'തടം', 'ധാരാള പ്രഭു' എന്നീ സിനിമകളിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധ നേടിയെടുത്ത നായികനടിയാണ് താന്യാഹോപ്പ്. തെലുങ്ക് സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കന്നട സുന്ദരി താന്യാഹോപ്പ് ഇപ്പോള്‍ തീവ്ര ശ്രദ്ധചെലുത്തുന്നത് തമിഴിലാണ്. അടുത്തിടെ പുറത്തിറങ്ങിയ 'ലേബിള്‍' എന്ന വെബ്സീരീസും അഭിനയജീവിതത്തില്‍ താന്യാഹോപ്പിന് പുതിയൊരു കവാടം തുറന്നുകൊടുത്തിരിക്കയാണ്. തന്‍റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
തമിഴില്‍ മാത്രം കഴിഞ്ഞവര്‍ഷം രണ്ട് സിനിമകള്‍ റിലീസായി. കൂടാതെ ഒരു വെബ്സീരീസും. എന്തുതോന്നുന്നു?
വളരെ വളരെ സന്തോഷം തോന്നുന്നു. ഹൃദയപൂര്‍വ്വം എന്‍റെ നന്ദി അറിയിച്ചുകൊള്ളുകയും ചെയ്യുന്നു. എനിക്ക് അവസരങ്ങള്‍ തന്നതിന് തമിഴ് ഫിലിം ഇന്‍ഡസ്ട്രിക്കും ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. കലയ്ക്ക് ഭാഷയില്ല എന്നല്ലേ പറയാറ്. അന്യഭാഷയില്‍ നിന്നും തമിഴ് സിനിമയില്‍ അഭിനയിക്കാനെത്തിയ എത്രയോ പേരെ തമിഴ് ജനത ചുവപ്പുപരവതാനി വിരിച്ച് സ്വീകരിച്ച് ഉന്നതങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അവരില്‍ ഒരാളായിട്ടാണ് എന്നെയും അവര്‍ കാണുന്നത്. എനിക്ക് കിട്ടിയ ഭാഗ്യം. എന്‍റെ അടുത്ത സിനിമകളിലൂടെ തമിഴ് ആരാധകരെ ഞാന്‍ എന്‍റര്‍ടെയിന്‍ ചെയ്തുകൊണ്ടേയിരിക്കും.
സന്താനത്തോടൊപ്പം അഭിനയിച്ച 'കിക്ക്' ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. അത് പ്രതീക്ഷിച്ച വിജയം നേടാത്തതില്‍ വിഷമമുണ്ടോ...?
ചെറുതായിട്ട് വിഷമമുണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍ ഒരു മുഴുനീള കോമഡി സിനിമ ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ട് ആ സിനിമയില്‍ ഞാന്‍ വളരെയധികം പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ? ജയവും പരാജയവുമൊക്കെ ഉണ്ടെന്നറിഞ്ഞിട്ടാണല്ലോ ഈ ഫീല്‍ഡിലേക്ക് വന്നത്.
അടുത്ത പ്രോജക്ടുകള്‍?
സത്യരാജ് സര്‍, വസന്ത് രവി എന്നിവര്‍ക്കൊപ്പം 'വെപ്പണ്‍' എന്ന സിനിമയില്‍ അഭിനയിച്ചു. 'രണം' എന്ന സിനിമയില്‍ വൈഭവിന്‍റെ ജോഡിയായി അഭിനയിച്ചു.
കുറച്ചുകാലമായി തെലുങ്കില്‍ അഭിനയിക്കുന്നില്ലല്ലോ?
എന്നെത്തേടി വരുന്ന എല്ലാ ഓഫറുകളും ഞാന്‍ സ്വീകരിക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കഥ നന്നായിരിക്കണം. കഥാപാത്രവും. വെറുതെ വന്ന് പോകുന്ന ഹീറോയിനായി, അലങ്കാരവസ്തുവായി അഭിനയിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ല. വ്യത്യസ്തമായ കഥകളില്‍ അഭിനയിച്ചാലേ ആരാധകരുടെ മനസ്സില്‍ ഇടം പിടിക്കാനാവൂ.
ഹോര്‍സ്(കുതിര) റൈഡിംഗില്‍ കമ്പമുണ്ടെന്ന് കേട്ടു. അതെങ്ങനെയുണ്ടായി...?
എന്‍റെ കുടുംബത്തിലെ എല്ലാവരും ഹോര്‍സ് റൈഡേഴ്സാണ്. ഞങ്ങള്‍ക്കത് ഹോബിയാണ്. പരിശീലനത്തിന്‍റെ തുടക്കസമയത്ത് ഒരിക്കല്‍ ഞാന്‍ കുതിരപ്പുറത്തുനിന്നും വീണിട്ടുണ്ട്. ഇടുപ്പില്‍ പരിക്ക് പറ്റി ഒരാഴ്ച എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ കിടന്നുപോയി. എങ്കിലും കുതിരയെ ഓടിക്കുവാനുള്ള ആഗ്രഹം വിടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ നന്നായി പഠിച്ചു. വീട്ടിലുള്ളപ്പോള്‍ ദിവസവും മുക്കാല്‍ മണിക്കൂര്‍ 'ഹോര്‍സ് റൈഡ്' ചെയ്യും.
ഇതുവരെ നടത്തിയ ഡേറ്റിംഗില്‍ വളരെ രസകരമായ ഡേറ്റിംഗ് ഏതായിരുന്നു?
ഡേറ്റ് ചെയ്യാന്‍ ഒരു നല്ല പയ്യനെ ആദ്യം കിട്ടേണ്ടേ.. ഇതുവരെ അങ്ങനെ ആരെയും ഞാന്‍ കണ്ടുമുട്ടിയില്ല. പക്ഷേ, ഡേറ്റിംഗ് പോകാന്‍ ആഗ്രഹമുണ്ട്. ഗ്രീസിലേക്ക് പോകണം. അവിടുത്തെ ബീച്ചും ആ വെള്ളത്തിന്‍റെ നിറവുമൊക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ്. It will be more romantic..
സിനിമയിലായതുകൊണ്ടുള്ള താന്യയുടെ പ്ലസും മൈനസും ഏതൊക്കെയാണ്?
സിനിമയില്‍ ഞാന്‍ ജോലി ചെയ്യുന്നു. ഞാന്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും കാണാന്‍ കഴിയും. മറ്റുള്ള മേഖലകളില്‍ ജോലി ചെയ്യുമ്പോള്‍ അത് എല്ലാവര്‍ക്കും അറിയാന്‍ കഴിയില്ല. അത് ഞാന്‍ പ്ലസായി കാണുന്നു. മൈനസായി ഞാന്‍ കരുതുന്നത് സ്വകാര്യജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നതാണ്. പ്രത്യേകിച്ച് റൊമാന്‍സ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍. എനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ടെങ്കില്‍ അയാള്‍ക്കത് ഇഷ്ടപ്പെടില്ല. തീര്‍ച്ചയായും അതൊരു മൈനസാണ്.