മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ തുടർന്ന് നായകനായി അഭിനയിച്ചു വരുന്ന താരമാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. ഇദ്ദേഹം അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം 'സീതാരാമം' ആണ്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയ ഈ ചിത്രത്തിനെ തുടർന്ന് ദുൽഖർ സൽമാൻ മറ്റൊരു തെലുങ്ക് സിനിമയിലും നായകനായി അഭിനയിക്കാനിരിക്കുകയാണ് എന്നുള്ള വാർത്ത കുറച്ചു ദിവസങ്ങൾക്കു മുൻപ് നാനയിൽ നൽകിയിരുന്നു. ഇപ്പോൾ ആ ചിത്രത്തിന്റെ ഔദ്യോഗിക വാർത്ത പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച്, ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് ഈയിടെ പുറത്തു വന്നു വൻ വിജയമായ 'വാത്തി' എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്‌ലൂരിയാണ്. തമിഴിലും, തെലുങ്കിലുമായി പുറത്തുവന്ന ഈ ചിത്രത്തിൽ ധനുഷ് ആയിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരിയും, ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ സിത്താര എന്റർടെയ്ൻമെന്റ്സാണ്. ഇനിയും പേരിടാത്ത ഈ ചിത്രത്തിലേക്കുള്ള മറ്റു നടീ, നടന്മാർ, സാങ്കേതിക പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമത്രേ! ദുൽഖർ സൽമാന് മലയാളത്തിലും, തമിഴിലും, തെലുങ്കിലും നല്ല മാർക്കറ്റ് ഉള്ളതിനാൽ ഈ ചിത്രം ഈ മൂന്ന് ഭാഷകളിലും പുറത്തുവരും എന്നും ഒരു റിപ്പോർട്ടുണ്ട്.