NEWS

ഞാൻ കണ്ട മുഖങ്ങളാണ് മെജോ: നടനായും തിരക്കഥാകൃത്തായും തിളങ്ങുകയാണ്;ഡിനോയ് പൗലോസ്

News

ഐഡന്റിറ്റി ക്രൈസിസ്, സോഷ്യൽ ആംക്‌സൈറ്റി ഡിസ് ഓർഡർ തുടങ്ങി ഒരു മനുഷ്യന് ആത്മവിശ്വാസമില്ലാതെയാവാൻ മറ്റെന്തെങ്കിലും വേണോ? അത്തരത്തിലുള്ളവർ നമുക്ക് ചുറ്റും ഉണ്ടെങ്കിലും പലപ്പോഴും നമ്മളിൽ പലരും അത്തരക്കാരെ മനസ്സിലാക്കാൻ ശ്രമിക്കാറില്ല. നമുക്കിടയിൽ ഉള്ള ഒരാൾ തന്നെയാണ് വിശുദ്ധ മെജോയിലെ മെജോ. മെജോ എന്ന കഥാപാത്രത്തെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എഴുതി വയ്ക്കാനും അതിനെ അഭിനയിച്ച് ഫലിപ്പിക്കാനും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡിനോയ് പൗലോസ് തന്നെ എഴുതി തയ്യാറാക്കിയ മെജോവിനെ ഡിനോയ്ക്ക് തന്നെ അഭിനയിക്കാൻ സാധിച്ചതിൽ ഡിനോയ് എന്ന ആക്ടറെയും തിരക്കഥാകൃത്തിനെയും സംതൃപ്തിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഡിനോയ് സംസാരിച്ചുതുടങ്ങി..

 

മെജോ ഡിനോയ്‌യുടെ ജീവിതവുമായിഎത്ര അടുത്തുനിൽക്കുന്നു...?

മെജോ എന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലും ഞാൻ കണ്ടുമുട്ടിയ പലരിൽ നിന്നും, ചില സാഹചര്യങ്ങളിൽ എന്നിൽ നിന്നുമെല്ലാം ഞാൻ വായിച്ചെടുത്ത കഥാപാത്രമാണ്. ഡിഗ്രിക്ക് ആദ്യമായി കോളേജിൽ പോയപ്പോൾ അവിടെയുള്ള ശൈലികളും പുതിയ കാഴ്ചകളുമെല്ലാം പുതുമ തോന്നിയെങ്കിലും പെട്ടെന്ന് അതുമായെല്ലാം ഞാൻ സെറ്റായിട്ടുണ്ട്. ചിലരൊക്കെ കോളേജിൽ വരുന്നു. ആരുമായി ഒരു ബന്ധവുമില്ല. ഒരു പേനപോലും വേറൊരാളുടേത് വാങ്ങാത്ത ടൈപ്പ് മനുഷ്യരുണ്ട്. ക്ലാസ് കഴിഞ്ഞാൽ വീട്ടിലേക്കും ഓടും. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട് അവരെയെല്ലാം കണ്ടിട്ട്. അന്നേ അത്തരത്തിൽ ഓരോരുത്തരെ കാണുമ്പോൾ മനസ്സിൽ കുറിച്ചിടുമായിരുന്നു. കാലങ്ങളായി ഞാൻ കണ്ട പലരുടേയും ഒരു രൂപമാണ് മെജോയ്ക്ക്. എനിക്ക് ഇപ്പോഴും ഒരു കഥയെഴുതി അത് പ്രൊഡ്യൂസറെ കൺവിൻസ് ചെയ്യിപ്പിക്കുക എന്നത് ടാസ്‌ക്കുള്ള പരിപാടിയാണ്. മെജോയുടെ കുഞ്ഞുകുഞ്ഞു ഷെയ്ക്ക് എല്ലാം മുന്നിലുണ്ട്. പത്രോസിന്റെ പടപ്പുകളിലെ അതേ ലുക്കാണല്ലോ മെജോയിലുമെന്നും പലരും പറഞ്ഞിരുന്നു. പത്രോസ് കഴിഞ്ഞയുടനെ പോയി ചെയ്തതായിരുന്നു. ഒരേ ലുക്കായിട്ട് രണ്ട് എക്‌സ്ട്രീം സ്വഭാവമുള്ള കഥാപാത്രത്തെ ചെയ്യാൻ കഴിഞ്ഞുവെന്ന കാര്യത്തിൽ നടനെന്ന നിലയിൽ സന്തോഷവാനാണ് അതിൽ അഭിമാനവുമുണ്ട്. സിനിമ കണ്ടതിൽ കൂടുതൽ പേർക്കും മെജോയെ മനസ്സിലാക്കാനായി എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.

 

ബാലൻസിംഗായി കൊണ്ടുപോയില്ലെങ്കിൽ പാളിച്ച സംഭവിക്കാൻ സാധ്യതയുള്ള കഥ?

