രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജയിലർ'. ഇതിൽ രജനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ്‌കുമാർ, ജാക്കി ഷെറാഫ്, വിനായകൻ, വസന്ത് രവി, രമ്യാ കൃഷ്ണൻ, യോഗി ബാബു, വിനായക് എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'സൺ പിക്‌ചേഴ്‌സ്' നിർമ്മിച്ച ഈ ചിത്രത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കിയത്. ചിത്രം 600 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ചു. അതിന് ശേഷം 'ജയില'റിൻ്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് നെൽസൺ. വളരെയധികം പ്രതീക്ഷകളോടെ ഒരുങ്ങുന്ന രണ്ടാം ഭാഗത്തിന് 'ഹുകും' എന്നാണ് പേരിട്ടിരിക്കുന്നത് എന്നും ഒരു റിപ്പോർട്ടുണ്ട്. അതേ സമയം ഈ ചിത്രത്തിനായി ഒരു പ്രൊമോ വീഡിയോ പുറത്തിറക്കാനും ചിത്രത്തിന്റെ അണിയറപ്രവർത്തകൾ തീരുമാനിച്ചിട്ടുണ്ടെന്നും, അതിന്റെ ഷൂട്ടിംഗ് ഡിസംബർ അഞ്ചിന് തുടങ്ങും എന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ പ്രൊമോ വീഡിയോ ഡിസംബർ 12-ന് രജനികാന്തിൻ്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നതെന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഈ പ്രഖ്യാപനത്തിൽ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും ഉണ്ടാകുമത്രെ.