തമിഴിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് പരേതനായ മഹേന്ദ്രൻ. ഇദ്ദേഹം സംവിധാനം ചെയ്ത 'മുള്ളും മലരും' 'ജോണി', 'കൈ കൊടുക്കും കൈ' തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചത് രജനികാന്ത് ആയിരുന്നു. രജനികാന്തിന്റെ പ്രിയപ്പെട്ട സംവിധായകനായിരുന്നു മഹേന്ദ്രൻ. അതിന് പ്രത്യേക കാരണം അദ്ദേഹത്തിന്റെ സംവിധാനത്തിൽ രജനികാന്ത് അഭിനയിച്ച 'മുള്ളും മലരും' എന്ന ചിത്രം രജിനികാന്തിന് നൽകിയ അംഗീകാരമായിരുന്നു. അങ്ങിനെയുള്ള മഹേന്ദ്രൻ സംവിധാനം ചെയ്ത ഒരു സിനിമയിൽ മലയാള നടനായ ജയനൊപ്പം അഭിനയിക്കാൻ രജനികാന്ത് വിസമ്മതിച്ചു എന്നാൽ വിശ്വസിക്കാനാകുന്നുണ്ടോ? 'മുള്ളും മലരും' 'ഉതിരിപ്പൂക്കൾ' എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് 'പൂട്ടാത്ത പൂട്ടുക്കൾ'. തമിഴ് സിനിമയിലെ പ്രശസ്ത കഥാകൃത്തും, നിർമ്മാതാവുമായ പഞ്ചു അരുണാചലം നിർമ്മിച്ച്, ഇളയരാജ സംഗീതം നൽകിയ ചിത്രമാണ് ഇത്. ഈ സിനിമയിൽ രജനികാന്തും, അപ്പോൾ മലയാള സിനിമയിൽ സൂപ്പർതാരമായി തിളങ്ങിക്കൊണ്ടിരുന്ന ജയനും അഭിനയിക്കുമെന്നായിരുന്നു പുറത്തുവന്ന വാർത്തകളും, പരസ്യങ്ങളും. എന്നാൽ ഈ സിനിമയിൽ ജയനൊപ്പം അഭിനയിക്കാൻ രജനികാന്ത് വിസമ്മതിച്ചു. അതിന് പ്രധാനമായി രണ്ട് കാരണങ്ങളായിരുന്നു. തമിഴകത്തിൽ രജനികാന്തിനെപ്പോലെ മലയാളത്തിൽ ജയൻ ഒരു ആക്ഷൻ ഹീറോയായി വളർന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ജയനോടൊപ്പം, രജനികാന്ത് അഭിനയിക്കുകയാണെങ്കിൽ അനാവശ്യമായ താരതമ്യങ്ങൾ ഉണ്ടാക്കും. ഇതിനെ ഒഴിവാക്കാനാണ് രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചത് എന്നതാണ് ഒരു കാരണം. മറ്റൊരു കാരണം, ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ കഥയിലെ നായകനായി വാരുന്ന ഉപ്പിലി എന്ന കഥാപാത്രം മികച്ച കായികതാരവും, പേശീബലവും, ശരീരഘടനയും ഉള്ള ഒരാളാണ്. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹത്തിന് ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള കഴിവോ, ശക്തിയോ ഇല്ല. അതിന്റെ ഫലമായി വിവാഹിതനായ ത്യാഗു എന്ന ഒരു യുവാവ് ഉപ്പിലിയുടെ ഭാര്യുമായി അടുപ്പത്തിലാകുന്നു. പിന്നീട് എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രത്തിന്റെ തിരകഥ! ഇതിൽ ത്യാഗു എന്ന കഥാപാത്രം രജിനികാന്തിനെകൊണ്ട് അവതരിപ്പിക്കാനാണ് മന്ദ്രൻ തീരുമാനിച്ചിരുന്നത്. എന്നാൽ പുരുഷത്വമില്ലാത്ത ഒരുത്തന്റെ ഭാര്യയെ ചതിക്കുന്നവനായി അഭിനയിക്കാൻ രജനികാന്ത് ഇഷ്ടപെട്ടില്ലത്രെ! ഇതായിരുന്നു ജയനൊപ്പം രജനികാന്ത് അഭിനയിക്കാൻ വിസമ്മതിച്ചതിനുള്ള രണ്ടാമത്തെ കാരണം. ഈ ചിത്രത്തിൽ 'ഉപ്പിലി' എന്ന കഥാപാത്രത്തെ ജയൻ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യയായി ചാരുലതയാണ് അഭിനയിച്ചത്. സുന്ദർ രാജാണ് തിയാഗു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഈ ചിത്രം ഫ്ലോപ്പ് ആയിരുന്നു. മഹേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രജനികാന്ത് ജയനൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച കാര്യം അപ്പോൾ വലിയ വാർത്തയായിരുന്നു.