മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ജഗള റിലീസിന് എത്തിയപ്പോള്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജഗളയ്ക്കൊപ്പം നടത്തിയ യാത്രയെക്കുറിച്ച് സംവിധായകന്‍ ശ്രീദേവ് കപൂര്‍ തുറന്നു സംസാരിക്കുന്നു.
ജഗളയ്ക്കുവേണ്ടി എടുത്ത തയ്യാറെടുപ്പുകള്‍ സാധാരണ ഒരു വാണിജ്യ സിനിമ ചെയ്യുന്നതിനേക്കാള്‍ തയ്യാറെടുപ്പും പഠനങ്ങളും ആഴത്തില്‍ ജഗളയ്ക്കുവേണ്ടി എടുത്തിരുന്നു. പ്രത്യേകിച്ച് നൂറ് വര്‍ഷം പഴക്കമുള്ള ഒരു കഥാപരിസരം റീക്രിയേറ്റ് ചെയ്യുക എന്നതുതന്നെ ഒരു ഫിലിം മേക്കറെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. വായനയിലൂടെ കിട്ടുന്ന അറിവുകളും ആ കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പിന്‍തലമുറക്കാരില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ മാത്രമാണ് നമുക്ക് റഫറന്‍സ് എന്ന രീതിയില്‍ എടുക്കാന്‍ കഴിയുകയുള്ളൂ. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് അത്രമാത്രം അനുഭവങ്ങള്‍ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഇത്തരം ഒരു കഥയുമായി എത്തുമ്പോള്‍ ബാക്കിയെല്ലാം സാങ്കല്‍പ്പികം മാത്രമാണ്.

അന്നവര്‍ സംസാരിച്ചിരുന്ന ഭാഷ, അവരുടെ ഇടപെടല്‍, അവരുടെ നിറം തുടങ്ങിയവ. ജഗളയുടെ സ്വഭാവം അതിന്‍റെ കളര്‍ ടോണാണ്. അത് നമ്മള്‍ ടെക്നിക്കലി ഉണ്ടാക്കിയെടുത്തതല്ല. ഈ സിനിമ കമ്മിറ്റ് ചെയ്യുന്നത് സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ആണ്. ഇതിന്‍റെ കളര്‍ടോണിന് വേണ്ടി മാര്‍ച്ച് ഏപ്രില്‍ മാസം വരെ ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്യാന്‍ കാത്തിരുന്നു. അങ്ങനെയൊരു ഡ്രൈ പരിസരം തന്നെ വേണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അത് പഴയകാലം കണ്‍വിന്‍സ് ചെയ്യാന്‍ ഏറെ സഹായിച്ചു. നേരത്തെയും മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ജഗളയെ സംബന്ധിച്ച് ഫിക്ഷണല്‍ എലമെന്‍റുകള്‍ കൂടുതലാണ്.
സിനിമകണ്ട പലരും സിനിമയുടെ മേക്കിങ്ങിനെക്കുറിച്ച് സംസാരിച്ചു. ഇതുവരെ കാണാത്ത വീടുകളും തറവാടുകളും ഇടവഴികളും വേണമെന്നുള്ളതുകൊണ്ട് വളരെയധികം സമയം എടുത്താണ് അതെല്ലാം കണ്ടെത്തിയത്. അതുപോലെ, ജഗളയിലെ ഓരോ അഭിനേതാവിനെയും ചിത്രത്തിന്‍റെ ബാക്ക് ഡ്രോപ്പിലൂടെ കടന്നുപോകുന്ന അഭിനേതാക്കള്‍ക്കുപോലും കഥയുടെ കാലഘട്ടവുമായി സംവദിക്കാന്‍ സാധിക്കുന്നുണ്ട്. അതെല്ലാം അത്രമാത്രം സൂക്ഷ്മതയോടെ ചെയ്തതാണ്. അതെല്ലാം സിനിമ കണ്ടവര്‍ സംസാരിക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ സന്തോഷമുണ്ട്.
