ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന താരത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.
1952 ഓഗസ്റ്റ് 25 ന് കെ.എൻ.അളഗർസ്വാമിയുടെയും ആണ്ടാൾ അളഗർസ്വാമിയുടെയും മകനായി മധുരയിൽ ജനിച്ച വിജയകാന്തിന്റെ ഔദ്യോഗിക പേര് വിജയരാജ് അളഗർസ്വാമി എന്നാണ്. 1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തിയത്. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന ‘ക്ഷോഭിക്കുന്ന യുവാവിനെ’ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു.
നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം സ്ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകൻ ഷണ്‍മുഖ പാണ്ഡ്യനായിരുന്നു നായകൻ.