NEWS

വ്യത്യസ്ത വേഷങ്ങള്‍... വ്യത്യസ്ത കഥാപാത്രങ്ങള്‍... -ആര്‍ഷ ബൈജു

News

വ്യത്യസ്ത വേഷങ്ങള്‍; വ്യത്യസ്ത കഥാപാത്രങ്ങള്‍. വളര്‍ച്ചയുടെ പാതയിലേക്ക് പോകുന്ന ആര്‍ഷ ബൈജുവിന്‍റെ കരിയര്‍ഗ്രാഫ് വിശേഷങ്ങളുമായി ആര്‍ഷ നാനയ്ക്കൊപ്പം

നോട്ടത്തിലൂടെയും ചിരിയിലൂടെയും ആശയം അവതരിപ്പിക്കുക എന്നതാണ് ആര്‍ഷയിലെ നടി സ്വീകരിക്കുന്ന ഒരു മാര്‍ഗ്ഗം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.  തുടരും സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എങ്ങനെയാണ് മേരി എന്ന കഥാപാത്രത്തെ ആളുകള്‍ സ്വീകരിച്ചത്? എന്ത് തോന്നുന്നു?

ഗംഭീര ഫീഡ്ബാക്ക് ആണ് എനിക്ക് കിട്ടിയിട്ടുള്ളത്. ഞാനീ സിനിമയില്‍ അഭിനയിക്കുന്നുണ്ട് എന്നത് അധികം ആളുകള്‍ക്കും അറിയില്ലായിരുന്നു. കാരണമെന്തെന്നാല്‍ ഞാന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കൊന്നും പോയിട്ടില്ല എന്നതുതന്നെ. പിന്നെ ഞാന്‍ ആരോടും കഥാപാത്രത്തെപ്പറ്റി പറഞ്ഞിട്ടുമില്ല. എന്നോട് നന്നായി കണക്ട് ആയിട്ടുള്ള ആളുകളോടും ഞാന്‍ പറഞ്ഞിരുന്നില്ല. സിനിമയില്‍ പെട്ടെന്നായിരുന്നല്ലോ എന്‍റെ കഥാപാത്രത്തിന്‍റെ പ്രവേശനം. സിനിമ ഇറങ്ങിയതിനുശേഷം ഒരുപാട് പേര്‍ മെസ്സേജ് അയയ്ക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കുന്നുണ്ട്. വളരെ സന്തോഷത്തിലാണ് ഞാന്‍ ഇപ്പോള്‍.

ലാലേട്ടന്‍റെ കൂടെ അഭിനയിച്ചപ്പോള്‍ എന്തൊക്കെയായിരുന്നു അനുഭവങ്ങള്‍?

പൊതുവെ വലിയ രീതിയിലുള്ള എക്സൈറ്റ്മെന്‍റുകള്‍ ഒന്നും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. പക്ഷേ ലാലേട്ടന്‍റെ കൂടെ അഭിനയിച്ചപ്പോള്‍ അങ്ങനെ ആയിരുന്നില്ല. എനിക്ക് വലിയ എക്സൈറ്റ്മെന്‍റ് തോന്നിയിരുന്നു. എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ ഒക്കെ പറ്റിയിരുന്നു. അതുതന്നെ എനിക്ക് വലിയ സന്തോഷം തോന്നി. ഇതിനുമുന്നേ ഞാന്‍ അദ്ദേഹത്തെ ടി.വിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ലാലേട്ടന്‍ സെറ്റില്‍ വളരെ സാധാരണക്കാരനാണ് എന്നൊക്കെ പണ്ടുമുതലേ ആളുകള്‍ പറഞ്ഞുകേട്ടിട്ടുണ്ടല്ലോ. അതൊന്നും തന്നെ തള്ളല്ല എന്നാണ് എന്‍റെ മനസ്സിലാക്കല്‍. ലാലേട്ടന്‍ അദ്ദേഹത്തിന്‍റെ സീനുകള്‍ എല്ലാം വളരെ പെട്ടെന്ന്, ഈസിയായിട്ടാണ് ചെയ്യുന്നത്. തിയേറ്റര്‍ വിസിറ്റിന് പോകുമ്പോള്‍ നമ്മള്‍ ഒരുപാടുതവണ സിനിമ കാണുമല്ലോ. അപ്പോഴൊക്കെയും അദ്ദേഹത്തിന്‍റെ അഭിനയത്തിലെ വ്യത്യസ്തമായ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്.

