NEWS

സാക്ഷാൽ ദർശന പോലും കണ്ട് ഞെട്ടിയ ജയ ഹേയിലെ ‘കുട്ടി ദർശന’ ആരെന്നറിയാമോ?

News

തിയറ്ററിലും ഒടിടിയിലും ഒരുപോലെ സൂപ്പർഹിറ്റായ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ബേസിലും ദർശനവും തകർത്ത് എന്ന് തന്നെ പറയാവുന്ന ഒരു ചിത്രം. ചിത്രത്തിൽ ദർശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ ചിന്മയ വിദ്യാലയത്തിലെ 6ാം ക്ലാസ് വിദ്യാർഥി അഗ്നിമിത്രയാണ് ആ കൊച്ചു മിടുക്കി. അഗ്നിമിത്ര ഒരു റോളർ സ്കേറ്റിങ് താരം കൂടിയാണ്. സ്കേറ്റിങ് കോച്ചായ അച്ഛൻ തന്നെയാണ് അഗ്നിമിത്രയുടെ കോച്ച്. 

ജ്വല്ലറി ബിസിനസ്സ് ചെയ്യുന്ന കോഴിക്കോട് സ്വദേശി ബൈജുവിന്റെയും രസ്നയുടെയും മൂത്ത മകൾ ആണ് അഗ്നിമിത്ര. ഹൃദയം എന്ന സിനിമ ഇറങ്ങിയത് മുതൽ അഗ്നിമിത്രയ്ക്ക് ദർശന എന്ന വിളിപ്പേര് ഉണ്ടായിരുന്നു. അതിനിടയാണ് ജയ ഹേ യുടെ ഓഡിഷൻ കോൾ വന്നത്. 

ഒറ്റനോട്ടത്തിൽ തന്നെ ദർശനയുടെ സാമ്യം, ദർശന ചെറുതായാൽ എങ്ങനെ ആയിരിക്കും അതുപോലെ തോന്നുന്നത്ര പെർഫെക്റ്റ് കാസ്റ്റിങ് ആയിരുന്നു അഗ്നിമിത്രയുടേത്. ഓഡിഷനിൽ തിരഞ്ഞെടുത്ത കുട്ടിക്ക് ദർശനയുമായുള്ള സാമ്യം കണ്ട് യഥാർഥ ദർശന പോലും ഞെട്ടിപോയി എന്ന് ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ് പറയുന്നു. ദർശനയുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾക്ക് ഇപ്പോഴത്തെ ദർശനയുമായി ഒരു സാമ്യവുമില്ലെന്നും വിപിൻ ദാസ് പറഞ്ഞു.

‘‘ജയ ജയ ജയ ജയ ഹേയുടെ ഓഡിഷൻ നടക്കുമ്പോൾ ദർശനയുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ ഒരു കുട്ടിയെ വേണമെന്ന് പറഞ്ഞിരുന്നു. രണ്ടുമൂന്നു കുട്ടികൾ വന്നതിൽ നിന്നാണ് കോഴിക്കോട് സ്വദേശിനി അഗ്നിമിത്രയെ തിരഞ്ഞെടുത്തത്. ആ കുട്ടിക്ക് ദർശനയുമായുള്ള സാമ്യം കണ്ട് ദർശന ഉൾപ്പടെ ഞങ്ങളെല്ലാവരും അതിശയിച്ചുപോയി. ദർശനയുടെ ചെറുപ്പത്തിലെ പടങ്ങളിലൊന്നും ഇപ്പോഴത്തെ ദർശനയുടെ ഛായ ഇല്ല. ചുരുണ്ട മുടി പോലും ഇല്ല. അതുകൊണ്ട് ദർശനയുടെ കുട്ടിക്കാലം കാണിച്ചപ്പോൾ അഗ്നിമിത്രയുടെ കുഞ്ഞിലെയുള്ള ചിത്രങ്ങളാണ് ഉപയോഗിച്ചത്. ഈ കുട്ടിയുടെ ഒരു പടമെടുത്ത് കയ്യിൽ വച്ചോളൂ, കുട്ടിക്കാലത്തെ ഫോട്ടോ ആരെങ്കിലും ചോദിച്ചാൽ ഇത് കാണിക്കാം എന്ന് ഞങ്ങൾ ദർശനയോട് പറഞ്ഞു. അഗ്നിമിത്ര ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. ഒരു വൈമനസ്യവും കാണിക്കാതെ പറയുന്നതൊക്കെ കുട്ടി നന്നായി ചെയ്യുന്നുണ്ടായിരുന്നു.’’– വിപിൻ‌ദാസ് പറയുന്നു.

അഗ്നിമിത്രയും ബന്ധുവും ടിക്‌ടോക് വിഡിയോകൾ ചെയ്യുമായിരുന്നു. അഭിനയത്തിൽ അത്ര പരിചയമേ ഉണ്ടായിരുന്നുള്ളെങ്കിലും മകൾക്ക് ദർശനയുമായി സാമ്യമുള്ളതുകൊണ്ട് ഓഡിഷന് പോയി നോക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് അഗ്നിമിത്രയുടെ അച്ഛൻ ബൈജു പറയുന്നു. ചിത്രം റിലീസ് ചെയ്തതിനു ശേഷം വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്.

ഇനി എന്റെ ചെറുപ്പകാലവും എന്റെ മകളുമൊക്കെയായി അഭിനയിക്കാൻ അഗ്നിമിത്ര തന്നെ മതിയെന്ന് ദർശന പറഞ്ഞുവെന്നും ബൈജു പറയുന്നു. അഗ്നിമിത്രയ്ക്ക് ദേവശിൽപ എന്ന ഒരു അനുജത്തിയാണ് ഉള്ളത്.


LATEST VIDEOS

Top News