വിന്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജയന്‍ ചേര്‍ത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കിറ്റ്ക്യാറ്റില്‍ ഉര്‍വ്വശിക്കൊപ്പം ശ്രീസംഖ്യ അരങ്ങേറ്റം കുറിക്കുന്നു. ഒരു സ്ക്കൂളിന്‍റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ പറയുന്നത്.
ശ്രീസംഖ്യ നടി കല്‍പ്പനയുടെ മകളാണ്. പോസ്റ്റ് വുമണായിട്ടാണ് ശ്രീസംഖ്യ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പേര് സ്മൃതി. ഒരു പോസ്റ്റ് വുമണ്‍ ആയതുകൊണ്ടുതന്നെ ഈ പെണ്‍കുട്ടി സിനിമയിലെ മിക്കവാറും എല്ലാ കഥാപാത്രങ്ങളുമായും ഇഴുകിച്ചേര്‍ന്നു വരുന്നുണ്ടെന്ന് ശ്രീസംഖ്യ പറഞ്ഞു. സ്മൃതി വളരെ ഫ്രണ്ട്ലിയാണ്. അന്നാട്ടിലെ എല്ലാ കാര്യങ്ങളിലും സ്മൃതി ഇടപെടുന്നുണ്ട്.
പോസ്റ്റ് വുമണായി അഭിനയിക്കുന്ന അനുഭവങ്ങള്‍ പറയാമോയെന്ന് ചോദിച്ചപ്പോള്‍ ശ്രീസംഖ്യ പറഞ്ഞു. പോസ്റ്റ് വുമണിനെ ഞാനങ്ങനെ കണ്ടിട്ടില്ല. പോസ്റ്റുമാനെയാണ് എപ്പോഴും കാണാറുള്ളത്. അതുകൊണ്ടുതന്നെ ഈ സിനിമയില്‍ അഭിനയിക്കാനായി എത്തുമ്പോള്‍ ഈ കഥാപാത്രത്തിനുവേണ്ടി എന്തെങ്കിലും പ്രിപ്പറേഷന്‍ വേണമോ എന്നെല്ലാം ആലോചിച്ചിരുന്നു. എന്നാല്‍, ലൊക്കേഷനില്‍ വന്ന് അഭിനയിച്ചുതുടങ്ങുമ്പോള്‍ ഡയറക്ടര്‍ ജയന്‍ സാര്‍ അതിന്‍റെ മാനറിസങ്ങളെല്ലാം പറഞ്ഞുതന്നിരുന്നു. ടൂ വീലര്‍ ഓടിക്കണമായിരുന്നു. അതിന്‍റെ പ്രാക്ടീസ് വേണ്ടിവന്നു. അതിന് സെറ്റിലെ പലരും എന്നെ ഹെല്‍പ്പ് ചെയ്തു- ശ്രീസംഖ്യ പറഞ്ഞു.
പ്ലസ് ടൂ വിദ്യാഭ്യാസം പൂര്‍ത്തിയായതിനുശേഷം ശ്രീസംഖ്യ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ശ്രീസംഖ്യ ചെന്നൈയിലെ കൂത്തുപട്ട്രൈ എന്ന ആക്ടിംഗ് സ്ക്കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു. ആ കോഴ്സ് പൂര്‍ത്തിയായി. ഇപ്പോള്‍ 'ദേ വൃക്ഷ' എന്ന തിയേറ്റര്‍ ഗ്രൂപ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നാടകങ്ങള്‍ ചെയ്യുന്നുണ്ട്. ഒരഭിനേത്രി എന്ന നിലയില്‍ ഈ അനുഭവസമ്പത്തും ശ്രീസംഖ്യയുടെ അഭിനയമികവിന് പിന്തുണയായി വരുന്നുണ്ട്.
ഫോട്ടോ: സിനു കാക്കൂര്‍