തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനാണ് ധനുഷ്. ഈയിടെ റിലീസായി സൂപ്പർഹിറ്റായ 'രായൻ' എന്ന ചിത്രത്തിന് ശേഷം ധനുഷിന്റേതായി ഒരുങ്ങിവരുന്ന ചിത്രമാണ് 'കുബേര'. ഇതിന്റെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ഹോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'അവഞ്ചേഴ്‌സ്' പരമ്പരയിൽ ഒരുങ്ങുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ധനുഷിന് വന്നിരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. 'അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് റൂസോ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ആൻ്റണി റൂസോയും, ജോസഫ് റൂസോയുമാണ്. അടുത്തതായി 'അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ' സംവിധാനം ചെയ്യാനൊരുങ്ങുന്നത്. റോബർട്ട് ഡൗണി ജൂനിയറാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിൽ വരുന്ന മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനാണത്രെ ധനുഷുമായി ചർച്ചകൾ നടത്തിയിരിക്കുന്നത്. റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത 'ദ ഗ്രേ മാൻ' എന്ന ചിത്രത്തിൽ ധനുഷ് നായകനായിരുന്നല്ലോ! അതിന്റെ അടിസ്ഥാനത്തിലാണത്രെ ‘അവഞ്ചർ ഡൂംസ്‌ഡേ’യിൽ അഭിനയിക്കാൻ ധനുഷിന് അവസരം വന്നിരിക്കുന്നത്. എന്നാൽ ഇത് സംബന്ധമായി ഒരു ഔദ്യോഗിക വാർത്തയും ഇതുവരെ പുറത്തുവന്നിട്ടില്ല. ധനുഷ് ഈ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ രാജ്യാന്തര തലത്തിൽ കൂടുതൽ ജനപ്രിയനാകും എന്നതിൽ സംശയമില്ല. .