ഹിറ്റ് ചിത്രത്തിലെ ഓപ്പണിംഗ് ഷോട്ടിൽ തന്റെ മുഖമാണെന്നത് ഏറ്റവും സന്തോഷം നൽകുന്നകാര്യമാണെന്ന് പറഞ്ഞുകൊണ്ട് ദീപിക
തുടക്കം നന്നായാൽ കാര്യങ്ങൾ ഉഷാറാണ് എന്നുപറയുന്നപോലെ ഈ വർഷം തീയേറ്ററുകളെ ഇളക്കിമറിച്ച ജിത്തുമാധവൻ സംവിധാനം ചെയ്ത രോമാഞ്ചത്തിന്റെ ഓപ്പണിംഗ് ഷോട്ടിൽ കണ്ട, സിനിമയിൽ ഉടനീളം കഥ കൊണ്ടുപോയ നഴ്‌സ് നയന ഹാപ്പിയാണ്. തന്നെ ഇപ്പോഴും എല്ലാവരും നഴ്‌സ് നയന എന്നുതന്നെയാണ് വിളിക്കുന്നതെന്ന് പറയുമ്പോൾ കണ്ണൂർക്കാരിയായ ദീപികാ ദാസിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ട്. രോമാഞ്ചത്തിലൂടെ മലയാളസിനിമയുടെ ട്രാക്കിലേക്ക് കയറിയ സന്തോഷത്തിലാണ് ദീപിക. ഈ വർഷം ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിലെ ഓപ്പണിംഗ് ഷോട്ടിൽ തന്റെ മുഖമാണെന്നത് ഏറ്റവും സന്തോഷം നൽകുന്നകാര്യമാണെന്ന് പറഞ്ഞുകൊണ്ട് ദീപിക നാനയോട് സംസാരിച്ചുതുടങ്ങി.
ഐശ്വര്യമുഖം
തുടക്കം എന്റെ മുഖമായതുകൊണ്ടുതന്നെ രോമാഞ്ചത്തിന്റെ വിജയം എന്റെ മുഖത്തിന്റെ ഐശ്വര്യമെന്ന് പലരും പറയുന്നു. അതിലൊന്നും വലിയ വിശ്വാസമൊന്നുമില്ലെങ്കിലും കേൾക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. സിനിമ നല്ലതായതുകൊണ്ടുമാത്രമാണ് ജനങ്ങൾ സ്വീകരിച്ചത്.
രോമാഞ്ചത്തിലേക്ക് വിളിവന്നത്
കൊറോണ കാലത്ത് ഞാൻ ചെയ്ത കള്ളി കള്ളി എന്ന വീഡിയോ എല്ലാവരിലേക്കും എത്തിയിരുന്നു. എന്റേതായി ആദ്യം വൈറലായ ഒരു വർക്ക് അതായിരുന്നു. അതിലെ എന്റെ പെർഫോമൻസ് അത്യാവശ്യം ശ്രദ്ധേയമായിരുന്നു. രോമാഞ്ചത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഷിബു എന്റെ ക്ലാസ്‌മേറ്റായിരുന്നു. ഇങ്ങനെ ഒരു സിനിമയുണ്ടെന്നും ഒരു വേഷമുണ്ടെന്നും പറഞ്ഞിരുന്നു. അത് എന്നിലേക്ക് വരുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഷൂട്ട് തുടങ്ങുന്നതിന് കുറച്ചുദിവസങ്ങൾക്കുമുൻപേയാണ് സംവിധായകൻ ജിത്തുചേട്ടനും വിളിച്ച് കാര്യങ്ങൾ പറയുന്നത്. സൗബിൻ ചേട്ടനും അർജ്ജുൻ അശോകനും പിന്നെ ജോൺപോൾ പ്രൊഡക്ഷനും പിന്നെ ഒന്നും നോക്കേണ്ടി വന്നില്ല. കൂടുതലൊന്നും ആലോചിക്കാതെയാണ് ഷൂട്ടിനായി ചെന്നൈയിലേക്ക് വണ്ടികയറുന്നത്.