സിനിമയില്‍ ലാലേട്ടനെപ്പോലെ തന്നെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കഥാപാത്രമാണ് പ്രകാശ് വര്‍മ്മയുടേത്. എങ്ങനെയായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള സ്ക്രീന്‍ ഷെയറിംഗ്?

അദ്ദേഹത്തിന് എന്‍റെ കൂടെയുള്ള സീനുകള്‍ അഭിനയിക്കുന്നതില്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം എന്നെ ടോര്‍ച്ചെറിംഗ്ചെയ്യുന്ന പോലെയുള്ള രംഗങ്ങളൊക്കെ ചെയ്യണമല്ലോ. സാര്‍ എപ്പോഴും ഞാന്‍ ഓക്കെയാണോ എന്നുള്ളത് ചോദിച്ചുകൊണ്ടായിരുന്നു ഇരുന്നത്.

തരുണ്‍ മൂര്‍ത്തി എന്ന ഒരു സംവിധായകന്‍റെ കഥ പറച്ചില്‍ രീതി എങ്ങനെയായിരുന്നു? എങ്ങനെയാണ് മേരി എന്ന കഥാപാത്രത്തെ ആര്‍ഷയോട് വിവരിച്ചത്?

ദുരഭിമാനക്കൊലയാണല്ലോ സിനിമയില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയം. എന്നോട് നരേറ്റ് ചെയ്യുമ്പോള്‍ പറഞ്ഞ റിയല്‍ ലൈഫ് ഇന്‍സിഡന്‍റ് കോട്ടയത്തെ കെവിനിന്‍റെയും നീനുവിന്‍റെയും കഥയാണ്. കെവിനും നീനുവുമാണ് ഞാന്‍ ചെയ്ത കഥാപാത്രത്തിന്‍റെ റഫറന്‍സ് ആയി സ്വീകരിച്ചത്. ഓരോ സീന്‍ എടുക്കാന്‍ പോകുന്നതിന് മുന്‍പും എന്താണ് കഥാപാത്രങ്ങള്‍ ചെയ്യേണ്ടത് എന്ന് കൃത്യമായി വിവരിച്ചുതരുമായിരുന്നു. എനിക്കൊക്കെ അഭിനയിക്കുന്നതിന് മുന്‍പ് ഒരുപാട് സഹായം ചെയ്ത് തന്നിരുന്നു. എനിക്കുള്ള ഈ ഇമോഷണല്‍ രംഗങ്ങളൊക്കെ എളുപ്പമാക്കാന്‍ അതെന്നെ കൂടുതല്‍ സഹായിച്ചിട്ടുണ്ട്.

വിടര്‍ന്ന കണ്ണുകള്‍ ഉള്ള ഒരു നായികയാണ് ആര്‍ഷ. ആവറേജ് അമ്പിളിയില്‍ അഭിനയിക്കുന്ന സമയത്തും തുടരുമിലും കണ്ണുകള്‍ക്ക് തിളക്കം കുറഞ്ഞ ആത്മവിശ്വാസം ഇല്ലാത്ത ഒരു പെണ്‍കുട്ടി ആയാണ് ആര്‍ഷ വേഷമിട്ടിരിക്കുന്നത്. എങ്ങനെയായിരുന്നു ആ തയ്യാറെടുപ്പുകള്‍?

അതിനുവേണ്ടി പ്രത്യേകമായി തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിരുന്നില്ല. ഓരോ കഥാപാത്രത്തിനനുസരിച്ച് അത് മാറിവരുന്നു എന്നേയുള്ളൂ.

സാധാരണഗതിയില്‍ ഒരു കഥാപാത്രം മികച്ചതായെങ്കില്‍ പിന്നീട് ആ കഥാപാത്രത്തിലേക്ക് തന്നെ ഒരു ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ആര്‍ഷയുടെ കാര്യത്തില്‍ സംഗതി വിപരീതമാണ്. പതിനെട്ടാം പടി മുതല്‍ തുടരും വരെ അത് ഉണ്ട്. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ആര്‍ഷ വളരെ വിജയകരമായ അവതരിപ്പിച്ചിട്ടുള്ളത്. 

