തമിഴ്, തെലുങ്ക് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. രണ്ട് ഭാഗങ്ങളായി പുറത്തുവന്ന 'ബാഹുബലി' എന്ന ചിത്രം മുഖേന ലോകം മുഴുവനും പ്രശസ്തയായ അനുഷ്ക അഭിനയിച്ചു ഈയിടെ തെലുങ്കിൽ പുറത്തുവന്ന ചിത്രങ്ങളൊന്നും വിജയിക്കുകയുണ്ടായില്ല. ഈ ചിത്രങ്ങളെ തുടർന്ന് അനുഷ്ക ഇപ്പോൾ അഭിനയിച്ചു വരുന്ന മറ്റൊരു തെലുങ്ക് ചിത്രം 'മിസ് ഷെട്ടി, മിസ്റ്റർ പോളിഷെട്ടി'യാണ്. പി.മഹേഷ് ബാബു സംവിധാനം ചെയ്തു വരുന്ന ഈ ചിത്രത്തിന് രത്തൻ ആണ് സംഗീതം നൽകുന്നത്. ഇതിൽ നവീൻ പോളിഷെട്ടിയാണ് നായകനായി അഭിനയിക്കുന്നത്. തെലുങ്കിന് പുറമെ ഈ ചിത്രം തമിഴിലും റിലീസാകാനിരിക്കുകയാണ്.
ഈ ചിത്രത്തിനായി തെലുങ്കിൽ 'ഹദാവിഡി...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ ധനുഷാണ്. തമിഴ് ചിത്രങ്ങൾക്ക് വേണ്ടി ധനുഷ് നിറയെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആ ഗാനങ്ങൾ എല്ലാം ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. അതുപോലെ ധനുഷ് അനുഷ്കയുടെ ചിത്രത്തിന് വേണ്ടി പാടിയിട്ടുള്ള ഈ ഗാനവും ഹിറ്റാകും എന്നാണു ടോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ! നടൻ എന്നതിലുപരി ഗാന രചയിതാവായും, ഗായകനായും, സംവിധായകനായും, സിനിമാ നിർമ്മാതാവായും, കഥാകൃത്തായും അറിയപ്പെടുന്ന ധനുഷിന്റെതായി തമിഴിൽ അടുത്ത് പുറത്തു വരാനിരിക്കുന്ന ചിത്രം 'ക്യാപ്റ്റൻ മില്ലർ' ആണ്. ആക്ഷന് അധിക പ്രാധാന്യം കൊടുത്തു എടുത്തുവരുന്ന ഈ ചിത്രം ഒരു പീരിയഡ് കഥയായാണ് ഒരുങ്ങി വരുന്നത്.