തമിഴിലെ പ്രശസ്ത നടനും, നടന്മാരായ സൂര്യ, കാർത്തി എന്നിവരുടെ പിതാവുമായ ശിവകുമാറും, സുജാതയും കഥാനായകനും, കഥാനായകിയുമായും അഭിനയിച്ചു പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'അന്നക്കിളി'. ഈ ചിത്രമാണ് ഇളയരാജ സംഗീതം നൽകിയ ആദ്യത്തെ ചിത്രം. 1976-ൽ റിലീസായ ഈ ചിത്രവും, ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായതോടെ ഇളയരാജ ജന ശ്രദ്ധ നേടി. പിന്നീടങ്ങോട്ട് സിനിമാ സംഗീതത്തിൽ ഇളയരാജയുടെ കാലം തന്നെയായിരുന്നു. ഒരു വർഷത്തിൽ ഇരുപതു, ഇരുപത്തഞ്ചു ചിത്രങ്ങൾക്ക് വരെ സംഗീതം നൽകിയ തിരക്കുള്ള സംഗീത സംവിധായകനായി മാറി ഇളയരാജ. ഇദ്ദേഹം സംഗീതം നൽകിയ നൂറാമത്തെ ചിത്രമാണ് 'മൂടുപനി'. പ്രശസ്ത സംവിധായകനും, ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്ര സംവിധാനം ചെയ്തു 1980-ൽ പുറത്തുവന്ന ചിത്രമാണ് 'മൂടുപനി'. സൈക്കോ ത്രില്ലർ സിനിമയിലേക്കുള്ള ആദ്യ വഴികാട്ടിയായി പുറത്തുവന്ന ചിത്രം കൂടിയാണ് 'മൂടുപനി' എന്ന് അപ്പോൾ പറയപ്പെട്ടിരുന്നു. ഈ ചിത്രത്തിൻ്റെ സംഗീതസംവിധാനത്തിനിടെയാണ് ദിലീപ് എന്ന ബാലൻ ഇളയരാജയുടെ കീബോർഡ് പ്ലെയറായി ഗ്രൂപ്പിൽ ചേർന്ന് സംഗീത ലോകത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. അങ്ങിനെ അന്ന് 'മൂടുപനി' എന്ന ചിത്രത്തിൽ ഇളയരാജക്കൊപ്പം കീബോർഡ് പ്ലെയറായി പ്രവർത്തിച്ച ദിലീപ് എന്ന ബാലനാണ് പിന്നീട് ഒരേ സമയം 2 ഓസ്കാർ പുരസ്‍കാരങ്ങൾ വരെ നേടിയ എ.ആർ. റഹ്‌മാൻ എന്ന, ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മഹാ വ്യക്തിയായി മാറിയത്. അങ്ങിനെയാണ് 'മൂടുപനി' ഇളയരാജയുടെ നൂറാമത്തെ ചിത്രമായും, എ.ആർ. റഹ്‌മാന്റെ ആദ്യത്തെ ചിത്രമായും മാറിയത്.