NEWS

ഇന്ന് ഡിസിപ്ലിന്‍ വളരെ കുറവാണ്... -Reena

News

ലയാള സിനിമ മദ്രാസ് നഗരത്തില്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന കാലത്ത് സിനിമാരംഗത്തേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്ന അഭിനയമോഹമുള്ളവരും സംവിധാനമോഹമുള്ളവരും കേരളത്തില്‍ നിന്നും മദിരാശിയിലേക്ക് ചേക്കേറുകയായിരുന്നു പതിവ്.

എന്നാല്‍, പില്‍ക്കാലത്ത് മലയാള സിനിമ കേരളത്തിലെ മണ്ണിലേക്ക് വന്നുതുടങ്ങിയതോടെ സിനിമാപ്രവര്‍ത്തകര്‍ മിക്കവരും ചെന്നൈ വിട്ട് കൊച്ചിയിലേക്കും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുവന്നുതുടങ്ങിയിരുന്നു. കുറച്ചുപേര്‍ ഇപ്പോഴും ചെന്നൈ നഗരത്തില്‍ തന്നെ തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ആ ഗണത്തില്‍പെടുന്ന ഒരാളാണ് നടി റീന. ഇടക്കാലത്ത് റീന എറണാകുളത്തു വന്ന് താമസം തുടങ്ങിയെങ്കിലും നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ചെന്നൈയിലേക്ക് തിരിച്ചുപോയി.

മമ്മിയും സഹോദരനും ഉള്‍പ്പെടുന്ന കുടുംബം കുട്ടിക്കാലം മുതല്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയതിനാല്‍ റീനയ്ക്കും ചെന്നൈ ജീവിതം തന്നെയായിരുന്നു പ്രിയപ്പെട്ടത്. സിനിമയുടെ വര്‍ക്കുള്ള സമയത്ത് അതാത് സ്ഥലങ്ങളില്‍ വരികയും തിരിച്ചുപോകുകയും ചെയ്യുന്ന രീതി ഇഷ്ടപ്പെടുന്ന റീന മലയാള സിനിമയുടെ സ്പന്ദനങ്ങളെല്ലാം അറിഞ്ഞുകൊണ്ടുതന്നെ അവിടെ ജീവിക്കുന്നു. അതുമാത്രവുമല്ല, ചെന്നൈയില്‍ തമിഴ് സീരിയലില്‍ അഭിനയിക്കുന്നുമുണ്ട്. മലയാളത്തിലും ഏഷ്യാനെറ്റിന്‍റെ ഒരു സീരിയലില്‍ അഭിനയിക്കുവാന്‍ എല്ലാമാസവും റീന തിരുവനന്തപുരത്ത് വന്നുപോകുന്നുണ്ട്.

റീന പറയുന്നു-

കൊച്ചിയിലെ സൗദിയിലാണ് അമ്മവീട്. അച്ഛന്‍റെ വീട് മംഗലാപുരമാണ്. ഞങ്ങള്‍ ചെറുപ്പകാലം മുതല്‍ ചെന്നൈയിലാണ്. അവിടെയാണ് പഠിച്ചതും വളര്‍ന്നതും. സിനിമയ്ക്കുവേണ്ടി മദ്രാസിലേക്ക് ചേക്കേറിയതല്ല. ബേസ് കംപ്ലീറ്റ് മദ്രാസ് തന്നെയാണെന്ന് പറയാം. സ്ക്കൂള്‍ വെക്കേഷന്‍ ടൈമിലും ഷൂട്ടിംഗിനായി എറണാകുളത്ത് വരുമ്പോഴും ഒക്കെ സൗദിയില്‍ വന്ന് ഗ്രാന്‍റ് മദറിനെക്കണ്ട് തിരിച്ചുപോകുമായിരുന്നു.

എന്‍റെ ഡാഡിയും മമ്മിയും ഈയടുത്ത നാളുകളിലായിരുന്നു ഞങ്ങളെ വിട്ടുപോയി. നിത്യവും അവരുമൊത്തുള്ള ഓര്‍മ്മകളെല്ലാം ചെന്നൈ നഗരത്തില്‍ ബാക്കിയായി നില്‍ക്കുന്നു. അതുകൊണ്ട് ചെന്നൈയോട് യാത്ര പറഞ്ഞ് മറ്റൊരിടത്തേയ്ക്ക് പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല. എന്‍റെ സഹോദരനും ഭാര്യയും മകളുമെല്ലാം ചെന്നൈയില്‍ എന്നോടൊപ്പമുണ്ട്.

നസീര്‍ സാര്‍, സോമേട്ടന്‍, വിന്‍സന്‍റ്, സുധീര്‍, മധുസാര്‍... തുടങ്ങിയ നടന്മാര്‍ നിറഞ്ഞാടിയ കാലത്ത് അവര്‍ക്കൊപ്പം അഭിനയിച്ച നടിയാണല്ലോ റീന. മലയാള സിനിമയിലെ മാറ്റത്തെക്കുറിച്ചും അന്നത്തെ സിനിമാക്കാലത്തെക്കുറിച്ചും പറയാമോ?

ഈ പറഞ്ഞ നായകനടന്മാര്‍ക്കൊപ്പം ഞാന്‍ കൂടുതലും അനിയത്തിവേഷങ്ങളാണ് ചെയ്തിരുന്നത്. നസീര്‍ അങ്കിളിനൊപ്പം കുറെ അനിയത്തികഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ നിര്‍മ്മിച്ച സിനിമയില്‍ മാത്രമാണ് നസീര്‍ അങ്കിളിന്‍റെ ഓപ്പോസിറ്റായി അഭിനയിച്ചത്. അക്കാലത്തെ സിനിമകളില്‍ പിന്നെ എന്‍റെ ജോഡിയായി അഭിനയിച്ചിട്ടുള്ളത് സുധീറാണ്.

അന്നത്തെ സിനിമാ ഇന്‍ഡസ്ട്രിയും ഇന്നത്തെ സിനിമയും തമ്മില്‍ ഒരുപാട് ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഷൂട്ടിംഗ് ഷെഡ്യൂള്‍ എന്നുപറയുന്നത് 12 ദിവസം അല്ലെങ്കില്‍ 15 ദിവസം. മാക്സിമം ഇരുപത് ദിവസം. അതിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ണ്ണമാകും. ചെന്നൈയിലാണെങ്കില്‍ സ്റ്റുഡിയോ ഫ്ളോറുകളിലായിരിക്കും എല്ലാ സിനിമകളുടെയും ചിത്രീകരണം നടക്കുക. കേരളത്തിലേക്ക് വന്നാല്‍ മെരിലാന്‍റ് സ്റ്റുഡിയോയിലോ ഉദയാ സ്റ്റുഡിയോയിലോ ഷൂട്ട് നടക്കും. ഔട്ട് ഡോര്‍ ചിത്രീകരണം ഇടയ്ക്ക് മാത്രമാകും കാണുക. അതുചുരുക്കമായിരിക്കും.

പിന്നെ, ഡിസിപ്ലിന്‍റെ കാര്യമാണ് പ്രധാനം. ഇന്ന് ഡിസിപ്ലിന്‍ വളരെ കുറവാണ്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഡിസിപ്ലിന്‍ വളരെ കാത്തുസൂക്ഷിക്കുന്നവരാണ്. അതുകൊണ്ടൊക്കെ ത്തന്നെയാണ് അവര്‍ ഇന്നും സക്സസ്ഫുള്ളായി നില്‍ക്കുന്നത്.


LATEST VIDEOS

Interviews