NEWS

ഗുരുവായൂരപ്പനെ ദര്‍ശിച്ച യേശുദാസ്

News

 'നാന' കുടുംബാംഗങ്ങളില്‍ ഒരാളെന്ന നിലയില്‍ ദശാബ്ദങ്ങളുടെ സൗഹൃദം പങ്കിടുന്ന ഡോ. എം.വി. പിള്ള  ( Clinical Professor of Oncology, USA) പ്രതിവര്‍ഷത്തില്‍ നാല് മുതല്‍ ആറുമാസത്തോളം കേരളത്തില്‍ ചെലവിടുന്ന  വ്യക്തിയാണ്. പ്രശസ്ത നടന്മാരായ പൃഥ്വിരാജിന്‍റെയും ഇന്ദ്രജിത്തിന്‍റെയും അമ്മാവനും നടി മല്ലികയുടെ സഹോദരന്‍ കൂടിയായ അദ്ദേഹത്തിന് ഈ സന്ദര്‍ശനങ്ങള്‍ അമ്മമടിത്തട്ടില്‍ വന്നെത്തുന്ന പ്രതീതിയും സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കലിന്‍റെ മധുരവേളകളുമാകുന്നു.

അങ്ങനെ 2023 ഡിസംബറിലെ ഒരു  സന്ദര്‍ശനസമയം സംസാരത്തില്‍ യാദൃച്ഛികമായി യേശുദാസും കടന്നുകൂടി. അമേരിക്കന്‍ വാസികളായ ഇരുവരും നിത്യം പരസ്പരം കണ്ടുമുട്ടുന്നവരാണ്.

ഡള്ളാസില്‍ മലയാളികളായ പലരുടേയും കൂട്ടായ്മയുടെ ഫലമായി ഒരു ഗംഭീര ഗുരുവായൂര്‍ മോഡല്‍ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുണ്ട്. പ്രായത്തിന്‍റേതായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മനസ്സിന് ഏറെ സംതൃപ്തിയേകുന്ന തരത്തില്‍ ഗുരുവായൂര്‍ ദര്‍ശനം മുടക്കം കൂടാതെ തുടരാന്‍ ഈ സന്നിധി ഒരു അനുഗ്രഹം തന്നെയാണ്.

അങ്ങനെ ദാസേട്ടനും ഡോക്ടറും തമ്മിലുള്ള ഒരു സന്ദര്‍ശനവേള.

'ഡോക്ടര്‍ കേരളത്തിലെ ഗുരുവായൂരില്‍ എനിക്ക് പ്രവേശനം നിഷിദ്ധമാണല്ലോ. ഇവിടെയെങ്കിലും ദര്‍ശനഭാഗ്യം സിദ്ധിക്കുവാന്‍ മാര്‍ഗ്ഗമുണ്ടോ.'

യേശുദാസിന്‍റെ ആവശ്യം കേട്ട മാത്രയില്‍ തന്നെ ഡോക്ടര്‍ ഒരു സെക്കന്‍റ് പോലും ആലോചിക്കാതെ പറഞ്ഞു.

'തീര്‍ച്ചയായും.  ഉടന്‍തന്നെ അതാകാമല്ലോ.' 

'ഗുരുവായൂരപ്പനെ ശാരീരത്താല്‍ അനേകായിരം പ്രണാമങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള യേശുദാസ് ഗുരുവായൂരപ്പ സന്നിധിയിലെത്തുമ്പോള്‍ അവിടെയുള്ളവരുടെ മനസ്സും ഹൃദയവും സന്തോഷത്താല്‍ നിറയുമല്ലോ.' ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പോഴാണ് യേശുദാസ് മറ്റൊരു അഭ്യര്‍ത്ഥന മുന്നോട്ടുവച്ചത്.

'അതേ... അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടം ഇല്ലാതെ, അധികമാരും അറിയാതെ സ്വസ്ഥമായി ദര്‍ശനഭാഗ്യം കിട്ടണമെന്നാണ് ആഗ്രഹം...'

