പൃഥ്വിരാജും, നയൻതാരയും ഒന്നിച്ച ‘ഗോൾഡ്’ എന്ന ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ തമിഴിലാണ് ചിത്രം ഒരുക്കുന്നത് എന്ന വാർത്ത മുൻപ് നാനയിൽ നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ കഥാനായകനായി അഭിനയിക്കുന്ന താരത്തിന്റെയും, ചിത്രത്തിന്റെ പേരും പുറത്തുവന്നിട്ടുണ്ട്. 'ഗിഫ്റ്റ്' എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നായകനായി അഭിനയിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത ഡാൻസറും, നടന സംവിധായകനുമായ സാൻഡിയാണ്. ചിത്രീകരണം പുരോഗമിച്ചുവരുന്ന ഈ ചിത്രത്തിൽ സാൻഡിക്കൊപ്പം കോവൈ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്. 'റോമിയോ പിക്ചേഴ്സ്' എന്ന ബാനറിൽ രാഹുലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. ചിത്രത്തിൽ ഏഴ് പാട്ടുകൾ ഉണ്ടാകുമെന്നും അതിൽ ഒരു ഗാനം ഇളയരാജ ആലപിക്കുമെന്നും റിപ്പോർട്ടുണ്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'നേരം', 'പ്രേമം' എന്നീ ചിത്രങ്ങൾ തമിഴ് പ്രേക്ഷകരെയും ആകർഷിച്ചു തമിഴ്നാട്ടിലും സൂപ്പർഹിറ്റായതിനാൽ അൽഫോൺസ് പുത്രൻ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ഈ ചിത്രം ആരാധകർക്കിടയിൽ വൻ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്!