NEWS

'ഉള്ളൊഴുക്ക്' എന്‍റെ പ്രയത്നങ്ങളുടെയും, മാനസിക സംഘര്‍ഷങ്ങളുടെയും ഇറക്കത്തിന്‍റെയും കയറ്റത്തിന്‍റെയും പ്രയാണമായിരുന്നു... -Christo Tomy

News

സംവിധായകന്‍ എന്ന നിലയില്‍ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയില്‍ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...

സിനിമയിലേക്കുള്ള തുടക്കവും രണ്ട് നാഷണല്‍ അവാര്‍ഡും

സ്ക്കൂള്‍ കാലഘട്ടത്തില്‍ തിയേറ്ററില്‍ പോയി കണ്ട സ്ഫടികവും കമ്മീഷണറും എല്ലാം ഉള്ളില്‍ സിനിമയുടെ വിത്ത് പാകിയിട്ടുണ്ട്. അന്ന് കാസറ്റ് വാങ്ങി സിനിമകള്‍ കാണുന്ന രീതിയായിരുന്നു. ഏതൊരു സാധാരണക്കാരനെയും പോലെ സിനിമയോട് ഒരു താല്‍പ്പര്യം ആ പ്രായത്തിലെപ്പോഴോ തോന്നിത്തുടങ്ങിയതാണ്. അമ്മ ഷൈനി ടോമി നന്നായിട്ട് എഴുതുമായിരുന്നു. അതിന്‍റെ ചുവടുപിടിച്ചു ഞാനും എഴുതാനും വായിക്കാനും തുടങ്ങി. പഠിക്കാന്‍ മിടുക്കനായിരുന്ന ഞാന്‍ ഏതെങ്കിലും സയന്‍സ് മേഖലയില്‍ എത്തിപ്പെടും എന്നാണ് എല്ലാവരും വിധിയെഴുതിയത്. എന്നാല്‍ ഉള്ളില്‍ പണ്ട് പാകിയ സിനിമയുടെ വിത്തുകള്‍ വളക്കൂറോടെ ഉള്ളില്‍ മുളച്ചുപൊന്തിയിരുന്നു. 

സിനിമ പഠിക്കണം എന്ന് അതിയായി ആഗ്രഹിച്ചു. പ്ലസ് ടു കഴിഞ്ഞ് സിനിമ പഠിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയപ്പോഴാണ് ഡിഗ്രി  അടിസ്ഥാനം ആയി വേണം എന്നത് അറിയുന്നത്. അങ്ങനെ തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍ പഠിച്ചു. കണക്കില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ഞാന്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് പാതിവഴിയില്‍ നിര്‍ത്തിയതിന് അമ്മ നിര്‍ത്താതെ കരഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. സിനിമയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു വീട്ടില്‍ സിനിമ കരിയര്‍ ആയി എടുക്കണം എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു.

പക്ഷേ ആഗ്രഹം ശക്തമായതുകൊണ്ട്, എന്‍ട്രെന്‍സ് എഴുതി കൊല്‍ക്കത്ത സത്യജിത് റായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ പോയി. ഇന്‍സ്റ്റിറ്റ്യൂഷന്‍ പ്രോജക്ടിന്‍റെ ഭാഗമായി ആദ്യമായി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ആയിരുന്നു കന്യക. വളരെ അപ്രതീക്ഷിതമായി ആ ഷോര്‍ട്ട് ഫിലിമിന് 2014 ല്‍ മികച്ച സംവിധായകനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ചു. ജീവിതത്തില്‍ മറക്കാന്‍ ആവാത്ത ഒരു നിമിഷമായിരുന്നു അത്. നാഷണല്‍ അവാര്‍ഡ് വാങ്ങാന്‍ കുടുംബസമേതം ആണ് ഡെല്‍ഹിക്ക് പോയത്. ഞാന്‍ അവാര്‍ഡ് വാങ്ങുമ്പോള്‍, അമ്മയും അച്ഛനും എല്ലാം അഭിമാനത്തോടെ ഇരിക്കുന്ന കാഴ്ച ഇന്നും ഓര്‍മ്മയിലുണ്ട്.

