മലയാളത്തിൽ റിലീസായി വിജയിച്ച ഒരുപാട് ചിത്രങ്ങൾ തമിഴിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ മറ്റൊരു മലയാള ചിത്രം കൂടി തമിഴിൽ റീമേക്കായി വരികയാണ്. റാഫി സംവിധാനം ചെയ്തു ദിലീപ്, കീർത്തി സുരേഷ്, ഹണിറോസ് എന്നിവർ അഭിനയിച്ചു, 2014-ൽ പുറത്തിറങ്ങി മികച്ച സ്വീകാര്യതയും, കളക്ഷനും നേടിയ 'റിംഗ് മാസ്റ്റർ' ആണ് തമിഴിൽ റീമേക്കാകുന്നത്. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന മലയാള ചിത്രം അതേ പേരിൽ തമിഴിൽ റീമേക്ക് ചെയ്തു സംവിധാനം ചെയ്ത ആർ.കണ്ണൻ ആണ് തമിഴ് 'റിംഗ് മാസ്റ്റർ' ഒരുക്കുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ മലയാളത്തിൽ നായ പരിശീലകനായി ദിലീപ് അഭിനയിച്ച കഥാപാത്രം അവതരിപ്പിക്കുന്നത് ആർ.കെ. എന്ന രാധാകൃഷ്ണനാണ്. 'നാദിയ കൊല്ലപ്പെട്ട രാത്രി'യുടെ തമിഴ് റീമേക്കായ 'വൈഗൈ എക്സ്പ്രസ്സ്', 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 'എല്ലാം അവൻ സെയ്യൽ' തുടങ്ങി പല ചിത്രങ്ങളിൽ നായകനായി അഭിനയിച്ച താരമാണ് ആർ.കെ. മലയാളത്തിൽ കീർത്തി സുരേഷ് അവതരിപ്പിച്ച അന്ധയായ സ്ത്രീയുടെ വേഷം പഞ്ചാബി നടി മാൽവി മൽഹോത്രയാണ് അവതരിപ്പിക്കുന്നത്. ഹണിറോസ് അവതരിപ്പിച്ച കഥാപാത്രത്തെ അഭിരാമിയാണ് അവതരിപ്പിക്കുന്നത്. തകൃതിയായി ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.