'പ്രിന്‍സ് ആന്‍റ് ഫാമിലി' എന്ന ദിലീപ് നായകനായ സിനിമ പ്രേക്ഷകപ്രീതി നേടി തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആ സിനിമയിലെ ഒരു നായികയായ മീനാക്ഷി മാധവി ചാലക്കുടിയിലെ സ്വവസതിയിലിരുന്ന് സന്തോഷിക്കുന്നുണ്ട്.
അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ആത്മസംതൃപ്തി നേടുകയാണ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്ന മീനാക്ഷി അപ്രതീക്ഷിതമായി ലഭിച്ച വിജയം മനസ്സില്‍ ആഘോഷിക്കുകയാണ്.
ഓഡിഷന്‍ വഴിയാണ് അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ തനിക്ക് കഴിഞ്ഞതെന്ന് മീനാക്ഷി പറഞ്ഞു. ആദ്യം പ്രൊഫൈല്‍ അയച്ചുകൊടുത്തിട്ടും സിനിമയുടെ ഭാഗത്തുനിന്നും യാതൊരു റെസ്പോണ്‍സും ഉണ്ടായിരുന്നില്ല. എന്നെ സെലക്ട് ചെയ്യുന്നില്ലെന്ന തീരുമാനത്തില്‍ എന്‍റെ പ്രൊഫൈല്‍ മാറ്റിവച്ചിട്ടുണ്ടാകുമെന്ന് കരുതിയ മീനാക്ഷി ഒരാവര്‍ത്തികൂടി പരീക്ഷിക്കാമെന്ന് തീരുമാനിച്ചുകൊണ്ട് വീണ്ടും പ്രൊഫൈല്‍ അയച്ചുകൊടുത്തു. മീനാക്ഷിയുടെ ആ ദൗത്യമായിരുന്നു ഭാഗ്യത്തിലേയ്ക്ക് വഴിതെളിച്ചത്. അപ്പോഴാണ് മീനാക്ഷിയെ നോട്ടീസ് ചെയ്തത്. ഓഡിഷന് വിളിപ്പിക്കുകയും രണ്ട് റൗണ്ട് ഓഡിഷനില്‍ പങ്കെടുക്കുകയും ചെയ്തു. അങ്ങനെ പ്രിന്‍സിന്‍റെ കുടുംബത്തിലെ ഒരംഗമായി മാധവി മാറി.

'ഞാന്‍ ദിലീപേട്ടന്‍റെ പല സിനിമകളും കണ്ടിട്ടുണ്ട്. ബിഗ്സ്ക്രീനിലും ടി.വിയിലുമൊക്കെ കണ്ടിട്ടുള്ള ദിലീപേട്ടനെ ഈ സെറ്റില്‍ വച്ചാണ് ആദ്യമായി നേരില്‍ കാണുന്നത്. തുടക്കം മുതലെ അതിന്‍റെയൊരു എക്സൈറ്റ്മെന്‍റ് എനിക്കുണ്ടായിരുന്നു. ദിലീപേട്ടനെ ആദ്യം കാണുന്ന നിമിഷത്തില്‍ അത് റിയലൈസ് ചെയ്തുവരാന്‍ അല്‍പ്പം സമയമെടുത്തു. കുറച്ചുകഴിഞ്ഞാണ് സെറ്റിന്‍റെ മൂഡിലേയ്ക്ക് ഞാന്‍ പോയതുതന്നെ. ആദ്യകാഴ്ചയില്‍ തന്നെ വളരെ കാഷ്വലായി തന്നെ ദിലീപേട്ടന്‍ സംസാരിച്ചു. വളരെ കൂളായുള്ള ആ ബിഹേവിയര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരു സമാധാനമായി. ലൊക്കേഷനില്‍ ദിലീപേട്ടന്‍ എപ്പോഴും ഫണ്‍ ആയിരുന്നു. നല്ലൊരു എക്സ്പീരീയെന്‍സ് തന്നെയായിരുന്നു എനിക്കുണ്ടായത്.'
സംവിധായകന്‍ ബിന്‍റൊ സ്റ്റീഫന്‍റെ ആദ്യ സിനിമയാണല്ലോ. അദ്ദേഹം കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചുതന്നത് പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവൊ?
തീര്‍ച്ചയായും. അന്ന എന്ന കഥാപാത്രത്തെക്കുറിച്ച് വളരെ ഡീറ്റെയിലായി എനിക്ക് പറഞ്ഞുതന്നിരുന്നു. ബിന്‍റൊ ചേട്ടന്‍ നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് അന്ന് കഥയും കഥാപാത്രവും ഒക്കെ പറഞ്ഞുതന്നപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു. അതുപോലെതന്നെ റൈറ്റര്‍ ഷാരീസ് ചേട്ടന്‍ കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചുതന്നത് നല്ല രസകരമായി തന്നെയായിരുന്നു. സീന്‍ ബൈ സീന്‍... , ക്യാരക്ടര്‍ ബൈ ക്യാരക്ടര്‍... ഡയലോഗ് ബൈ ഡയലോഗ് എനിക്ക് പറഞ്ഞുതന്നിരുന്നു. ഇങ്ങനെ കൃത്യമായും വ്യക്തമായും റൈറ്റര്‍ തന്നെ എല്ലാം പറഞ്ഞുതരുമ്പോള്‍ അത് വളരെ വാല്യൂ ഉള്ള കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.-മീനാക്ഷി മാധവി പറഞ്ഞു.

മീനാക്ഷിയുടെ ആദ്യസിനിമ മധുരമനോഹരമാണ്. അതും ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ ചിത്രമായിരുന്നു.
കാലടി കോളേജില്‍ പഠനം നടക്കുന്നതിനിടയിലാണ് മീനാക്ഷിയുടെ മനസ്സിലേയ്ക്ക് അഭിനയമോഹം ചേക്കേറിയത്. എം.എ മോഹിനിയാട്ടമായിരുന്നു പഠിച്ചത്. അവിടെ തീയേറ്റര്‍ ഡിപ്പാര്‍ട്ടുമെന്‍റ് കൂടി ഉണ്ടായിരുന്നതുകൊണ്ട് നാടകം ചെയ്യാറുണ്ടായിരുന്നു. നൃത്തവും നാടകവും അഭിനയവും ഒക്കെ ആയപ്പോഴാണ് ഇത് സീരിയസായി എടുത്തുതുടങ്ങിയത്.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ സിനിമയാണ് ഫോക്കസ് ചെയ്യുന്നത്. നല്ല കഥയും മികച്ച കഥാപാത്രവും ലഭിച്ചാല്‍ മലയാളത്തിലായാലും തമിഴിലായാലും അഭിനയിക്കുക എന്നതുതന്നെയാണ് ആഗ്രഹമെന്ന് മീനാക്ഷി പറയുകയുണ്ടായി.
ജി. കൃഷ്ണന്‍