തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ്. നടൻ എന്നതിലുപരി സംവിധായകനായും, ഗായകനായും, ഗാനരചയിതാവായും, നിർമ്മാതാവായും സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ധനുഷ് 'രാഞ്ജന', 'അത്രംഗി റേ' തുടങ്ങിയ ഹിന്ദി സിനിമകൾക്ക് ശേഷം മൂന്നാം തവണയായി ആനന്ദ് എൽ. റോയ് സംവിധാനം ചെയ്യുന്ന 'തേരെ ഇസ്‌ക് മെയിൻ' എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്നതായുള്ള വാർത്ത കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എ.ആർ.റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്ന വാർത്തയും അപ്പോൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രഖ്യാപനത്തിന് ശേഷം ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വരികയുണ്ടായില്ല അതേസമയം ധനുഷ് ഇപ്പോൾ 'രായൺ', 'കുബേര' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് 'തേരെ ഇസ്‌ക് മെയിൻ' ചിത്രം കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ വാരണാസിയിൽ തുടങ്ങി ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ തുടർന്ന് നടക്കുമത്രേ. ഈ ചിത്രത്തിൽ ധനുഷിനൊപ്പം നായികയായി അഭിനയിക്കുന്നത് അടുത്തിടെ 'അനിമൽ' എന്ന ഹിന്ദി ചിത്രത്തിലൂടെ പ്രശസ്തയായ തൃപ്തി ധിംമ്രിയാണത്രെ! ചിത്രം സംബന്ധമായുള്ള കൂടുതൽ വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്!