കോയമ്പത്തൂർ: തെന്നിന്ത്യയിലെ ആദ്യ സിനിമാ തിയേറ്റർ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഒരു നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യം പേറുന്ന ഡിലൈറ്റ് തിയേറ്ററാണ് പൊളിക്കുന്നത്. പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് തന്നെ ഡിലൈറ്റിൽ പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്തിയിരുന്നു. ശിവാജി, എം.ജി.ആർ, രജിനി എന്നിവരുടെ ചിത്രങ്ങളാണ് ദിവസം രണ്ട് ഷോകളായി പ്രദർശിപ്പിച്ചിരുന്നത്. ഒൻപത് മാസങ്ങൾക്ക് മുൻപ് തീയറ്ററിന്റെ പ്രവർത്തനം പൂർണമായും നിർത്തിയിരുന്നു. രജിനിയുടെ മനിതൻ ആണ് ഏറ്റവും ഒടുവിൽ ഡിലൈറ്റിൽ പ്രദർശിപ്പിച്ച ചിത്രം.
1914 ലാണ് ഈ തീയറ്റർ ആരംഭിക്കുന്നത്. സാമിക്കണ്ണ് വിൻസന്റ് എന്നയാളാണ് ഈ തീയറ്ററിന്റെ സ്ഥാപകൻ. വെറ്റൈറ്റി ഹാൾ എന്നായിരുന്നു ആദ്യകാലത്ത് ഇതിന്റെ പേര്. ചലച്ചിത്രത്തോട് വിൻസന്റിന് തോന്നിയ കൗതുകവും പ്രണയവുമാണ് തിയേറ്റർ പണിയുന്നതിലെത്തിച്ചത്. അക്കാലത്ത് കോയമ്പത്തൂരിൽ വൈദ്യുതിയുണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് വരുത്തിയ ജനറേറ്ററുകൾ പ്രവർത്തിച്ചാണ് പ്രൊജക്ടറുകൾ പ്രവർത്തിച്ചിരുന്നത്. അധികം വരുന്ന വൈദ്യുതി കോയമ്പത്തൂർ മുനിസിപ്പാലിറ്റി തെരുവു വിളക്കുകൾ പ്രവർത്തിക്കാൻ വിലയ്ക്ക് എടുക്കുമായിരുന്നു.
1960 കളുടെ തുടക്കത്തിൽ കൊച്ചിയിലുള്ള ജോഹാർസ് ഗ്രൂപ്പ് വെറ്റെറ്റി ഹാൾ വിലയ്ക്ക് വാങ്ങി. അതിന് ശേഷമാണ് ഡിലൈറ്റ് തിയേറ്റർ എന്ന് പേരുമാറ്റുന്നത്. എം.ജി.ആർ, ശിവാജി ഗണേശൻ, ജമിനി ഗണേശൻ എന്നിവരുടെ ചിത്രങ്ങളും പിൽകാലത്ത് കമൽഹാസൻ, രജിനികാന്ത് ചിത്രങ്ങളും തിയേറ്ററിൽ സിനിമാപ്രേമികളുടെ ആരവം തീർത്തു. രമേഷ് സിപ്പിയുടെ കൾട്ട് ക്ലാസിക് ഷോലൈ ഒരു വർഷത്തോളമാണ് ഡിലൈറ്റിൽ പ്രദർശിപ്പിച്ചത്. ബ്രൂസ്‌ലിയുടെ എന്റർ ദ ഡ്രാഗണും വലിയ തരംഗം സൃഷ്ടിച്ചു. വർഷങ്ങൾക്ക് ശേഷം സ്വരൂപ് എന്നൊരാൾ തിയേറ്റർ ലീസിനെടുത്തു. പിൽക്കാലത്ത് സിനിമാ സ്‌കോപ്പ്, ഡോൾബി സൗണ്ട് എന്നീ സാങ്കേതിക വിദ്യകളും തിയേറ്ററിൽ അവതരിപ്പിച്ചിരുന്നു.