തമിഴിൽ ഈയിടെ പുറത്തുവന്നു സൂപ്പർ ഹിറ്റായ ചിത്രമാണ് 'ലവ് ടുഡേ'. പ്രതീപ് രംഗനാഥൻ സംവിധാനം ചെയ്തു, കഥാനായകനായും അഭിനയിച്ച ഈ ചിത്രത്തിൽ കഥാനായകിയായി അഭിനയിച്ചത് ഇവാനയായിരുന്നു. ചുരുങ്ങിയ ബഡ്ജറ്റിൽ, അതായത് ഏകദേശം 5 കോടി ചെലവിൽ നിർമ്മിച്ച ഈ ചിത്രം 90 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് പറയപ്പെടുന്നത്.
ഇപ്പോൾ വിജയ്-യിനെ നായകനാക്കി 'വാരിസ്സു' എന്ന ചിത്രം നിർമ്മിച്ചുവരുന്ന ദിൽ രാജുവാണ് 'ലവ് ടുഡേ'യെ തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്തത്. തമിഴിലെന്ന പോലെ തെലുങ്കിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി. ഇതോടെ ടോളിവുഡിലും ചിത്രം ഹിറ്റായതിനെ തുടർന്ന് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കാൻ കടുത്ത മത്സരം നടന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ മത്സരത്തിനൊടുവിൽ ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവായ ബോണി കപൂരാണ് 'ലവ് ടുഡേ'യുടെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ വാർത്ത കൂടാതെ ഈ ചിത്രം സംവിധാനം ചെയാൻ പോകുന്നത് ഡേവിഡ് ധവാനാണ് എന്നും അദ്ദേഹത്തിന്റെ മകനും, മുൻനിര ബോളിവുഡ് നടനുമായ വരുൺ ധവാനാണ് ചിത്രത്തിൽ നായകനായി എത്തുന്നത് എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇതിനു മുൻപ് തമിഴിൽ ഹിറ്റായ 'കാഞ്ചന', 'രാക്ഷസൻ', 'ജിഗർതണ്ട' തുടങ്ങിയ ചില ചിത്രങ്ങൾ ഹിന്ദിയിൽ റീമേക്കായി പുറത്തുവരികയുണ്ടായി. എന്നാൽ ഈ സിനിമകളെല്ലാം പരാജയമായിരുന്നു. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് 'ലവ് ടുഡേ' ഹിന്ദിയിൽ റീമേക്കാകുന്നത്. മുൻകാല ചിത്രങ്ങളുടെ ലിസ്റ്റിൽ 'ലവ് ടുഡേ' ഇടം പിടിക്കാതെ ഹിറ്റാകുമോ എന്ന് നാം കാത്തിരുന്നു കണ്ടറിയണം.