തന്റെ കരിയറിൽ ഷാഫി ആകെ സംവിധാനം ചെയ്തത് 18 സിനിമകളാണ്. അവയിൽ ഒന്ന് തമിഴ് ചിത്രവും. എന്നാൽ, പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് ഷാഫി മലയാളികൾക്ക് സമ്മാനിച്ചത്. സംവിധായകൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും അദ്ദേഹം ജന്മംനൽകിയ കഥാപാത്രങ്ങൾ ഇന്നും ജനമനസുകളിൽ കൂടുതൽ തെളിച്ചത്തോടെ ജീവിക്കുകയാണ്. ഷാഫിയുടെ സിനിമകളിലെ പല ഡയലോഗുകളും പിന്നീട് മലയാളികൾ തങ്ങളുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്യങ്ങളായി മാറി.
വെറുതെ ഒരു തവണ കണ്ട് ചിരിച്ച് മറക്കാൻ ഉള്ളവയായിരുന്നില്ല ഷാഫിയുടെ തമാശ കഥാപാത്രങ്ങൾ. ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് ഏത് ടാസ്കും ഒറ്റയ്ക്ക് ഏറ്റെടുത്ത് എപ്പോഴും പരാജയപ്പെടാറുള്ള മിസ്റ്റർ പോഞ്ഞിക്കരയെയും (കല്യാണരാമൻ) നാക്കിൻറെ ബലത്തിൽ ജീവിക്കുന്ന സ്രാങ്കിനെയും (മായാവി) ഭയം അനുഭവിച്ച് ചിരി വിതറിയ ദശമൂലം ദാമുവിനെയും (ചട്ടമ്പിനാട്) ഫൈനാൻഷ്യറായ മണവാളനെയുമൊന്നും (പുലിവാൽ കല്യാണം) മലയാളി സിനിമ കാണുന്ന കാലത്തോളം മറക്കില്ല.
ഷാഫിക്കുവേണ്ടി റാഫി മെക്കാർട്ടിനും ബെന്നി പി നായരമ്പലവും ഉദയകൃഷ്ണയും സിബി കെ തോമസും അടക്കമുള്ളവർ എഴുതിയ തിരക്കഥകളിൽ ഇടംപിടിച്ച രസികൻ കഥാപാത്രങ്ങൾ സിനിമയിൽ നായകന്മാരോളം പ്രാധാന്യത്തോടെ നിറഞ്ഞാടി. കാലം ചെന്നപ്പോൾ അതാത് സിനിമകളിലെ നായകന്മാരേക്കാൾ പ്രേക്ഷകർ ആഘോഷിച്ചത് ഈ കഥാപാത്രങ്ങളെയാണെന്നതും കൗതുകകരം. സിനിമകളുടെ മൊത്തം കഥയേക്കാൾ എപ്പിസോഡ് സ്വഭാവത്തിൽ സിറ്റ്വേഷനുകൾ അടർത്തിയെടുത്താലും, ചിരിക്കാൻ ആവോളമുണ്ടാവും എന്നതായിരുന്നു ഷാഫി അടക്കമുള്ള സംവിധായകരുടെ സിനിമകളിലെ പ്രത്യേകത.
ഷാഫിയുടെ സിനിമകളിലെ കഥാപാത്രങ്ങൾക്കൊപ്പം സംഭാഷണങ്ങളും സന്ദർഭങ്ങളുമൊക്കെ മലയാളി നിത്യജീവിതത്തിൽ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തളരരുത് രാമൻകുട്ടീ എന്നും എന്തിനോ തിളയ്ക്കുന്ന സാമ്പാർ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗം തന്നെയായി മാറി. ചട്ടമ്പിനാടിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി വിടവാങ്ങുന്നത്.