പിന്നീട് 2016 ല്‍ ഡിപ്ലോമ പ്രോജക്ടിന്‍റെ ഭാഗമായി ചെയ്ത മറ്റൊരു ഷോര്‍ട്ട് ഫിലിം ആയിരുന്നു കാമുകി. ഒരു പതിനേഴ് വയസുകാരി തന്‍റെ കാമുകനില്‍ നിന്ന് ഗര്‍ഭിണി ആകുന്നതിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു പ്രമേയം. 2016 ല്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം കാമുകിക്കായിരുന്നു.

കറി ആന്‍ഡ് സയനൈഡ്!!!

സത്യത്തില്‍ സിനിമ പഠനവും ദേശീയ പുരസ്ക്കാരത്തിന്‍റെ തിളക്കവും ആയപ്പോള്‍ ഞാന്‍ കരുതിയത് ഉടന്‍ സിനിമ സംഭവിക്കും എന്നായിരുന്നു. എന്നാല്‍ ആ പ്രോസസ് അത്ര എളുപ്പം ആയിരുന്നില്ല. ഉള്ളൊഴുക്കിന്‍റെ പണിപ്പുരയില്‍ ഇരിക്കെ തന്നെയാണ് നെറ്റ്ഫ്ളിക്സില്‍ ഇന്ത്യന്‍ പ്രെഡേറ്റേര്‍സ് എന്ന ഡോക്യുമെന്‍ററികള്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചനവരുന്നത്. അന്ന് ജോളിയമ്മ എന്ന കേരളം കണ്ട ഏറ്റവും വലിയ  ക്രിമിനലിനെകുറിച്ച് ഡോക്യുമെന്‍ററി ചെയ്യാന്‍ എന്നെ നിര്‍ദ്ദേശിച്ചത് ഗീതുമോഹന്‍ദാസ് ആയിരുന്നു. വലിയ സ്വീകാര്യതയോ, ഫാന്‍ ബെസോ ഉള്ള ഒന്നല്ല ഡോക്യുമെന്‍ററി. അതുകൊണ്ടുതന്നെ ഡോക്യുമെന്‍ററി ചെയ്യണോ എന്ന് ഞാന്‍ സംശയിച്ചിരുന്നു. ഒരു രാത്രി ഭാര്യ റോസ്, ജോളിയുടെ കഥ ഫോണിലൂടെ വിവരിച്ച അന്ന് ഞാന്‍ ആകെ ഡിസ്റ്റര്‍ബ്ഡ് ആയിരുന്നു. ഭംഗിയായി, ആരെയും വേദനിപ്പിക്കാതെ ചെയ്യണം എന്നത് മാത്രമായിരുന്നു ആഗ്രഹം. കറി ആന്‍ഡ് സയനൈഡ് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അതിന്‍റെ സ്വീകാര്യത കണ്ട് ഞെട്ടി.

ഇറക്കങ്ങളുടെയും കയറ്റങ്ങളുടെയും ഉള്ളൊഴുക്ക്

നാഷണല്‍ അവാര്‍ഡ് നേടിയപ്പോള്‍ കരുതിയത്, പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യണം എന്നായിരുന്നു. പക്ഷെ സിനിമ വിചാരിച്ചത്ര എളുപ്പം ഉള്ള യാത്രയായിരുന്നില്ല. ഏകദേശം എട്ടോളം വര്‍ഷം എടുത്തു ഉള്ളൊഴുക്ക് എന്ന ആദ്യ സിനിമ സംഭവിക്കാന്‍. പണ്ടുതൊട്ട് ഏറെ ആരാധനയുണ്ടായിരുന്ന അഭിനേത്രി ആയിരുന്നു ഉര്‍വ്വശിചേച്ചി. ഉര്‍വ്വശി എന്ന പ്രതിഭയെ അല്ലാതെ മറ്റൊരാളെ എനിക്ക് ഉള്ളൊഴുക്കിലേക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ആദ്യമായി ഈ കഥ പറഞ്ഞ അന്ന് ഉര്‍വ്വശിചേച്ചിയും പാര്‍വ്വതിയും നിരസിച്ചു. അതിനിടയില്‍ വിഷയത്തിന് മലയാളികള്‍ക്ക് ഇടയില്‍ സ്വീകാര്യത ലഭിക്കില്ലെന്നും സ്ത്രീപക്ഷ സിനിമ എന്ന നിലയിലും പല പ്രൊഡ്യൂസേഴ്സും പിന്‍വാങ്ങിയിരുന്നു.

