മലയാള സിനിമയിൽ ഉയർന്നുവന്ന ലൈംഗികവിവാദങ്ങൾ മലയാള സിനിമാ താരങ്ങളെ തന്നെ തിരിഞ്ഞുകൊത്തുന്നു. അന്യഭാഷ ചിത്രങ്ങളിലേക്ക് മലയാള താരങ്ങളെ പരിഗണിക്കാൻ നിർമ്മാതാക്കളും മറ്റ് അണിയറ പ്രവർത്തകർക്കും താത്പര്യമില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. തമിഴിലെ പല നിർമ്മാതാക്കളും മലയാള താരങ്ങളെ തങ്ങളുടെ സിനിമയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് പിആർഒമാരോട് നിർദ്ദേശിച്ചുകഴിഞ്ഞു. മലയാളം കഴിഞ്ഞാൽ തമിഴ് സിനിമകളിലാണ് കേരളത്തിൽ നിന്നുള്ള സിനിമാ താരങ്ങൾക്ക് അവസരം ലഭിക്കാറുള്ളത്.
കേരളത്തിലെ സിനിമാ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി ഉടനൊന്നും അവസാനിക്കാൻ സാധ്യതയില്ല. നിർമ്മാതാക്കളും സംവിധായകരും പുതിയ സിനിമകളിലേക്ക് നിലവിലെ സാഹചര്യത്തിൽ പോകാനിടയില്ല. ഈ സാഹചര്യത്തിൽ താരങ്ങളുടെ പ്രതീക്ഷയായിരുന്നു അന്യഭാഷകൾ. എന്നാൽ, അന്യഭാഷകളും മലയാള താരങ്ങൾക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതോടെ പ്രതിസന്ധി ഉടലെടുത്തത് മലയാള സിനിമാ മേഖലക്ക് മാത്രമല്ല, മലയാള സിനിമാ താരങ്ങൾക്ക് കൂടിയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടും അതേതുടർന്ന് നടിമാർ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ സ്ത്രീകളുടെ ലൈംഗികാരോപണങ്ങളുമാണ് അന്യഭാഷാ സിനിമാ പ്രവർത്തകരെ ഭയപ്പെടുത്തുന്നത്. കേരളത്തിൽ നിന്നുള്ള താരങ്ങൾ തങ്ങളുടെ സിനിമയിലേക്ക് കാസ്റ്റ്ചെയ്യപ്പെട്ടാൽ നിലവിൽ കേരളത്തിൽ അലയടിക്കുന്ന വിവാദങ്ങൾ ഭാവിയിൽ തങ്ങളുടെ ഇൻഡസ്ട്രിയിലും ഉണ്ടാകുമോ എന്നാണ് നിർമ്മാതാക്കളും സംവിധായകരും ഭയക്കുന്നത്.