തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ ഹരികുമാർ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 70 വയസായിരുന്നു. നാല് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഹരികുമാർ.
1981ൽ പുറത്തിറങ്ങിയ ആമ്പൽപ്പൂവ് ആണ് ആദ്യ ചിത്രം. 2022ൽ റിലീസ് ചെയ്‌ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനമായി സംവിധാനം ചെയ്‌തത്. ജാലകം, ഊഴം, ഉദ്യാനപാലകൻ തുടങ്ങി ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥയും സംവിധാനവും ഹരികുമാറിന് വലിയ പ്രശംസ നേടിക്കൊടുത്തു. 1994ൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരികുമാർ ഒരുക്കിയ സുകൃതം ഏറെ നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ്. മമ്മൂട്ടി, ഗൗതമി,മനോജ് കെ ജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായ ചിത്രം ദേശീയ പുരസ്‌കരം നേടി.
2005ലും 2008ലും ദേശീയ പുരസ്‌കാര ജൂറി അംഗമായി പ്രവർത്തിച്ചു. സ്വയംവര പന്തൽ, പുലർവെട്ടം,പറഞ്ഞുതീരാത്ത വിശേഷങ്ങൾ, സദ്‌ഗമയ എന്നിവ മറ്റ് പ്രധാന ചിത്രങ്ങളാണ്. ചന്ദ്രികയാണ് ഭാര്യ.