NEWS

ഡിസംബര്‍ ഒരു അത്ഭുതമാസം -ഡിനോയ് പൗലോസ്

News

 

തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ്  തന്‍റെ ക്രിസ്തുമസ് ഓര്‍മ്മകള്‍ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...

ഈ ക്രിസ്തുമസ് കാലത്ത് ഡിനോയ്ക്ക് ഏറ്റവും മിസ്സ് ചെയ്യുന്നത് എന്താണ്?

അങ്ങനെ ചോദിച്ചാല്‍ പഴേതിന്‍റെ ബ്യൂട്ടി ഒന്നും ഇന്നുള്ളതിന് ഇല്ലാത്തതുകൊണ്ട് പണ്ടത്തെ ക്രിസ്തുമസ് കാലം നല്ലതെന്നുപറയാം. ഡിസംബര്‍ എല്ലാരെപോലെയും എന്നെയും അത്ഭുതപ്പെടുത്തുന്ന മാസമാണ്. ഒരു വര്‍ഷത്തിന്‍റെ അവസാനമാസം. തണുപ്പ്...മഞ്ഞ്... അതെല്ലാം സന്തോഷം നല്‍കുന്നതാണ്. പിന്നെ ആഘോഷങ്ങളില്‍ ക്രിസ്മസ് നല്‍കുന്നത് ഇരട്ടി മധുരമാണ്. ചെറുപ്പം മുതല്‍ ക്രിയേറ്റിവിറ്റിയില്‍ താല്‍പ്പര്യമുള്ള ഒരാളായതുകൊണ്ട് പുല്‍ക്കൂട് ഉണ്ടാക്കിയിരുന്നിടത്ത് ഞാന്‍ ആ ജോലിയിലേക്ക് വന്നപ്പോള്‍ വേലിയും കുന്നുമെല്ലാം കൂടെ മൊത്തം കളറാക്കി. രൂപങ്ങള്‍ ഉണ്ടാക്കാനും വലിയ ഇഷ്ടമാണ് എനിക്ക്. എപ്പോഴായാലും പുല്‍ക്കൂട് ഉണ്ടാക്കാന്‍ എന്നെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒരാളില്ല ഇപ്പോഴും ഞങ്ങളുടെ ഏരിയയില്‍.

അത് കൊള്ളാലോ ഡിനോയ്.. കരോള്‍ കഥകള്‍ വല്ലതും ഉണ്ടോ?

നേരത്തെ ചോദിച്ചില്ലേ എന്തെങ്കിലും മിസ്സ് ചെയ്യുന്നുണ്ടോയെന്ന്. അതില്‍ ഒരു വലിയ മിസ്സിംഗ് ഇപ്പോള്‍ കരോളിന് എന്നെ ആരും വിളിക്കുന്നില്ല എന്നതാണ്. ഞാന്‍ വലുതായതുകൊണ്ട് അവര്‍ എന്നെ വിളിക്കാറുമില്ല, ഞാന്‍ പോകാറുമില്ല എന്നതാണ് സത്യം. ഞങ്ങളുടേത്  നാട്ടുമ്പുറമായതുകൊണ്ടുതന്നെ കരോള്‍ അടുത്തുള്ള വീടുകളിലെ എല്ലാവരും കൂടി പല വേഷങ്ങളൊക്കെ കെട്ടിയാണ് പോകുന്നത്. അതില്‍ സാന്താക്ലോസ് മാത്രമല്ല പുലിയും പ്രേതവുമൊക്കെ കാണും. ഒരിക്കല്‍ ഇതേപോലെ കരോളിന് ഇറങ്ങിയപ്പോള്‍ അന്ന് ഞാന്‍ ചെറുതാണ്, മെയിന്‍ ചേട്ടന്മാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് കരോള്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ അവിടെ നാലുഭാഗവും കായലായ ഒരു വീടുണ്ട്. അങ്ങോട്ട് എത്തിപ്പെടാന്‍ ഇത്തിരി ടാസ്ക്കാണെങ്കിലും പോകണമല്ലോ. തെങ്ങിന്‍റെ തടി കൊണ്ടുള്ള കുഞ്ഞുമരപ്പാലത്തില്‍ പിടിച്ചുവേണം പോകാന്‍. എനിക്കാണെങ്കില്‍ നീന്തല്‍ അറിയില്ല. പിന്നെ ബാലന്‍സ് ചെയ്ത് പാലത്തിലൂടെയുള്ള പോക്കും ടാസ്ക്. ചേട്ടന്മാര്‍ മുന്നില്‍ നടക്കുന്നു. ഞാന്‍ ബാക്കില്‍ അവരുടെ കയ്യില്‍ പിടിച്ച് കഷ്ടപ്പെട്ട് നടക്കുകയാണ്. അപ്പോളിതാ പുറകില്‍ നിന്ന് ഒരു പട്ടി ഓടി വരുന്നു. എല്ലാവരും നാല് വഴിക്ക് ഓടി. നീന്തല്‍ അറിയുന്നവര്‍ വെള്ളത്തിലേക്ക് എടുത്തുചാടി. ഞാന്‍ ആകെ പെട്ടവസ്ഥ.

