തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ ധനുഷ് ഇപ്പോൾ 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. 'റോക്കി' എന്ന ചിത്രം സംവിധാനം ചെയ്ത അരുൺ മാതേശ്വരൻ സംവിധാനം ചെയ്തുവരുന്ന ഈ ചിത്രത്തിൽ നായികയായി പ്രിയങ്ക മോഹനനാണ് അഭിനയിക്കുന്നത്.തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'സത്യജ്യോതി ഫിലിംസ്' നിർമ്മിക്കുന്ന ഈ സിനിമ ദീപാവലിക്ക് റിലീസാകുമെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിന് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ 50-മത്തെ ചിത്രമാണ്. തൽക്കാലമായി 'D-50' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷ് തന്നെയാണ്. കലാനിധി മാരന്റെ 'സൺ പിക്ചേഴ്സ്' ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ വിവരങ്ങളെല്ലാം മുൻപ് നാനയിൽ നൽകിയിരുന്നു.
ഈ ചിത്രത്തിന്റെ പ്രാരംഭ ജോലികൾ ദ്രുതഗതിയിൽ നടന്നു വരുന്ന സാഹചര്യത്തിൽ ചിത്രം കുറിച്ച് മറ്റുചില വമ്പൻ അപ്ഡേറ്റുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിക്കാൻ തമിഴ് സിനിമയിലെ പ്രശസ്ത നടന്മാരായ എസ്.ജെ.സൂര്യ, വിഷ്ണു വിശാൽ, സന്ദീപ് കിഷൻ, മലയാളി താരങ്ങളായ തുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നും, ചിത്രത്തിന് സംഗീതം ഒരുക്കുവാൻ എ.ആർ.റഹ്‌മാനെയാണ് കരാർ ചെയ്തിരിക്കുന്നത് എന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
ധനുഷ് തന്നെ തിരക്കഥ എഴുതിയിട്ടുള്ള ഈ ചിത്രം 100 കോടിയോളം മുതൽ മുടക്കിൽ, വടക്കൻ ചെന്നൈയെ ആസ്പദമാക്കിയുള്ള ഗ്യാങ്സ്റ്റർ കഥയായിട്ടാണ് ഒരുങ്ങുന്നത് എന്നും പറയപ്പെടുന്നുണ്ട്. ഇതിനു മുൻപ് ധനുഷ് 'പവർ പാണ്ടി' എന്ന ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. രാജ്കിരൺ, രേവതി, പ്രസന്ന, മഡോണ സെബാസ്റ്റ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ ധനുഷും ഒരു മുഖ്യ കഥാപാത്രത്തിൽ അഭിനയിച്ചിരുന്നു. ബോക്സ് ഓഫീസിൽ വൻ വിജയമായ ഈ ചിത്രത്തിനെ തുടർന്ന് ധനുഷ് സംവിധാനം ചെയ്യാനിരിക്കുന്ന 'D-50'യുടെ ഔദ്യോഗിക റിപ്പോർട്ടുകൾ അടുത്തുതന്നെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.