എങ്ങനെയാണ് ആര്‍ഷയുടെ സ്ക്രിപ്റ്റ് സെലക്ഷന്‍?

ഒരേപോലെയുള്ള കഥാപാത്രങ്ങളാണ് എന്നെത്തേടിയെത്തുന്നത് എന്നതിലും അത് എനിക്ക് ചെയ്യുന്നതിലും ഒരു ബുദ്ധിമുട്ടുമില്ല. നമുക്കത് ശരിക്കും ഈസി ആണല്ലോ ചെയ്യാന്‍. അങ്ങനെയേ ഞാന്‍ അതിനെ കാണുന്നുള്ളൂ. മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ മീനാക്ഷി എന്ന കഥാപാത്രം അവസാനം പറയുന്ന ഡയലോഗ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നുവല്ലോ. അതിനുശേഷം എനിക്ക് വന്ന ഒന്നുരണ്ട് സിനിമകളില്‍ അത്തരം ഡയലോഗുകള്‍ ഉണ്ടായിരുന്നു. ആവറേജ് അമ്പിളിയാണ് അതുപോലെ അധികം ആളുകള്‍ ശ്രദ്ധിച്ച ഒരു വര്‍ക്ക്. അതേ ടൈപ്പ് കഥാപാത്രം ഉള്ള വര്‍ക്കുകള്‍ പിന്നെ തേടിയെത്തിയിരുന്നു. ആ സിനിമയും കൂടെ എനിക്കിഷ്ടപ്പെട്ടാലെ ഞാനത് ചെയ്യാന്‍ തയ്യാറാകൂ. അല്ലാതെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പിന്നെ നല്ല ക്ഷമയുള്ള കൂട്ടത്തിലാണ് ഞാന്‍. കുറച്ചുസമയം കാത്തിരുന്നാലും നല്ല വര്‍ക്കുകള്‍ വരുമ്പോള്‍ ചെയ്യാം എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്.

ഇതുവരെ 8 സിനിമയാണ് ആര്‍ഷ അഭിനയിച്ചിട്ടുള്ളത്. ലാലേട്ടന്‍ ഉള്‍പ്പെടെ ഉള്ള വലിയ അഭിനേതാക്കളുടെ കൂടെയും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നു. ആര്‍ഷ എന്ന ഒരു അഭിനേത്രി പ്രതീക്ഷിച്ചതുപോലെ തന്നെയാണോ ആര്‍ഷയുടെ കരിയറിന്‍റെ ഗ്രാഫ് പോകുന്നത്?

സിനിമാജീവിതം തുടങ്ങുമ്പോള്‍ തന്നെ എനിക്ക് പ്രത്യേകിച്ച് ഒരു പ്ലാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അതെനിക്ക് ഇപ്പോഴും ഇല്ല കേട്ടോ. പക്ഷേ ഞാന്‍ ആഗ്രഹിച്ച ഒരു പാതയില്‍ കൂടെത്തന്നെയാണ് ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത് എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. അതായത് എന്‍റെ ഗ്രാഫ് ശരിയായ ഉയര്‍ച്ചയിലാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എങ്ങനെയാണ് ആര്‍ഷയുടെ സെലിബ്രിറ്റി ലൈഫ് മുന്നോട്ടുപോകുന്നത്?

സെലിബ്രിറ്റികളോടുള്ള അപ്രോച്ച് ആളുകള്‍ക്ക് വളരെയധികം മാറിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. കാരണം ഇന്ന് നമ്മള്‍ സെലിബ്രിറ്റികളെ എല്ലായിടത്തും കാണുന്നുണ്ട്. ഇടപഴകാനും പറ്റുന്നുണ്ട്. സോഷ്യല്‍ മീഡിയ കാലത്തിനുമുന്നേ ഒരുപക്ഷേ സെലിബ്രിറ്റികളെ കാണുമ്പോള്‍ കൗതുകം ഒക്കെ ഉണ്ടായിരുന്നിരിക്കാം. ഇന്ന് അങ്ങനെയല്ലല്ലോ. ആളുകള്‍ അടുത്തുവന്ന് നമ്മളോട് വര്‍ക്കിനെക്കുറിച്ച് ഒക്കെ സംസാരിക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്.

 


LATEST VIDEOS

Interviews