അപ്പോഴാണ് ഉള്ളൊഴുക്കിന്‍റെ കഥ സിനിസ്ഥാന്‍ ഇന്ത്യന്‍ സ്റ്റോറിറ്റല്ലേഴ്സ് കോണ്ടസ്റ്റിലേക്ക് അയയ്ക്കുന്നതും, അതിന്‍റെ ഫസ്റ്റ് പ്രൈസ് ലഭിക്കുന്നതും. അത് ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അതോടെ ബോംബെയില്‍ നിന്നും ഉള്ളൊഴുക്കിനെത്തേടി പ്രൊഡ്യൂസേഴ്സ് എത്തി. തിരക്കഥയില്‍ കുറച്ചുകൂടെ എഫര്‍ട്ട് ഇട്ട് മികച്ചതാക്കി. വീണ്ടും പാര്‍വ്വതിയെ കാണാനിടയായി. കഥ പറഞ്ഞു, ഓപ്പോസിറ്റ് ഉര്‍വ്വശി ചേച്ചി ആണെന്ന് പറഞ്ഞ പാടെ ചെയ്യാന്‍ പാര്‍വ്വതി തയ്യാറായി. വര്‍ഷങ്ങള്‍ക്കുശേഷവും പലതവണ ഉര്‍വശി ചേച്ചിയെ കണ്ടു. ഒടുവില്‍ അതിന്‍റെ ശരിയായ സമയത്ത്, ആഗ്രഹിച്ചപോലെ എല്ലാവരും ഉള്ളൊഴുക്കിലേക്ക് എത്തിപ്പെട്ടു. സിനിമ സംഭവിച്ചു. 

തിരിഞ്ഞു നോക്കുമ്പോള്‍, ഉള്ളൊഴുക്ക് എന്‍റെ പ്രയത്നങ്ങളുടെയും, മാനസിക സംഘര്‍ഷങ്ങളുടെയും ഇറക്കത്തിന്‍റെയും കയറ്റത്തിന്‍റെയും പ്രയാണമായിരുന്നു. ഉള്ളൊഴുക്കിലേതുപോലെ ഒരു സംസ്ക്കാരച്ചടങ്ങ് എന്‍റെ കുടുംബത്തിലും സംഭവിച്ചിട്ടുണ്ട്. ഒരുപക്ഷേ, ആ സന്ദര്‍ഭങ്ങള്‍ ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ള കൊണ്ടായിരുന്നിരിക്കണം, പലരും എതിര്‍ത്തിട്ടും ആ കഥ മാറ്റാന്‍ ഞാന്‍ തയ്യാറാകാത്തത്. സിനിമ ഇറങ്ങി ഉള്ളൊഴുക്കിന് ഉര്‍വ്വശി ചേച്ചിക്ക് സംസ്ഥാന അവാര്‍ഡ് എന്ന വാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്തൊരു സന്തോഷം ആയിരുന്നു. 

ദൃഢനിശ്ചയത്തിന്‍റെയും ആഗ്രഹത്തിന്‍റെയും ശക്തിയാണ് ആ വിജയം. ഒരുപക്ഷേ സിനിമയിലേക്ക് ഉള്ള യാത്ര ഇത്രമേല്‍ കഠിനമായിരുന്നു എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍, ഞാന്‍ ഇതിലേക്ക് ഇറങ്ങിത്തിരിക്കില്ലായിരുന്നു എന്ന് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. ഉള്ളൊഴുക്ക് സമ്മാനിച്ച അനുഭവങ്ങള്‍ ഏറെയാണ്. മുട്ടറ്റം വെള്ളത്തില്‍ ആയിരുന്നു ഷൂട്ട്. ഉള്ളൊഴുക്കിനെ സ്വീകരിച്ച പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും മതയാവില്ല. ഇനി അടുത്ത പ്രോജക്ട് എന്ന നിലയില്‍ സിനിമ ചര്‍ച്ചയിലുണ്ട്. കൂടാതെ ഒരു ഹിന്ദി വെബ്സീരീസ് കമ്മിറ്റ് ചെയ്തിട്ടുണ്ട്.

 


LATEST VIDEOS

Interviews