പ്രഭാസ്, അമിതാബ് ബച്ചൻ, കമൽഹാസൻ, ദീപികാ പദുകോൺ തുടങ്ങി വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് 'കല്‍ക്കി 2989 എഡി'. ഈ മാസം 27-ന് റിലീസാകാനിരിക്കുന്ന ഈ ചിത്രം നാഗ് അശ്വിൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ 'വൈജയന്തി മൂവീസാ'ണ്. തെലുങ്ക്, ഹിന്ദി തമിഴ് തുടങ്ങിയ ഭാഷകളിൽ പുറത്തുവരാനിരിക്കുന്ന ഈ ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ 'വേഫറർ ഫിലിംസാ'ണ് വിതരണം ചെയ്യുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. ഈയിടെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിന് . മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഏറ്റവും വലിയ വിജയ ചിത്രമായ 'സീതാ രാമം' നിർമ്മിച്ചതും വൈജയന്തി മൂവീസ് ആയിരുന്നു. അതുപോലെ ദുൽഖർ സൽമാന്റെ ആദ്യത്തെ തെലുങ്ക് സിനിമയായ 'മഹാനടി' സംവിധാനം ചെയ്തത് നാഗ് അശ്വിനാണ്.
ബിസി 3101-ല്‍ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണത്രെ 'കൽക്കി' ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത് ദീപികാ പദുകോണും, വില്ലനായി എത്തുന്നത് കമൽഹാസ്സനുമാണ് എന്നാണ് റിപ്പോർട്ട്. 'ബാഹുബലി' രണ്ടു ഭാഗങ്ങളുടെ വൻ വിജയത്തിനെ തുടർന്ന് പ്രഭാസ് അഭിനയിച്ച് പുറത്തുവന്ന ചിത്രങ്ങളെല്ലാം വൻ പരാജയമായിരുന്നു. എന്നാൽ 'കൽക്കി' വമ്പൻ വിജയമുകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആരാധകർ!