മലയാളം ഒഴികെ തമിഴിലും, തെലുങ്കിലും അഭിനയിച്ചു വരുന്ന നടനാണ് ദുൽഖർ സൽമാൻ. തമിഴിൽ 'വായെ മൂടി പേശവും', 'ഓക്കേ കണ്മണി', 'കണ്ണും കണ്ണും കൊള്ളയടിത്താൽ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ദുൽഖർ സൽമാൻ, തെലുങ്കിൽ 'മഹാനടി', 'സീതാറാം', ഇന്നലെ റിലീസായ 'ലക്കി ഭാസ്കർ' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം വിജയമായതിനെ തുടർന്ന് തമിഴിലും, തെലുങ്കിലും ദുൽഖർ സൽമാനെ നായകനാക്കി സിനിമകൾ ചെയ്യാൻ ഒരുപാട് നിർമ്മാതാക്കൾ താൽപര്യം കാണിച്ച് വരികയാണെന്നുള്ള റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ അതിന്റെ ഭാഗമായാണ് ദുൽഖർ സൽമാൻ മറ്റൊരു പുതിയ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. 'കൽക്കി' ഉൾപ്പെടെ നിറയെ ചിത്രങ്ങൾ നിർമ്മിച്ച വൈജയന്തി ഫിലിംസ് നിർമ്മിക്കുന്ന 'ആകാശം ലോ ഒക്ക താര' എന്ന ചിത്രത്തിലാണ് ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിൽ നായകനായി അഭിനയിക്കുന്നത്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം സായ് പല്ലവിയാണ് നായികയായി അഭിനയിക്കുന്നത് എന്നുള്ള റിപ്പോർട്ടും ഉണ്ട്. ഇത് വാർത്ത ശരിയാണെങ്കിൽ ‘കലി’ എന്ന മലയാള സിനിമയ്ക്കു ശേഷം രണ്ടു പേരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. ഇന്നലെ ദീപാവലിയോടനുബന്ധിച്ചു റിലീസായ ദുൽഖർ സൽമാന്റെ 'ലക്കി ഭാസ്കർ' നല്ല അഭിപ്രായങ്ങളോടെ മുന്നേറികൊണ്ടിരിക്കുമ്പോഴാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.