കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവാദം കനക്കുന്നു. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ ലിസ്റ്റുണ്ടെന്ന ബാബുരാജിന്റെ വെളിപ്പെടുത്തൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു നിഷേധിച്ചു. തന്റെ കയ്യിൽ പട്ടികയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താരങ്ങളുടെ ലഹരി ഉപയോഗം സംബന്ധിച്ച് നിർമ്മാതാക്കൾ രേഖാമൂലം ഒരുപരാതിയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലഹരി ഉപയോഗിക്കുന്നത് ആരൊക്കെയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അമ്മ ജനറൽ സെക്രട്ടറി പറഞ്ഞു.
''എന്റെ കൈയിൽ പട്ടികയൊന്നും ഇല്ല. നിർമാതാക്കൾ ഇതുവരെ രേഖാമൂലം പരാതിനൽകിയിട്ടില്ല. 'അമ്മ'യിലും ഇത് ചർച്ചയായിട്ടില്ല. പക്ഷേ, സിനിമയിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്'' -ഇടവേള ബാബു പറഞ്ഞു.
''സർക്കാർ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാൻ പാടില്ലെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോൾ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കർശനപരിശോധനയുണ്ടാകും'' -ഇടവേള ബാബു അറിയിച്ചു.