നടൻ വിജയ്, സംഗീതയുടെ മകനായ ജെയ്‌സൺ സഞ്ജയ്, 2009-ൽ റിലീസായ വിജയ്‌യുടെ "വേട്ടൈക്കാരൻ' എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ വിജയ്‌യ്‌ക്കൊപ്പം നൃത്തം ചെയ്തിരുന്നു. അതിനാൽ സഞ്ജയ് പിന്നീട് നടനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുപോലെ തന്നെ മുതിർന്നപ്പോൾ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങളും അദ്ദേഹത്തിനെ തേടി വന്നുതുടങ്ങി. എന്നാൽ ജെയ്‌സൺ അവയെല്ലാം നിഷേധിക്കുകയാണുണ്ടായത്.
അതേസമയം, ജേസണ് കുട്ടിക്കാലം മുതൽ സംവിധായകനാകണമെന്ന ആഗ്രഹവുമുണ്ടായിരുന്നു.അങ്ങനെ, കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം ജെയ്‌സൺ സഞ്ജയ് കാനഡയിലേക്ക് പോയി, ചലച്ചിത്രസംവിധാനം, തിരക്കഥാരചന, ചലച്ചിത്ര സാങ്കേതിക വിദ്യകൾ എന്നിവ പഠിച്ചു. പിന്നീട് ഇംഗ്ലീഷിൽ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. അതിന് ശേഷം കഥ, തിരക്കഥയെഴുതി സംവിധായകനാകാൻ ശ്രമിച്ചു. അങ്ങിനെയാണ് 2023 ഓഗസ്റ്റ് 28-ന്, ജേസൺ സഞ്ജയ്ക്ക് 'ലൈക്ക പ്രൊഡക്ഷൻസ്" ബാനറിൽ ഒരു സിനിമ സംവിധാനം ചെയ്യുവാനുള്ള അവസരം വന്നതും, ലൈക്ക അത് കുറിച്ചുള്ള പ്രസ്താവന പുറത്തിറക്കിയതും.
എന്നാൽ അതിനുശേഷം സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പ്രഖ്യാപിക്കുകയുണ്ടായില്ല. എങ്കിലും അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ അഥർവ, കവിൻ, ധ്രുവ് വിക്രം തുടങ്ങിയ അഭിനേതാക്കളിൽ ഒരാളായിരിക്കും നായകനായി അഭിനയിക്കുക എന്നുള്ള വാർത്തകൾ തുടർന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചുവന്നിരുന്നു. എന്നാൽ ഇപ്പോൾ തമിഴ് സിനിമാ വൃത്തങ്ങളിൽ വേറെയൊരു വിഷയമാണ് പ്രചരിച്ചുവരുന്നത്. അതായത് ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് നായകനായി അഭിനയിക്കാൻ പോകുന്നത് എന്നതാണ്. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഇപ്പോൾ നടന്നു വരികയാണെന്നും, എല്ലാം ശരിയായാൽ, ജേസൺ സഞ്ജയ് സംവിധാനത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെതന്നെ ഉണ്ടാകുമെന്നുമാണ് പറയപ്പെടുന്നത്.