എല്ലാത്തിനോടും പ്രതികരിക്കാൻ ചലച്ചിത്ര പ്രവർത്തകർ ന്യായാധിപന്മാരല്ലെന്ന് നടൻ ടൊവിനോ തോമസ്. നേരത്തെ പലതിനോടും പ്രതികരിച്ചിട്ടുണ്ട്. കയ്യടി നേടാൻ എല്ലാ ദിവസവും പ്രതികരിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു. നീലവെളിച്ചം സിനിമയുടെ ഗൾഫ് പ്രദർശനവുമായി ബന്ധപ്പെട്ട് ദുബായിൽ സംസാരിക്കുകയായിരുന്നു താരം.
താൻ പ്രതികരിച്ചാൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ ഉറക്കമെണീറ്റയുടൻ പ്രതികരിക്കാം. സിനിമാ പ്രവർത്തകർ തങ്ങളുടെ സിനിമകളിലൂടെ കൃത്യമായി പ്രതികരിച്ചുവരുന്നു. എങ്കിലും ഞാനന്ന് പ്രതികരിച്ചതെല്ലാം ഇന്നും എന്റെ സമൂഹമാധ്യമ പേജുകളിൽ ഉണ്ട്. ഒന്നും പിന്നീട് ഡിലീറ്റ് ചെയ്തിട്ടില്ല. പ്രതികരിക്കുന്ന കലാകാരന്മാരെല്ലാം അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിച്ചു. പ്രതികരിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരെല്ലാം തന്നെ അന്ന് തങ്ങൾക്ക് നേരെ വിരൽചൂണ്ടിയിട്ടുണ്ട്. മോശമായുള്ള സന്ദേശം സിനിമയിലൂടെ കൊടുക്കാതിരിക്കുക എന്ന കാര്യം മാത്രമേ സിനിമാ കലാകാരൻ ശ്രദ്ധിക്കേണ്ടതുള്ളൂ.- ടൊവിനോ പറഞ്ഞു.
വിനോദം മാത്രമാണ് സിനിമകളിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. പക്ഷെ മോശമായൊരു സന്ദേശം സിനിമകളിലൂടെ കൊടുക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു അഭിനേതാവ് എന്ന നിലയിൽ പല കാര്യങ്ങളും ഇപ്പോഴും ആളുകളുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിക്കാറുണ്ട്. അതിനപ്പുറത്തേക്ക് താൽപര്യമില്ല. വിമർശനങ്ങൾ ഉണ്ടാകുമെന്ന് കരുതി മിണ്ടാതിരിക്കാറുമില്ല. സംഭവങ്ങൾ മാറിമറിയുകയും വാദി പ്രതിയാവുകയും ചെയ്യുന്ന ആലോചിച്ച് മാത്രമേ അഭിപ്രായം പറയാൻ ഞാൻ ശ്രമിക്കാറുള്ളൂവെന്നും ടൊവിനോ കൂട്ടിച്ചേർത്തു.