നയനയിലേക്കുള്ള വേഷപ്പകർച്ച
നയനയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം സംവിധായകൻ പറയുന്നതനുസരിച്ച് ചെയ്തുവെന്നാണത്രേ. അതിൽ കൂടുതലൊന്നും ചെയ്തിട്ടില്ല. കൂടുതൽ തയ്യാറെടുപ്പുകളൊന്നും എടുക്കേണ്ടെന്ന് നേരത്തെ രോമാഞ്ചം ടീം പറഞ്ഞിരുന്നു. അതുപോലെ സ്‌ക്രിപ്റ്റും ഡയലോഗും ഒന്നും കൂടുതൽ വായിച്ച് കോംപ്ലിക്കേറ്റഡ് ആക്കരുതെന്നും പറഞ്ഞിരുന്നു. ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോൾ വളരെ സാധാരണയായി പെരുമാറുക എന്നത് തന്നെയായിരുന്നു എന്റെ ഡ്യൂട്ടി. കണ്ണൂർ സ്ലാംഗാണ് നയന പറയുന്നത്. അത് മാക്‌സിമം പിടിച്ചോളാൻ ജിത്തുചേട്ടനും പറഞ്ഞിരുന്നു. എനിക്ക് മൂന്നോ നാലോ ദിവസത്തെ ഷൂട്ടാണ് ഉണ്ടായിരുന്നതെങ്കിലും നല്ലൊരു അനുഭവമായിരുന്നു രോമാഞ്ചം. എന്റെ കരിയറിൽ രോമാഞ്ചം ഫെയിം എന്നത് ഒരു ഗുഡ് മാർക്ക് തന്നെയാണ്.
സൗബിക്ക കൂളാണ്
എന്റെ മുഴുവൻ സീനും സൗബിക്കയ്‌ക്കൊപ്പമാണെന്ന് പറഞ്ഞപ്പോൾ ചെറിയൊരു ടെൻഷനുണ്ടായിരുന്നു. നമ്മൾ സ്‌ക്രീനിൽ മാത്രം കണ്ടിരുന്ന ഒരാൾക്കൊപ്പം സ്‌ക്രീൻ ഷെയർ ചെയ്യുക എന്നത് സ്വപ്നം പോലെ തോന്നിയിരുന്നു. രോമാഞ്ചത്തിന് മുൻപും പല ചെറിയ വർക്കുകളിലും ഭാഗമായതുകൊണ്ട് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുക എന്നത് വലിയ പ്രശ്‌നമുള്ള കാര്യമായിരുന്നില്ല. രോമാഞ്ചം ടീം വളരെ സപ്പോർട്ടീവായതുകൊണ്ട് പെട്ടെന്ന് തന്നെ ട്രാക്കിലേക്ക് എത്താൻ കഴിഞ്ഞു. സൗബിക്ക ആണെങ്കിലും നമ്മളെ കംഫർട്ടാക്കുന്ന പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്തപ്പോൾ എനിക്കും ഈസിയായി കാര്യങ്ങൾ. സൗബിക്ക അവതരിപ്പിച്ച ജിബി എന്ന കഥാപാത്രം ഐ.സി.യുവിൽ കിടക്കുമ്പോൾ ആകെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ഞാൻ അവതരിപ്പിച്ച നഴ്‌സ് നയനയുമായാണ്. ജിബിയും നയനയുമായുള്ള സീനുകൾ തീയേറ്ററുകളിൽ പൊട്ടിച്ചിരി ഉയർത്തിയിരുന്നു. അത് കണ്ടപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു.
ഈ ഒരു വിജയം സർപ്രൈസായിരുന്നു
സ്‌ക്രിപ്റ്റ് വായിച്ചിരുന്നെങ്കിലും സിനിമ ഫൈനൽ ഔട്ട് വരുമ്പോൾ എങ്ങനെയായിരിക്കുമെന്നത് എന്നെ സംബന്ധിച്ച് വലിയ ആകാംക്ഷയുള്ള ഒന്നായിരുന്നു. നഴ്‌സ് നയനയും ജീവനും തമ്മിലുള്ള കോമ്പോ സീനെല്ലാം നല്ല രീതിയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ച് പിന്നീട് അത് മാറ്റിയപ്പോഴും പിന്നീട് വലിയ രീതിയിലുള്ള പ്രൊമോഷനൊന്നും ഇല്ലാതെ വന്നപ്പോൾ ജനങ്ങളിലേക്ക് ഈ സിനിമാ എത്രത്തോളം എത്തുമെന്ന കാര്യത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ സിനിമാറിലീസ് ചെയ്തു ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി രോമാഞ്ചം മറ്റൊരു തലത്തിലേക്ക് എത്തിയെന്ന്.
