ഈയിടെ റിലീസായി നല്ല കളക്ഷൻ നേടിയ ചിത്രമാണ് ധനുഷ് നായകനായി അഭിനയിച്ചു, സംവിധാനം ചെയ്ത 'രായൻ'. ഈ ചിത്രത്തിന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നിലവുക്കു എൻ മേൽ എന്നടി കോപം'. ഇതിൽ ധനുഷിന്റെ അനുജത്തിയുടെ മകൻ ഭവിഷ് ആണ് നായകനായി അഭിനയിക്കുന്നത്. ഭവിഷ് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളി താരമായ അനൈക സുരേന്ദ്രനാണ്. ഇവരോടൊപ്പം മലയാളി താരങ്ങളായ മാത്യു തോമസ്, പ്രിയ പ്രകാശ് വാര്യർ എന്നിവർക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തിൽ ശരത്കുമാരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് ജി.വി.പ്രകാശാണ് സംഗീതം ഒരുക്കുന്നത്. ഈ ചിത്രത്തിലെ 'പൊൻ കുരുവി' എന്ന് തുടങ്ങുന്ന ഗാനം ഓഗസ്റ്റ് 30-ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഈ ഗാനം എഴുതിയിരിക്കുന്നത് ധനുഷിന്റെ മൂത്ത മകൻ യാത്രയാണ്. പ്രത്യേകമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന് പ്രിയങ്ക മോഹനാണ് നൃത്തം ചെയ്തിരിക്കുന്നത്. ഈ ഗാനം മുഖേന യാത്ര തമിഴ് സിനിമയിൽ ഗാന രചയിതാവായി പ്രവേശിക്കാനിരിക്കുകയാണ്. യാത്രയുടെ പിതാവായ ധനുഷ് നടൻ എന്നതിലുപരി സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ, നിർമ്മാതാവ് തുടങ്ങി സിനിമയിൽ ഒരുപാട് മേഖലകളിൽ തിളങ്ങി വരുന്ന താരമാണ്. പിതാവിന്റെ വഴിയിൽ ഇപ്പോൾ മകനും സിനിമയിൽ പ്രവേശിച്ചിരിക്കുകയാണ്.