എന്നിട്ട്?

എന്നിട്ട് എന്താവാന്‍ വെള്ളത്തിലേക്ക് ചാടാന്‍ കഴിയില്ല. അവിടെ നില്‍ക്കാനും പറ്റില്ല. പേടിച്ചു ഞാന്‍ വീണു. പാലത്തില്‍ തന്നെ പിടിച്ചു കിടന്നു. ഒരു അറ്റത്ത് പട്ടി നില്‍ക്കുന്നു. എന്തായാലും എന്നെ കടിക്കുമെന്നായി. വരുന്നപോലെ ആവട്ടെയെന്ന ആറ്റിറ്റ്യൂട്ട് ആയിരുന്നെങ്കിലും പതുക്കെ ഇഴഞ്ഞു അപ്പുറത്തേയ്ക്ക് പോവാന്‍ നോക്കുമ്പോഴേക്കും, പട്ടി നേരെ എന്നെ ചവിട്ടി അപ്പുറം കടന്നുപോയി. ബാക്കി ഉള്ളവരെ ഓടിച്ചു. അതൊരു അടിപൊളി കരോള്‍ ഓര്‍മ്മയാണ്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ആ സ്ഥലമൊക്കെ ഇപ്പോള്‍ ഒരുപാട് മാറി.

കരോളും പള്ളിക്കൂടുമൊക്കെ അവിടെ നില്‍ക്കട്ടെ.. ക്രിസ്മസ് സ്പെഷ്യല്‍ ഫുഡ് എങ്ങനെ?

ഇപ്പോള്‍ ആവി കയറ്റിയ ബ്രെഡും ഇഷ്ടുവുമൊക്കെയാണ് ഇപ്പോഴത്തെ മോര്‍ണിംഗ് സ്പെഷ്യല്‍ ബ്രേക്ക് ഫാസ്റ്റ്. ഇന്ന് നമുക്കെല്ലാം സുലഭമാണെങ്കിലും പണ്ടത്തെ ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്വറി ചിക്കനാണ്. സിറ്റിയില്‍ നിന്ന് മാറിയായിരുന്നു അന്നത്തെ ജീവിതം. ചിക്കന്‍ ഉണ്ടാവുക എന്നതുതന്നെ ആഘോഷമാണ്. ആഘോഷങ്ങള്‍ വരുമ്പോള്‍ തന്നെ ചിക്കനും താറാവും ബീഫുമെല്ലാം വരുമെന്നറിയാവുന്നതു കൊണ്ട് അതൊരു സന്തോഷമാണ്. ഇന്ന് എല്ലാം നമുക്ക് ഡെയിലി ബേസിസില്‍ എന്ന പോലെയാണ് ഇപ്പോള്‍ നോണ്‍വെജ്, അന്ന് അങ്ങനെയായിരുന്നില്ലല്ലോ. പിന്നെ പ്ലം കേക്കും വൈനും പ്രധാനപ്പെട്ട ഒന്നാണല്ലോ. അതും എല്ലാ ക്രിസ്മസിനും കാണും.

ഡിനോയ് ഇന്നൊരു നടനാണ്... പണ്ട് ക്രിസ്മസ് സിനിമകള്‍ക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടോ?

കഴിഞ്ഞ പത്തുവര്‍ഷമായി റിലീസ് പടങ്ങള്‍ റിലീസ് ഡേറ്റില്‍തന്നെ കാണുക എന്നത് പതിവായ ഒരു കാര്യമാണ്. പക്ഷേ ചെറിയ പ്രായത്തിലൊന്നും ക്രിസ്മസ് പടങ്ങള്‍ കാണാനായി തിയേറ്ററുകളിലേക്ക് ഓടാനുള്ള അവസ്ഥയല്ലായിരുന്നെങ്കിലും ടി.വിയില്‍ വരുന്ന ക്രിസ്മസ് റിലീസുകള്‍ കാണുമായിരുന്നു. പിന്നെ മറ്റൊരു സന്തോഷം ക്രിസ്മസ് ദിവസം ഞങ്ങള്‍ ഫ്രണ്ട്സ് ഫാമിലിയുമായൊക്കെ അടുത്തുള്ള പള്ളികളിലെല്ലാം ലൈറ്റ് കാണാന്‍ പോവും. അത് ഇപ്പോഴും മുടങ്ങാതെ പോവുന്ന ഒരാളാണ്.
 


LATEST VIDEOS

Interviews