വിടപറഞ്ഞ സംവിധായക പ്രതിഭ മോഹനന്റെ സ്മൃതികൾക്കു മുമ്പിൽ അർച്ചന നടത്തി ടൗൺഹാളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ദൃശ്യ മോഹനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
മനുഷ്യ ജീവിതത്തിന്റെ ആർദ്രഭാവങ്ങൾ ഏറ്റവും മനോഹരമായി പകർത്തിയ സംവിധായകനാണ് മോഹനൻ എന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായി. മോഹൻ ചലച്ചിത്ര പുരസ്‌കാരം ലിജോ ജോസ് പല്ലിശ്ശേരിക്ക് മന്ത്രി ബിന്ദുവും മോഹനന്റെ ഭാര്യ അനുപമ മോഹനും ചേർന്ന് സമ്മാനിച്ചു..
മലയാളത്തിലെ മധ്യവർത്തി സിനിമയുടെ പ്രധാനികളിൽ ഒരാളായ സംവിധായകൻ മോഹനന്റെ ഓർമ്മകളുമായി ഇരിഞ്ഞാലക്കുടയിൽ 'ദൃശ്യമോഹനം' സംവേദന ക്ഷമമായ ചലച്ചിത്രങ്ങളിലൂടെയും വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെയും മലയാള ചലച്ചിത്ര പ്രേക്ഷകരുടെ സൗന്ദര്യദർശനങ്ങളെയും കാഴ്ച്ചകളെയും വിപുലപ്പെടുത്തിയ സംവിധായകൻ മോഹൻ വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്ന വേളയിലാണ് ജന്മദേശമായ ഇരിങ്ങാലക്കുടയിൽ പൗരാവലി, മോഹൻ ഫൗണ്ടേഷൻ, സാംസ്‌കാരിക സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ദൃശ്യമോഹനം സംഘടിപ്പിച്ചത്.
പത്മരാജനും, കെ.ജി. ജോർജ്ജും, ഭരതനും ആഘോഷിക്കപ്പെടുമ്പോൾ അവരോടൊപ്പം സഞ്ചരിച്ച അവരോളം പ്രതിഭാശാലിയായ മോഹനെ കേരളം മനപ്പൂർവം വിസ്മരിക്കുകയാണെന്ന് സംവിധായകൻ കമൽ പറഞ്ഞു..
മലയാളം മധ്യവർത്തി സിനിമയിൽ കെ.ജി.ജോർജ്, ഭരതൻ, പത്മരാജൻ, എം. മോഹൻ എന്നിവരുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്.. ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതെ തന്റെ കലാപ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള വെള്ളം ചേർക്കലും നടത്താതെ സിനിമകൾ സംവിധാനം ചെയ്തുപോന്ന സംവിധായകനായിരുന്നു മോഹനെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു.. ജനപ്രിയവും കലാമൂല്യവും ഒരുമിച്ച് ചേർത്തുകൊണ്ട് മികച്ച സിനിമ അനുഭവങ്ങൾ സൃഷ്ടിച്ച സംവിധായകനായിരുന്നു മോഹനെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അഭിപ്രായപ്പെട്ടു..
സംവിധായകൻ പ്രേംലാൽ, പത്മരാജന്റെ മകനും കഥാകൃത്തുമായ അനന്തപത്മനാഭൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, കെ.ജി. വേണു, സി. ജി. പ്രദീപ,് മുൻ എം.എൽ.എ കെ. യു. അരുണൻ, സംഘാടകസമിതി ചെയർമാൻ യു. പ്രദീപ് മേനോൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. രാവിലെ നടന്ന മോഹനസ്മൃതിയിൽ മലയാള സിനിമ രംഗത്തെ പ്രമുഖരായ കലാകാരന്മാരും ആസ്വാദകരും അനുഭവങ്ങൾ പങ്കുവച്ചു....
ബാബുരാജ് പൊറത്തിശ്ശേരി