ധനുഷിന്റെ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈയിടെ പുറത്തുവരികയും അത് വൈറലാകുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന് ശേഷം ധനുഷ് തന്റെ 50-ാമത്തെ സിനിമ സംവിധാനം, ചെയ്തു അഭിനയിക്കാനിരിക്കുകയാണ്. അടുത്തുതന്നെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഈ ചിത്രത്തിൽ ധനുഷിനൊപ്പം എസ്.ജെ.സൂര്യ, വിഷ്ണു വിഷാൽ, സെൽവരാഘവൻ, അപർണാ ബാലമുരളി തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന് ശേഷം ധനുഷ് അഭിനയിക്കാനിരിക്കുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത സംവിധായകനായ ശേഖർ കാമുല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ്. ധനുഷ് രണ്ട് വർഷം മുമ്പ് കരാറിലേർപ്പെട്ട ചിത്രമാണ് ഇത്. . 'ഏഷ്യൻ സിനിമാസ്' എന്ന ബാനറിൽ ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ റിലീസ് ചെയ്യുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ഈ ചിത്രത്തിലേക്കുള്ള താരങ്ങളെയും, സാങ്കേതിക പ്രവർത്തകരെയും തിരഞ്ഞെടുക്കുന്ന ജോലികൾ തകൃതിയായി നടന്നു വരികയാണെന്നും അതിന്റെ ഭാഗമായി പ്രശസ്ത തെലുങ്ക് നടനായ നാഗാർജുനയെ കരാർ ചെയ്തു എന്നും, ധനുഷിന്റെ നായികയായി തമിഴ് തെലുങ്ക് സിനിമയിലെ ഇപ്പോഴത്തെ സെൻസേഷണൽ ഹീറോയിനായ റാഷ്‌മികാ മന്ദാനയാണ് അഭിനയിക്കുന്നത് എന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. അതുപോലെ ഈ ചിത്രത്തിന് സംഗീതം ഒരുക്കാൻ ഏ.ആർ.റഹ്‌മാൻ കരാറിൽ ഒപ്പുവെച്ചു എന്നും റിപ്പോർട്ടുണ്ട്. ഈ വാർത്തകളുടെ ഒഫിഷ്യൽ സ്ഥിരീകരണം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.