ഡോക്ടര്‍ക്ക് ആ മനസ്സിന്‍റെ ആഗ്രഹം മനസ്സിലാക്കാനായി. അദ്ദേഹം മറുപടി പറഞ്ഞു.

'പ്രവൃത്തിദിനങ്ങളിലെ തിരക്ക് പൊതുവേ അവധി ദിനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവാണ്. നമുക്ക് നിര്‍മ്മാല്യദര്‍ശനം തന്നെ ആകാം. ആരും ഉണ്ടാവില്ല'.

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലെന്നപോലെ യേശുദാസിന് സന്തോഷമായി. ക്ഷേത്രത്തിലെ മേല്‍ശാന്തിയോട് ഡോക്ടര്‍ ഈ സന്ദര്‍ശനവിവരം നേരത്തെ അറിയിച്ചു. ഒപ്പം ദാസിന് പ്രസാദം നല്‍കുമ്പോള്‍ കൂട്ടത്തില്‍ ഒരു ഓടക്കുഴലും വയ്ക്കണമെന്ന് പറയുകയും ചെയ്തു.'

അതൊന്നുമറിയാതെ യേശുദാസ് ഡള്ളാസ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കണ്ണനെ കണ്‍കുളിര്‍ക്കെ, മനസ്സുനിറയെ സന്നിധിയില്‍ തൊഴുതു. പ്രസാദം കിട്ടി. ഒപ്പം ഒരു ഓടക്കുഴലും.

അതിശയത്തോടെ യേശുദാസ് ഡോക്ടറോട് ചോദിച്ചു-

'ഇവിടെ പ്രസാദത്തിനോടൊപ്പം ഓടക്കുഴല്‍ നല്‍കുന്ന പതിവുണ്ടോ?'

ഡോക്ടര്‍ മറുപടി നല്‍കി.

'ഇല്ല.. ഇത് അങ്ങേയ്ക്കായി പ്രത്യേകം ഒരുക്കിയതാണ്. അങ്ങ് മുമ്പൊരിക്കല്‍ പാടിയിട്ടുണ്ടല്ലോ-

ഗുരുവായൂമ്പല നടയില്‍
ഒരു ദിവസം ഞാന്‍ പോകും.....
ഗോപുരവാതില്‍ തുറക്കും
ഞാന്‍ ഗോപകുമാരനെ കാണും
ഓമല്‍ചൊടികള്‍ ചുംബിക്കും
ഓടക്കുഴല്‍ ഞാന്‍ ചോദിക്കും...
എന്ന്.'

1970 ല്‍ റിലീസായ ഒതേനന്‍റെ മകന്‍ എന്ന ചിത്രത്തില്‍ ജി. ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ വയലാറിന്‍റെ വരികള്‍ പാടിയത് കെ.ജെ. യേശുദാസാണ്.
ഗുരുവായൂരപ്പന്‍റെ ഭക്തരെല്ലാം നെഞ്ചിലേറ്റിയ ഈ ഗാനം മനസ്സില്‍ താലോലിച്ചിരുന്ന ഡോക്ടര്‍ തന്നെയാണന്ന് ആ വരികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. യേശുദാസിന് ഒരു സര്‍പ്രൈസായി ഒരു ഓടക്കുഴല്‍ ഗുരുവായൂരപ്പ സന്നിധിയില്‍ നിന്നും കിട്ടിയതിന്‍റെ സായൂജ്യം വാക്കുകള്‍ക്കതീതവുമായിരുന്നു.

ആ സന്നിധിയില്‍ മനമുരുകി പ്രാര്‍ത്ഥിച്ച യേശുദാസിന്‍റെ മറ്റൊരു അഭീഷ്ടം കൂടി അങ്ങനെ സഫലമാകുകയായിരുന്നു. അതിലൂടെ എണ്ണിയാലൊടുങ്ങാത്ത ഗുരുവായൂരപ്പ സവിശേഷതകള്‍ ദേശത്തും വിദേശത്തും ജനമനസ്സുകളില്‍ ഭക്തിപ്രഹര്‍ഷത്തിന്‍റെ അമൃതത്തിരമാലയുണര്‍ത്തുന്നു.


LATEST VIDEOS

Latest