'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രം അടുത്ത് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിൽ 'പരിയേറും പെരുമാൾ', 'കർണൻ', 'മാമ്മന്നൻ' തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത മാരി സെൽവരാജ് ആണെന്നും ഈ ചിത്രത്തിൽ ധ്രുവ് വിക്രമിനൊപ്പം നായികയായി അഭിനയിക്കുന്നത് മലയാളി താരം ദർശനാ രാജേന്ദ്രനാണെന്നുമുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ മറ്റൊരു മലയാളി താരമായ അനുപമ പരമേശ്വരനും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു നായികമാരുടെ പശ്ചാത്തലത്തിൽ സഞ്ചരിക്കുന്ന കഥയാണത്രെ ചിത്രം. കബഡി കളിയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിനായി ധ്രുവ് വിക്രം കഴിഞ്ഞ കുറച്ച് മാസങ്ങളായി കബഡി പരിശീലിച്ചുവരികയാണ്. ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം ഈ മാസം 15-ന് തമിഴ്നാട്ടിലുള്ള തൂത്തുക്കുടിയിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. തമിഴ് സിനിമാ ആരാധകർക്ക് നല്ല പരിചയമുള്ള താരമാണ് അനുപമ പരമേശ്വരൻ. ധനുഷിനൊപ്പം 'കൊടി', അഥർവയുടെ കൂടെ 'തള്ളിപ്പോകാതെ', 'ജയം' രവിക്കൊപ്പം 'സൈറൺ' എന്നീ തമിഴ് സിനിമകളിൽ അനുപമ അഭിനയിച്ചിട്ടുണ്ട്.