ചെറിയ ബഡ്ജറ്റില്‍ ഒരു പീരിയോഡിക് സിനിമ
നൂറുവര്‍ഷം പഴക്കമുള്ള ഒരു സിനിമ ചെയ്യുമ്പോള്‍ എങ്ങനെ ചെറിയ ബഡ്ജറ്റില്‍ ചെയ്തുതീര്‍ക്കാമെന്ന് ഉള്ളതിനുള്ള ഒരു ഉദാഹരണവും മാതൃകയുമാണ് ജഗള. ആധുനിക സാങ്കേതികതയൊന്നും ജഗളയില്‍ അധികം ഉപയോഗപ്പെടുത്തിയിട്ടില്ല. അത് കണ്ടെത്തിയ ലൊക്കേഷനുകളിലെല്ലാം പഴമയുണ്ടെന്നത് കൊണ്ടാണ്. അതിന് ഫിലിം മേക്കര്‍ എന്ന നിലയില്‍ വലിയൊരു എഫര്‍ട്ട് ഉണ്ടായിരുന്നു. റിസ്ക്ക് എടുത്തിരുന്നതുകൊണ്ട് തന്നെ സിനിമ എത്തിയപ്പോള്‍ ആ കാലഘട്ടത്തിനോട് നീതി പുലര്‍ത്തിയെന്നാണ് കണ്ടിറങ്ങിയവര്‍ പറഞ്ഞത്. വലിയൊരു താരനിര ഇല്ലെങ്കിലും ഇതില്‍ അഭിനയിച്ചവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. ഇതുവരെയും സിനിമാ സെറ്റുകളില്‍ വരെ പോവാത്തവര്‍ നമ്മുടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് അത്രയധികം എഫര്‍ട്ട് എടുത്താണ് അവരെയെല്ലാം കണ്ടെത്തിയത്. അത് ഞങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നെങ്കിലും അത്രയധികം പുതുമയുള്ള മുഖങ്ങളെ നമുക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു.

ചിയാ മുസ്ലിയാര്‍ക്ക് കിട്ടുന്ന കൈയടി
മലയാളത്തിലെ മഹാന്മാരായ നെടുമുടി ച്ചേട്ടനും മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, തിലകന്‍ച്ചേട്ടന്‍ തുടങ്ങി ശക്തരായ ആര്‍ട്ടിസ്റ്റുമാര്‍ ചെയ്യേണ്ട ഒരു കഥാപാത്രമാണ് ചിയാ മുസ്ലിയാരുടേത്. അതൊരു പുതുമുഖത്തെ വച്ച് ചെയ്യിപ്പിക്കുക എന്നതുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായിരുന്നു. ആരും എടുക്കാത്ത ഒരു പരീക്ഷണമായിരുന്നു ഞാന്‍ എടുത്തത്. ലത്തീഫ് കുറ്റിപ്പുറം എന്ന താരതമ്യേന പുതിയൊരാളെ ചിയാ മുസ്ലിയാരായി കാസ്റ്റ് ചെയ്തുവെന്നത് എന്നെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. സിനിമ പറയുന്ന വിഷയം അതേ ആഴത്തില്‍ പ്രേക്ഷകരുമായി സംവദിക്കുന്നത് ചിയാ മുസ്ല്യാരുടെ കഥാപാത്രത്തിലൂടെയാണ്. അത് അദ്ദേഹം മനോഹരമായി ചെയ്തെന്ന് കണ്ടിറങ്ങിയവര്‍ പറയുമ്പോള്‍ സന്തോഷമുണ്ട്.
പുരസ്കാര വേദികളില്‍ തഴയപ്പെട്ടു
സിനിമ പറഞ്ഞ വിയോജിപ്പുകളാണ് പുരസ്കാരവേദികളില്‍ നിന്ന് തഴയപ്പെട്ടതെന്നാണ് എനിക്ക് വ്യക്തിപരമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. മലബാര്‍ കലാപം പോലെയൊരു വിഷയം ഇനിയിവിടെ ചര്‍ച്ച ചെയ്യപ്പെടരുതെന്ന് ഒരുകൂട്ടം ആള്‍ക്കാര്‍ക്ക് നിര്‍ബന്ധം ഉണ്ടായതുപോലെ തോന്നിയിരുന്നു. ജൂറിക്ക് ആണെങ്കില്‍ സിനിമ നല്ല സിനിമയാണ്, നല്ല മേക്കിങ്ങാണ്, സ്ക്രീന്‍ ചെയ്യപ്പെടേണ്ട സിനിമയാണെന്ന് തോന്നിയിട്ടുണ്ടാകും. എന്നാല്‍, ഇതിവിടെ ചര്‍ച്ച ചെയ്യണ്ട ഒന്നല്ല എന്നൊരു നിലപാട് ഉള്ളതുപോലെയായിരിക്കും കാര്യങ്ങള്‍. പക്ഷേ ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് പരാതിയില്ല. കാരണം ജൂറിയുടെ തീരുമാനം അന്തിമമാണല്ലോ. ഈ സിനിമയില്‍ മനുഷ്യരുടെയും വിശപ്പിന്‍റെയും പക്ഷത്തുനിന്നാണ് ഞാന്‍ ഈ സിനിമ ചെയ്തത്. അല്ലാതെ വിവാദപരമായി ഒരു ചര്‍ച്ചയുണ്ടാക്കണമെന്ന ലക്ഷ്യം ഞങ്ങള്‍ക്കില്ലായിരുന്നു. പക്ഷേ വേദികളില്‍ തഴയപ്പെട്ടതിന് പിന്നിലെ രാഷ്ട്രീയം ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.