കന്നഡ സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ യാഷ്, 'KGF', 'KGF-2' എന്നീ ചിത്രങ്ങൾ മൂലം ഇന്ത്യയിൽ മാത്രമല്ലാതെ വിദേശ രാജ്യങ്ങളിലും പ്രശസ്തനായ നടനാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ റിലീസായി ലോകമെമ്പാടുമായി 1000 കോടിയിലധികം കളക്ഷൻ നേടിയ 'KGF-2'ന് ശേഷം യാഷിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി യാഷ് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ പല വലിയ സംവിധായകരിൽ നിന്നും കഥകൾ തേടിയിരുന്നു. എന്നാൽ ഒരു കഥയും യാഷിന് ഇഷ്ടപ്പെട്ടില്ല എന്നാണ് പറയപ്പെടുന്നത്. കെ.ജി.എഫ്' ചിത്രങ്ങളിൽ നിന്ന് ലഭിച്ച പ്രശസ്തി നിലനിർത്തുന്നതു മാതിരിയുള്ള ഒരു കഥക്കായി യാഷ് കാത്തിരിക്കുമ്പോഴാണത്രെ മലയാളി നടിയും, സംവിധായികയുമായ ഗീതു മോഹൻദാസ് യാഷിനെ കാണുകയും, ഒരു കഥ പറയുകയും ചെയ്തത്. ഗീതു മോഹൻദാസ് പറഞ്ഞ കഥ യാഷിനെ വളരെയധികം ആകർഷിക്കുകയും, അതിനെ തുടർന്ന് രണ്ടു പേരും ചേർന്ന് സിനിമാ ചെയ്യാനും ധാരണയായത്രേ! ഇതിനെ തുടർന്നാണ് യാഷ് അടുത്ത് അഭിനയിക്കുന്ന അതായത് യാഷിന്റെ 19-മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളി താരമായ ഗീതു മോഹൻദാസാണെന്നുള്ള വാർത്തകൾ തെന്നിന്ത്യൻ സിനിമാ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.
നിരവധി മലയാള ചിത്രങ്ങളിൽ നായികയായി വേഷമിട്ട ഗീതു മോഹൻ ദാസ്, രണ്ടു മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 'ലയേഴ്‌സ് ടൈസ്' എന്ന ഹിന്ദി ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിച്ച ഗീതു മോഹൻദാസിന് ഈ ചിത്രം മുഖേന ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ഇതിന് ശേഷം നിവിൻ പോളി നായകനായ 'മൂത്തോൻ' എന്ന ചിത്രവും സംവിധാനം ചെയ്ത ഗീതു മോഹൻദാസ് അടുത്ത് യാഷിനെ നായകനാക്കി ചെയ്യുന്ന ചിത്രവും ഒരു ആക്ഷൻ ചിത്രമായിട്ടാണത്രെ ഒരുക്കുന്നത്. യാഷും, ഗീതു മോഹൻദാസും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും എന്നാണു പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ! യാഷിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ ഗീതു മോഹൻദാസ് ആണെന്ന് പുറത്തുവന്നിരിക്കുന്ന വാർത്ത തമിഴ്, തെലുങ്ക്, കന്നഡ സിനിയമയിലെ പ്രഗൽഭ സംവിധായകന്മാർക്കിടയിൽ സംസാര വിഷയമായിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.