത്. ഉണ്ണിക്കുട്ടൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. കണ്ണൻ ചേട്ടനും ഉണ്ണിക്കുട്ടനും തമ്മിലുളള ബോണ്ട് ചിത്രത്തിൽ പറയുന്നുണ്ട്  നവാഗതനായ സംവിധായകൻ ജിതിൻ ചേട്ടനാണ് (ജിതിൻ രാജ്) ചിത്രം സംവിധാനം ചെയ്തത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുക എന്നത് എന്നെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമാണ്. അതുകൊണ്ട ്തന്നെ കണ്ണൻ ചേട്ടൻ എന്ന കഥാപാത്രം വളരെ ആസ്വാദിച്ചു ചെയ്തു തീർത്ത കഥാപാത്രമാണ്. ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിന്നശേഷം അദ്യം കിട്ടുന്ന അവാർഡും പല്ലൊട്ടി ഷോർട്ട് ഫിലിമിന് വേണ്ടിയാണ്. സിനിമ ചെയ്തു തുടങ്ങി ആദ്യം കിട്ടുന്ന അവാർഡും പല്ലോട്ടിയ്ക്ക് വേണ്ടിയാണെന്നതാണ് സന്തോഷം. കഴിഞ്ഞ വർഷം കുട്ടികളുടെ ബെസ്റ്റ് ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട കാടകലം എന്ന ഷോർട് ഫിലിം തിരഞ്ഞെടുക്കുമ്പോൾ അതിലെ തന്റെ പെർഫോമൻസിന് അവാർഡ് സാധ്യതയുണ്ടെന്ന് എല്ലാവരും പറഞ്ഞു. ഞങ്ങളും പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് ബെസ്റ്റ് മൂവിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ പല്ലൊട്ടിയ്ക്ക് അവാർഡ് പ്രതീക്ഷിച്ചു. പക്ഷേ അതിലെ പെർഫോമെൻസിന് എനിക്ക് കിട്ടിയ അംഗീകാരം ഇരട്ടി മധുരമാണ്. ധൈര്യമായി കണ്ണൻ ചേട്ടൻ എന്ന കഥാപാത്രം എന്നിൽ ഏൽപ്പിച്ച ജിതിൻ ചേട്ടനോട് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര കടപ്പാടുണ്ട്.

ചങ്ങാതിമാരുടെ സമ്മാനം

അവാർഡ് കിട്ടിയതിനുശേഷം എന്റെ നാട്ടിലെ സുഹൃത്തുക്കാളായ പാച്ചു(വനനീദ്), കുഞ്ഞാറ്റ( അനന്ത പത്മനാഭൻ), അപ്പു (അനന്ദകൃഷ്ണൻ), ജഗൻ ഇവരെല്ലാം ചേർന്ന് ടീഷർട്ട് വാങ്ങി തന്നു. അതെനിക്ക് വളരെയധികം സന്തോഷമായി. എല്ലാവരും കൂലിപ്പണിക്കാരുടെ മക്കളാണ്. അവർ പൈസയെല്ലാം ഷയർ ചെയ്ത് വാങ്ങിതന്ന ആ സമ്മാനം എനിക്ക് കിട്ടിയ ഏതൊരു അവാർഡിനേക്കാൾ വലുതാണ്.

നാട്ടിലും സ്‌ക്കൂളിലും താരം

നാട്ടിലും സ്‌ക്കൂളിലുമെല്ലാം എനിക്ക് കിട്ടിയ അവാർഡിന്റെ സന്തോഷത്തിലാണ്. ഒരുപാട് സ്വീകരണങ്ങൾ കിട്ടി. സ്‌ക്കൂളിലെ കൂട്ടുകാരും അധ്യാപകരുമെല്ലാം ചേർന്ന് സ്വീകരണം തന്നപ്പോൾ സന്തോഷം തോന്നി. പൊതുവെ സ്‌ക്കൂളിലെ കലാപരമായ പരിപാടികളിൽ മുന്നിൽ നിൽക്കുന്ന ആളാതയുകൊണ്ട് സിനിമയിൽ എത്തിയപ്പോൾ അവരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. സിനിമകൾക്കുവേണ്ടി ക്ലാസുകൾ പോവുമ്പോൾ അതെല്ലാം കവർ ചെയ്യാൻ സുഹൃത്തുക്കളും അധ്യാപകരും സഹായിക്കാറുണ്ട്. ഇപ്പോൾ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. പഠനവും ഒപ്പം അഭിനയവുമായി മുന്നോട്ട് പോകാനാണ് താൽപ്പര്യം.

