കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഷൂട്ടിങ് സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ. ഷൂട്ടിങ് സെറ്റുകളിൽ ഷാഡോ പൊലീസിനെ നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ വ്യക്തമാക്കി. സിനിമാവ്യവസായത്തിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഇതുവരെയും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് എടുക്കുന്നുണ്ട്. ആവശ്യമെങ്കിൽ പോലീസ് മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തിൽ എക്സൈസ് വിവരങ്ങൾ തേടുകയാണ്. താരസംഘടനയായ ‘അമ്മ’യിൽനിന്നടക്കം വിവരങ്ങൾതേടാനാണ് ശ്രമം. ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാൻ വിവിധ സിനിമാസംഘടനകൾ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സൈസും അന്വേഷണം ശക്തമാക്കുന്നത്.