തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളും, എപ്പോഴും ചർച്ചകളിലകപ്പെടുന്ന ഒരു നടനുമായ സിമ്പു അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'തഗ് ലൈഫ്' ആണ്. മണിരത്നവും, കമൽഹാസനും 37 വർഷങ്ങൾക്കു ശേഷം ഒന്നിച്ചൊരുക്കി വരുന്ന ഈ ചിത്രത്തിൽ സിമ്പു കമൽഹാസനൊപ്പം ഒരു പ്രധാന കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 'തഗ് ലൈഫി'ൻ്റെ ചിത്രീകരണം അവസാനിച്ചെങ്കിലും സിമ്പുവിന്റെ അടുത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇത് വരെ പുറത്തുവന്നിട്ടില്ല. മുൻപ് കമൽഹാസൻ നിർമ്മിക്കുകയും, ദേസിങ്കു പെരിയസാമി സംവിധാനം ചെയ്യുകയും ചെയ്യുന്ന ഒരു ചിത്രത്തിൽ സിമ്പു അഭിനയിക്കുതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ ചിത്രം നിർമ്മിക്കാൻ വലിയ ഒരു ബഡ്ജറ്റ് ആവശ്യമായി വന്നതിനാൽ കമൽഹാസൻ ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്ന് പിൻവാങ്ങുകയാണ് ചെയ്തത്. അതിനെ തുടർന്നാണ് സിമ്പുവിന് 'തഗ് ലൈഫി'ൽ അഭിനയിക്കാനുള്ള അവസരം കമൽഹാസൻ നൽകിയത്. ഇങ്ങിനെയുണ്ടായ സാഹചര്യങ്ങളെ തുടർന്നാണ് സിമ്പുവിന്റെ അടുത്ത ചിത്രം കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവരാതിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ, സൂപ്പർഹിറ്റ് ചിത്രമായ 'ഓ മൈ കടവുളേ' എന്ന ചിത്രം സംവിധാനം ചെയ്ത, ഇപ്പോൾ പ്രതീപ് രംഗനാഥനെ നായകനാക്കിയും, അനുപമ പരമേശ്വരനെ നായകിയാക്കിയും 'ഡ്രാഗൺ' എന്ന ചിത്രം സംവിധാനം ചെയ്തുവരുന്ന അശ്വത് മാരിമുത്തുവിൻ്റെ സംവിധാനത്തിലാണത്രെ സിമ്പു അടുത്ത് അഭിനയിക്കുന്നത്. 'ഡ്രാഗൺ' എന്ന ചിത്രം നിർമ്മിക്കുന്ന എ.ജി.എസ്. തന്നെയാണത്രെ ഈ ചിത്രവും നിർമ്മിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്