പുതിയ പ്രോജക്ടുകൾ

ജയസൂര്യ സാർ നായകനായി അഭിനയിക്കുന്ന കത്തനാർ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. എന്റെ ഭാഗം ഷൂട്ട് കഴിഞ്ഞു. അതിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഇന്ദ്രൻസ് സാറിന്റെ ആളൊരുക്കം എന്ന ചിത്രം സംവിധാനം ചെയ്ത വി.സി അഭിലാഷ് സാറിന്റെ പുതിയ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

അഭിനയത്തുടക്കം

അച്ഛനും പാപ്പനുമെല്ലാം നാടകങ്ങളെല്ലാം ചെയ്യാറുണ്ട്. വെളളങ്കലൂർ ഗ്രാമപഞ്ചായത്തിലെ പാലാപ്പുറകുന്ന് എന്ന സ്ഥലത്താണ് ഞങ്ങൾ. ഞാൻ മൂന്നാം വയസ്സിൽ അവിടുത്തെ അംഗനവാടിയിൽ നിന്ന് ആദ്യമായി മത്സരിക്കാൻ പോകുന്ന പ്രച്ഛനവേഷം കാണാൻ എന്റെ കുടുംബവും ഒപ്പം അധ്യാപകരും ഫ്രണ്ട്‌സുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ അന്ന് ആദ്യമായിട്ടാണ് അത്രയും വലിയ ഓഡിയൻസിന്റെ മുന്നിൽ വച്ച് പരിപാടി അവതരിപ്പിക്കുന്നത്. അന്ന് അത്രയും ഓഡിയൻസിനെ ഒരുമിച്ച് കണ്ടപ്പോൾ വിറച്ച് എനിക്ക് പെർഫോം ചെയ്യാൻ കഴിഞ്ഞില്ല. അന്ന് അവിടെ നിന്ന് തോറ്റിറങ്ങി വരികയായിരുന്നു. ആ തോൽവിയിൽ നിന്നാണ് എന്റെ തുടക്കം. ഇന്ന് സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരം അവാർഡ് നേടി നിൽക്കുന്ന വേളയിൽ ഏറേ അഭിമാനം തോന്നുന്നു. ആദ്യമായി പാപ്പന്റെ നാടകത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. അപ്പോഴാണ് അഭിനയം എനിക്ക് സന്തോഷം നൽകുന്നതെന്ന് തിരിച്ചറിയുന്നത്. പിന്നീട് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. പല്ലൊട്ടി ഷോർട്ട് ഫിലിമിൽ അഭിനയിച്ചത് ഒരുപാട് പേരിലേക്ക് എത്തിച്ചു. സണ്ണി വെയ്ൻ നായകനായി എത്തിയ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് നല്ല അവസരങ്ങൾ ലഭിച്ചു. അമൽ നീരദ് സാർ സംവിധാനം ചെയ്ത മമ്മൂക്ക നായകനായി എത്തിയ ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തു. അത്രയും വലിയ ക്രൂവിനൊപ്പം നല്ലൊരു അനുഭവമായിരുന്നു.  മമ്മൂക്ക അടുത്തു വിളിച്ച് എന്നോട് പേരും വിശേഷങ്ങളുമെല്ലാം ചോദിച്ചു. ചെറുപ്പം മുതൽ സ്‌ക്രീനിൽ കാണുന്ന മമ്മൂക്ക അഭിനയിച്ച സിനിമയിൽ അഭിനയിക്കാൻ സാധിച്ചുവെന്നത് തന്നെ സന്തോഷം നൽകുന്ന കാര്യമാണ്. ഒരിക്കൽ പോലും അഭിനയിക്കാൻ പോകുമ്പോൾ ടെൻഷൻ തോന്നാറില്ല. അഭിനയിക്കുക എന്നത് അടിപൊളി പ്രോസ്സസാണ്.  അതുകൊണ്ട് തന്നെ അഭിനയം എൻജോയ് ചെയ്ത് ചെയ്യുന്ന കാര്യമാണ്. ഞാൻ നാടകക്കാരുടെ കുടുംബത്തിൽ നിന്നും വരുന്ന ഒരാളാണ്. എനിക്ക് കിട്ടിയ അംഗീകാരം കേരളത്തിലെ ഓരോ നാടകക്കാരനും കിട്ടിയ അംഗീകാരം പോലെയാണ്.

                   ബിന്ദു പി.പി. 


LATEST VIDEOS

Interviews