NEWS

'ഉലകനായകൻ' കമൽഹാസ്സനോടൊപ്പം ദുൽഖർ സൽമാനും, 'ജയം' രവിയും!

News

 'ഉലകനായകൻ' കമൽഹാസൻ ഇപ്പോൾ ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ-2'ലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം, H.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം തുടങ്ങിയവയാണ് കമൽഹാസ്സന്റേതായി അടുത്തടുത്ത് ഒരുങ്ങുവാനിരിക്കുന്ന സിനിമകൾ. ഇതിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രെ കമൽഹാസ്സൻ 'ഇന്ത്യൻ-2'ന് ശേഷം അഭിനയിക്കാനിരിക്കുന്നത്. 'നായകൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മണിരത്നവും, കമൽഹാസ്സനും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജനവരിയിൽ തുടങ്ങും എന്നാണു പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. അതിന്റെ ഭാഗമായി ചിത്രത്തിലേക്കുള്ള നടീ, നടന്മാരെ തിരഞ്ഞെടുക്കുന്ന ജോലികൾ ഇപ്പോൾ നടന്നു വരികയാണ്. കമൽഹാസന്റെ 234-മതത്തെ ചിത്രമായി ഒരുങ്ങുന്ന ഇതിനെ ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണത്രെ മണിരത്നം ഒരുക്കുന്നത്. അതിനാൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ താരങ്ങളെ അണിനിരത്താൻ മണിരത്നം തീരുമാനിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. അതിന്റെ ഭാഗമായി മലയാള സിനിമയിലെ പ്രശസ്ത നടനായ ദുൽകർ സൽമാനെയും, തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത നടനായ 'ജയം' രവിയേയും മണിരത്നം കരാർ ചെയ്തു എന്നാണ് പറയപ്പെടുന്നത്. മണിരത്നം സംവിധാനം ചെയ്ത 'ഓ കാതൽ കണ്മണി'യിലെ നായകൻ ദുൽഖർ സൽമാനായിരുന്നു. അതുപോലെ 'ജയം' രവി, ഈയിടെ പുറത്തുവന്നു വൻ വിജയമായ മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിൽ ഒന്നിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദുൽഖർ സൽമാനും, 'ജയം' രവിയും വീണ്ടും മണിരത്നത്തിനോടൊപ്പം ഒന്നിക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. അങ്ങിനെയാണെകിൽ കമൽഹാസ്സനോടൊപ്പം ദുൽഖർ സൽമാനും, ജയം രവിയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം കൂടിയായിരിക്കും ഇത്. ആദ്യം മണിരത്നം ഈ സിനിമയിലെ ഒരു പ്രധാന  കഥാപാത്രത്തിന് വേണ്ടി സിമ്പുവിനെ പരിഗണിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിമ്പു ഈ ചിത്രത്തിൽ അഭിനയിക്കാനുള്ള സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്. ഈ വാർത്തകളോട് കൂടിയ ചിത്രത്തിന്റെ മറ്റുള്ള വിവരങ്ങൾ അടുത്തുതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്നും പറയപെട്ടുന്നുണ്ട്.


LATEST VIDEOS

Top News