തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രങ്ങളാണ് 'ഇന്ത്യൻ' രണ്ടാം ഭാഗവും,,,മൂന്നാം ഭാഗവും. ഇതോടൊപ്പം തന്നെ തെലുങ്കിലെ രാംശരണിനെ നായകനാക്കി 'Game Changer' എന്ന ചിത്രവും ശങ്കർ സംവിധാനം ചെയ്തു വരുന്നുണ്ട്. ഇതിൽ ഇന്ത്യൻ രണ്ടും, മൂന്നും ഭാഗങ്ങൾ അടുത്തടുത്ത് റിലീസാകാനിരിക്കുകയാണ്. ഈ ചിത്രങ്ങൾക്ക് ശേഷം ശങ്കർ സംവിധാനം ചെയ്യാനിരിക്കുന്നത് ബിഗ് ബഡ്ജറ്റ് ചിത്രമായ 'വേൽപാരി'യാണ്. തമിഴിൽ അഞ്ച് ഭാഗങ്ങളായി സു.വെങ്കിടേശൻ എഴുതിയ ഒരു നോവലാണ് 'വേൽപാരി'. ഇതിനെ ആസ്പദമാക്കി അതേ പേരിൽ ശങ്കർ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് 'വേൽപാരി'. ഈ ചിത്രം കുറിച്ചുള്ള പ്രസ്താവനയെ ശങ്കർ തന്നെ കുറച്ചു മാസങ്ങൾക്ക് മുൻപ് പുറത്തുവിട്ടിരുന്നു. അപ്പോൾ ഈ ചിത്രത്തിൽ സൂര്യ അഭിനയിക്കാൻ താല്പര്യം കാണിച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ശങ്കർ ഇതുവരെ ഈ ചിത്രത്തിലേക്കുള്ള താരങ്ങളെ കുറിച്ചുള്ള പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഒരുപാട് കഥാപാത്രങ്ങൾ അണിനിരക്കുന്ന തിരക്കഥയാണത്രെ 'വേൽപാരി'.
ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ഈയിടെ ശങ്കർ, നടൻ അജിത്തുമായി തന്റെ അടുത്ത ചിത്രത്തിനായുള്ള ചർച്ചകൾ നടത്തിയ വിവരം കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. രജനികാന്ത്, കമൽഹാസൻ, വിക്രം, വിജയ്, അർജുൻ, പ്രശാന്ത് തുടങ്ങിയ താരങ്ങളെയെല്ലാം അണിനിരത്തി സിനമകൾ സംവിധാനം ചെയ്തിട്ടുള്ള ശങ്കർ ഇതുവരെ അജിത്തിനെ നായകനാക്കി ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല. അതേ സമയം അജിത്തിന് ശങ്കർ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണം എന്ന താല്പര്യവുമുണ്ട്. അതിനാൽ ശങ്കറും, അജിത്തും ഒന്നിക്കുന്ന ഒരു ചിത്രം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അത് 'വേൽപാരി' തന്നെയായിരിക്കുമോ, അല്ലെങ്കിൽ വേറെ ചിത്രമായിരിക്കുമോ എന്നുള്ള കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. കാരണം 'വേൽപാരി' രണ്ടോ മൂന്നോ ഭാഗങ്ങളായി എടുക്കേണ്ട ചിത്രമാണെന്നും, ആയിരം കോടിയോളം ബഡ്ജറ്റ് ആവശ്യമുള്ള ചിത്രമാണെന്നും പറയപെടുന്നുണ്ട്. എങ്ങനെയായാലും ശങ്കർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ അജിത്ത് ഉണ്ടായിരിക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. അജിത് ഇപ്പോൾ 'വിടാമുയർച്ചി', 'ഗൂഗ് ബാഡ് അഗ്ളി' എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ 'വിടാമുയർച്ചി'യുടെ ചിത്രീകരണം തീരാറായി. 'ഗൂഗ് ബാഡ് അഗ്ളി'യുടെ ചിത്രീകരണം ഒരു ഷെഡ്യൂൾ കഴിഞ്ഞു അടുത്ത ഷെഡ്യൂൾ തുടങ്ങുവാനുള്ള തയാറെടുപ്പുകൾ നടത്തിവരികയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അജിത്ത്, 'ഗൂഗ് ബാഡ് അഗ്ളി'യുടെ ചിത്രീകരണം തീർത്തു വരുമ്പോഴേക്കും ശങ്കർ 'Game Changer' ചിത്രത്തിന്റെ ചിത്രീകരണവും തീർത്തുവരികയും അതിനെ തുടർന്ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്.