തമിഴിൽ റിലീസായി സൂപ്പർഹിറ്റായ 'ഇറുതിചുട്രു', 'സൂരറൈ പോട്രു' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു ശ്രദ്ധ നേടിയ സംവിധായികയാണ് സുധാകൊങ്കര. ഇപ്പോൾ 'സൂരറൈ പോട്രു' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് സുധകൊങ്കര സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിൽ സൂര്യ ചെയ്ത കഥാപാത്രം ഹിന്ദിയിൽ അക്ഷയ് കുമാരാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് 'സർബിര' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രം ജൂലൈ 12ന് തിയേറ്ററുകളിലെത്തും. ഈ സിനിമയെ തുടർന്ന് സൂര്യയെ നായകനാക്കി 'പുറനാനൂറ്' എന്ന ചിത്രമാണ് സുധാകൊങ്കര സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ഈ ചിത്രത്തിൽ ഹിന്ദി വിരുദ്ധ ഉള്ളടക്കമുള്ളതിനാൽ ചിത്രത്തിൽ ചില തിരുത്തലുകൾ വരുത്തണമെന്ന് സൂര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിരസിച്ച സുധാ കൊങ്കര സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. അതിന് ശേഷമാണ് സൂര്യ, കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്.
ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് സുധാകൊങ്കര തന്റെ അടുത്ത ചിത്രത്തിനായുള്ള ഹീറോയെ തിരഞ്ഞെടുത്തിരിക്കുന്നത്. 'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രമാണത്രെ സുധാ കൊങ്കരയുടെ അടുത്ത ചിത്രത്തിലെ നായകൻ! ഇപ്പോൾ മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'ടൈസൻ' എന്ന ചിത്രത്തിലാണ് ധ്രുവ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം നവംബർ മുതൽ സുധാകൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് അഭിനയിക്കും എന്നാണ് റിപ്പോർട്ട്. ഇത് സംബന്ധമായുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.