അതിൽ ഒരു പേടിയുണ്ടായിരുന്നു. എന്റെയുള്ളിലും എന്റെ കൂടെ ഉള്ളവരോടുപോലും കഥ പറഞ്ഞു കൺവിൻസിംഗ് ചെയ്യാൻ എനിക്ക് പാടായിരുന്നു. പലർക്കും സിനിമയുടെ ഔട്ട് ഇറങ്ങിയപ്പോഴാണ് ഇതിൽ സംസാരിക്കുന്ന വിഷയം എന്തെന്ന് മനസ്സിലായത്. നമുക്ക് ചുറ്റുമുള്ളവരിൽ കൂടുതൽ പേരും അവർ അവരുടെ ഉള്ളിലേക്കും അവർക്ക് അറിയാവുന്ന ചുരുക്കം പേരിലേക്കും മാത്രമായി ചുരുങ്ങിപ്പോവാറുണ്ട്. ഇതൊക്കെ സിനിമയ്ക്ക് വേണ്ടി മാത്രം വരച്ചെടുക്കുന്ന കഥാപാത്രങ്ങളാണ്. അത് പ്രേക്ഷകർക്ക് എത്രത്തോളം കൺവിൻസിംഗ് ആവുമെന്ന ഒരു ചിന്ത ഉണ്ടായിരുന്നു. അതേപോലെ സിനിമയുടെ ആദ്യപകുതിയിൽ കാണുന്ന മെജോയെ അല്ല നമ്മൾ രണ്ടാം പാതിയിൽ കാണുന്നത്. അതെല്ലാം ബാലൻസിംഗായി തന്നെ കൊണ്ടുപോകുക എന്നത് അത്രയും ശ്രദ്ധിച്ച് ചെയ്തതാണ്.

 

ചിലത് ഗ്ലോറിഫൈ ചെയ്യാതെ കാണിച്ചതിനെക്കുറിച്ച്?

മെജോ ആദ്യപകുതിയിൽ കാണുന്ന സ്വഭാവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സ്വഭാവം കാണിക്കുന്നുമുണ്ട്. വളരെ പാവം എന്ന ഇമേജിൽ നിന്ന് മെജോയുടെ ഉള്ളിലുള്ള ടോക്‌സിറ്റി പുറത്തുവരുന്നുണ്ട്. അത് വേണമെങ്കിൽ ഗ്ലോറിഫൈ ചെയ്ത് ആ പ്രണയബന്ധത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാം. എന്നാൽ എന്റെ കഥയിലെ മെജോ ജീന എത്ര പറഞ്ഞിട്ടും അത് മനസ്സിലാക്കാതെ അവളെ പിന്തുടർന്ന് ശല്യം ചെയ്യുന്ന ആളാണ്. ജീന അതിൽ പറയുന്നുണ്ട് നിന്നെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയാണെന്ന്. അത് കണ്ടിരിക്കുന്നവർക്കും ഫീൽ ചെയ്‌തെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി. എന്നാൽ മെജോയെ ടോക്‌സിക് കാമുകൻ ആക്കിയിട്ടല്ല സിനിമ നിർത്തുന്നത്. അയാൾ തന്റെ തെറ്റുകൾ മനസ്സിലാക്കി പലതും ബ്രേക്ക് ചെയ്തു പുതിയൊരാൾ ആവുകയാണ്.

ഡിനോയ് നേരിടുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച്?

സ്റ്റീരിയോടൈപ്പ് നായക സങ്കൽപ്പങ്ങളിൽ നിന്ന് മാറി നിൽക്കുന്നതുകൊണ്ടാണോ എന്നറിയില്ല ഇപ്പോഴും എനിക്ക് വലിയ സ്വീകാര്യത ലഭിക്കാത്തത്. എന്റെ നാട്ടിൽ ആണെങ്കിൽ പോലും ഞാൻ സിനിമയിൽ പ്രൂവ് ചെയ്തിട്ടും എന്നെ അംഗീകരിക്കാത്തവർ ഉണ്ട്. എന്റെ ഓരോ സിനിമകളും വരുമ്പോൾ എനിക്കുണ്ടാകുന്ന മാറ്റങ്ങൾ എനിക്ക് തന്നെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. അതുമാത്രമല്ല എന്റെ അത്രയും അടുത്ത് നിൽക്കുന്നവരും പറയാറുണ്ട്. എന്നിട്ടും മെജോ ഇറങ്ങിയപ്പോൾ പല കമന്റ്‌സും കണ്ടിരുന്നു. ഡിനോയ് ഇനി മറ്റാർക്കെങ്കിലും വേണ്ടി തിരക്കഥ എഴുതെന്ന്. ഞാൻ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സിനിമയിൽ വന്നയാളാണ്. സിനിമയിൽ നിൽക്കാൻ വേണ്ടി തിരക്കഥാകൃത്തായൊരാൾ. അതുകൊണ്ടുതന്നെ ഞാൻ എന്ന നടനെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള കമന്റുകളെല്ലാം കാണാറുണ്ട്. എന്നിലെ നടനെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ട്. തുറന്ന വിമർശനങ്ങളെല്ലാം വേണം. അല്ലാതെ എന്നോട് അഭിനയിക്കരുതെന്നൊന്നും പറയുന്നത് ശരിയായ കാര്യമായി എനിക്ക് തോന്നുന്നില്ല.


LATEST VIDEOS

Interviews