ആ ജൂനിയർ ഡോക്ടർ എന്റെ കെട്ടിയോൻ
രോമാഞ്ചത്തിൽ ഡോക്ടറുടെ പിറകിൽ നിന്ന ആ ജൂനിയർ ഡോക്ടർ എന്റെ ഭർത്താവ് ശ്രീനാഥാണ്. ഷൂട്ടിന് എന്റെയൊപ്പം വന്നതാണ്. എൽ.പി. സ്‌ക്കൂൾ അധ്യാപകനാണ്. അങ്ങനെയൊന്നും ക്യാമറയ്ക്ക് മുന്നിൽ നിന്ന് ശീലമില്ലാത്ത ഒരാളാണ്. പക്ഷേ ഞങ്ങൾ എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ ഫ്രെയിമിൽ വന്നുനിന്നതാണ്. ഷൂട്ടിന്റെ അന്നൊരു ഫോട്ടോയും ഞങ്ങളുടെ എടുത്തിരുന്നു. അവരത് അയച്ചുതന്നപ്പോൾ കഴിഞ്ഞിടയ്ക്ക് ഞാൻ സോഷ്യൽമീഡിയയിൽ അങ്ങനെ നയനയും ജൂനിയർ ഡോക്ടറും ഒന്നിക്കുകയാണ്, സൂർത്തുക്കളെയെന്നുപറഞ്ഞ് പങ്കുവച്ചിരുന്നു. അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ പുറത്തുപോകുമ്പോൾ പലരും ജൂനിയർ ഡോക്ടറും നയനയുമല്ലേയെന്നാണ് അടുത്തുവന്നുചോദിക്കുന്നത്.
ഈ കള്ളിമാസ്‌ക് റെയർ പീസാണ്
കല്യാണത്തിന് മുൻപ് കുറച്ച് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം നാട്ടിലുള്ള സാൾട്ടി ഫിഷ് മീഡിയ എന്ന യൂ ട്യൂബ് ചാനലിൽ ജോയിൻ ചെയ്തു. അവർക്ക് വേണ്ടി കോവിഡ് സമയത്ത് മാസ്‌ക്ക് ഉണ്ടാക്കുന്ന ഭാര്യയുടെ ഒരു കണ്ടന്റ് ചെയ്തിരുന്നു. ഹ്യൂമർ ടച്ചാണ്. ഭർത്താവിന്റെ നിക്കർ മാസ്‌ക്കായി തയ്ച്ച ഭാര്യരുടെ വേഷമാണ്. അത് ഒരുപാട് പേരിലേക്ക് എത്തിയയൊരു വീഡിയോയാണ്. അത് രോമാഞ്ചത്തിലേക്ക് എത്തിപ്പെട്ടതിന് കാരണമായിട്ടുണ്ട്.
ഹ്യൂമർ വേഷങ്ങളാണ് കൂടുതലും തേടി വരുന്നത്
അതുകൊണ്ടുതന്നെ ചെയ്തതും അത്തരത്തിലുള്ള വേഷങ്ങളാണ്. ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ എക്‌സ്‌പ്ലോർ ചെയ്യാൻ ആഗ്രഹമുണ്ട്. കണ്ണൂർ ഭാഷയാണ് ചെയ്ത വർക്കുകളിലെല്ലാം സംസാരിച്ചിട്ടുള്ളത് ഇനി അതിൽ നിന്നെല്ലാം മാറി മറ്റു സ്ലാംഗുകളിൽ സംസാരിക്കുന്ന വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്യാനാഗ്രഹിക്കുന്നു.
ബിന്ദു പി.പി