NEWS

പ്രതീക്ഷിച്ച ഹൈപ്പില്ല; പ്രേക്ഷകരെ നിരാശരാക്കിയോ എമ്പുരാൻ?

News

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത എംപുരാൻ തീയറ്ററുകളിൽ എത്തിയതോടെ ആവേശത്തിലാണ് ആരാധകർ. എന്നാൽ, സമ്മിശ്ര പ്രതികരണമാണ് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നുമുണ്ടാകുന്നത്. ഏറെ പ്രതീക്ഷകളോടെ തീയറ്ററുകളിൽ എത്തിയ ആളുകളെ കഥാഭാ​ഗം കൊണ്ട് തൃപ്തിപ്പെടുത്താൻ സിനിമയുടെ അണിയറ പ്രവർകർക്കായിട്ടില്ല എന്നു തന്നെയാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, ചിത്രത്തിന്റെ സാങ്കേതിക മികവ് പ്രേക്ഷകർ ഒന്നടങ്കം അം​ഗീകരിക്കുന്നുമുണ്ട്. ആവശ്യത്തിലേറെ വയലൻസ് കൂടി ചിത്രത്തിൽ കുത്തിനിറച്ചിട്ടുണ്ട് എന്ന് പരാതിപ്പെടുന്ന പ്രേക്ഷകരും കുറവല്ല. അബ്രാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം പകർന്നാട്ടം കാണാൻ കാത്തിരുന്നെത്തിയ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസാണ് മുരളി ഗോപി രചിച്ച്  പൃഥിരാജ് സംവിധാനം ചെയ്ത ഈ മേഹ​ൻലാൽ ചിത്രം. കേരളത്തിലെ മോഹൻലാൽ ഫാൻസ് തീയറ്ററുകളെ പൂരപ്പറമ്പാക്കാൻ ശ്രമം നടത്തുന്നുണ്ട് എങ്കിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും തീയറ്ററുകളിൽ ചലനം സൃഷ്ടിക്കാൻ സിനിമക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിന് പുറത്തുള്ള ത​ദ്ദേശീയ ജനതക്ക് കേരള രാഷ്ട്രീയം അത്ര സുപരിചിതവും സുഖകരവുമല്ല എന്നതുകൊണ്ട് തന്നെ അവർ എമ്പുരാനോട് കൃത്യമായ അകലം പാലിക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വിദേശത്ത് ചിത്രം റിലീസ് ചെയ്ത തീയറ്ററുകളിലും വൻ ജനക്കൂട്ടത്തെ സിനിമയുടെ അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചെങ്കിലും നിരാശനൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിൽ ഫാൻസ് അസോസിയേഷനുകൾ സൃഷ്ടിക്കുന്ന ഹൈപ്പ് ഒന്നുരണ്ട് ദിവസം കൂടി നിലനിന്നാലും ഇന്ന് കേരളത്തിന് പുറത്ത് അനുഭവപ്പെടുന്ന പ്രേക്ഷകദാരിദ്യം എമ്പുരാന് ഇവിടെയും വരും ദിവസങ്ങളിലും നേരിടേണ്ടി വന്നേക്കാം. 

പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും വയലൻസ് അധികമാണ് എന്നുമുള്ള പ്രതികരണങ്ങൾ തന്നെയാകും ബോക്സോഫീസിൽ എമ്പുരാന് പ്രതിസന്ധി സൃഷ്ടിക്കുക. അതേസമയം, മോ​ഹൻലാലിനോ പൃഥ്വിരാജിനോ മറ്റ് അണിയറ പ്രവർത്തകർക്കോ സിനിമയുടെ പെർഫോമൻസിലെ പാളിച്ച സാമ്പത്തികമായി ബാധിക്കില്ല. നിർമ്മാതാക്കളായ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ എന്നിവർക്കും നഷ്ടമുണ്ടായാലും അത് താങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും വിതരണത്തിൽ നിന്നും പിന്മാറിയതിനാൽ അവരെയും സിനിമയുടെ ലാഭനഷ്ടങ്ങൾ ബാധിക്കില്ല. 

ചിത്രത്തിന്റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷൻ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തഡാനി നേതൃത്വം നൽകുന്ന എഎ ഫിലിംസാണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

അതേസമയം, എമ്പുരാന് വെല്ലുവിളി ഉയർത്തുമെന്ന് കരുതിയ ചിയാൻ വിക്രമിന്റെ ‘വീര ധീര ശൂര’യുടെ പ്രദർശനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മൾട്ടി പ്ലക്സ് ശൃംഖലകളായ പി വി ആർ, സിനി പാലസ് എന്നിവിടങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം ഇന്ന് നടന്നില്ല. 
ഹൈ​ദരാബാ​ദിലും അമേരിക്കയിലും അടക്കം പ്രീമിയർ ഷോ റദ്ദാക്കിയിരുന്നു.  നിയമപ്രശ്‌നത്തെത്തുടർന്നാണ് ചിത്രത്തിന്റെ മോണിങ് ഷോകൾ റദ്ദാക്കിയത്. വൈകിട്ട് ചിത്രത്തിന്റെ റിലീസുണ്ടാകും എന്നാണ് പറയപ്പെടുന്നത്. ‘വീര ധീര ശൂര’യുടെ പ്രദർശനം റദ്ദാക്കിയിട്ടും തമിഴ്നാട്ടിലെയും ഹൈദരാബാദിലെയും സിനിമ പ്രേമികൾ എമ്പുരാൻ കാണാൻ കയറിയില്ല എന്നതിന് കേരള രാഷ്ട്രീയത്തോടുള്ള താത്പര്യമില്ലായ്മ തന്നെയാകാം കാരണം.

ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ഒടിടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാർ ചിത്രത്തിന്റെ നിർമാതാക്കൾ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ഡൽഹി ഹൈക്കോടതി സമീപിച്ചത്. നിയമപ്രശ്‌നങ്ങൾ കൈകാര്യംചെയ്യാൻ ചിത്രത്തിന്റെ നിർമാതാവായ റിയ ഷിബു നിലവിൽ ഡൽഹിയിലാണ്. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബു നിർമിച്ച ചിത്രം എസ്‌യു അരുൺകുമാറാണ് സംവിധാനംചെയ്തത്. ചിയാൻ വിക്രമിനോടൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

എമ്പുരാനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.


LATEST VIDEOS

Top News